സ്വകാര്യത ലംഘിച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
text_fieldsമനാമ: വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ബഹ്റൈനിലെ ശിക്ഷാനിയമം കർശനമാണെന്നും സ്വകാര്യത ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിന്റെ 'അമാൻ' ബോധവത്കരണ പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ വിഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റൊരാളുടെ അനുമതിയില്ലാതെ അയാളുടെ വ്യക്തിപരമായ വിവരങ്ങൾ ചിത്രീകരിക്കുകയോ, റെക്കോഡ് ചെയ്യുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമപ്രകാരം കുറ്റകരമാണ്.
സംഭാഷണങ്ങൾ രഹസ്യമായി റെക്കോഡ് ചെയ്യുക, അനുമതിയില്ലാതെ ചിത്രങ്ങളെടുക്കുക, അല്ലെങ്കിൽ ഒരാളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഏതെങ്കിലും പ്ലാറ്റ്‌ഫോമിൽ പങ്കിടുക എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽവരും. നിയമത്തിലെ ആർട്ടിക്കിൾ 370 പ്രകാരം, ഇത്തരം പ്രവൃത്തികൾക്ക് അഞ്ച് വർഷം വരെ തടവും 5,000 ദിനാർ വരെ പിഴയും ലഭിക്കാം. അപകടത്തിൽപെട്ടവരുടെ ചിത്രങ്ങൾ എടുക്കുന്നതും, അനുചിതമായ സാഹചര്യങ്ങളിൽ ആളുകളെ ഫോട്ടോ എടുക്കുന്നതും ഈ നിയമത്തിന്റെ ലംഘനമാണ്.
അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നത് തന്നെ കുറ്റകരമാണ്. എന്നാൽ, ഇത് പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കൂടുതൽ ഗുരുതരമായ കുറ്റമായി കണക്കാക്കും. ഇത് ഒരാളുടെ സൽപ്പേരിനോ അന്തസ്സിനോ കളങ്കമുണ്ടാക്കിയാൽ ശിക്ഷയുടെ കാഠിന്യം കൂടും. എല്ലാ പൗരന്മാരുടെയും സ്വകാര്യത സംരക്ഷിക്കുന്നതിനാണ് ഈ നിയമം നിലനിൽക്കുന്നതെന്നും നിയമലംഘനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ അംഗങ്ങളെയും ദോഷങ്ങളിൽ നിന്നും ദുരുപയോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.