ഫ്ലാറ്റ് കൈമാറാൻ വൈകി; പ്രമുഖ നിർമാണ കമ്പനിക്കെതിരെ ഹൈ സിവിൽ കോടതിയുടെ കർശന നടപടി
text_fieldsമനാമ: ഫ്ലാറ്റ് കൈമാറാൻ മൂന്ന് വർഷത്തിലേറെ വൈകിയതിനെ തുടർന്ന് പ്രമുഖ നിർമാണ കമ്പനിക്കെതിരെ ബഹ്‌റൈൻ ഹൈ സിവിൽ കോടതിയുടെ കർശന നടപടി. കരാർ റദ്ദാക്കിയ കോടതി, ഫ്ലാറ്റ് വാങ്ങിയയാൾക്ക് 75,000 ദിനാർ തിരികെ നൽകാനും, കൂടാതെ 5,000 ദിനാർ നഷ്ടപരിഹാരവും കേസിന്റെ ചെലവുകളും നൽകാനും ഉത്തരവിട്ടു.
2022ൽ കൈമാറേണ്ടിയിരുന്ന ഫ്ലാറ്റിനായി 75,000 ദിനാർ നൽകിയ ഗൾഫ് പൗരനാണ് നീതി തേടി കോടതിയെ സമീപിച്ചത്. കരാർ അനുസരിച്ച് ഫ്ലാറ്റ് കൈമാറാത്തതിനെ തുടർന്നാണ് ഇദ്ദേഹം നിയമനടപടിക്കൊരുങ്ങിയത്. ഫ്ലാറ്റിന്മേൽ കടബാധ്യതകളും, ജപ്തിയും, പണയവും ഉൾപ്പെടെയുള്ള നിരവധി നിയമപരമായ പ്രശ്നങ്ങളുണ്ടെന്ന് കോടതി രേഖകളിൽ വ്യക്തമായി.
ഈ കരാറിനെ നിക്ഷേപമായി ചിത്രീകരിക്കാൻ കമ്പനി ശ്രമിച്ചെങ്കിലും, ഇത് വിൽപ്പന കരാറാണെന്ന് കോടതി വിധിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻറെ (സി.ബി.ബി) നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് കമ്പനി ഈ ഇടപാടിന് ശ്രമിച്ചതെന്നും കോടതി കണ്ടെത്തി. ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിയായതിനാൽ, സി.ബി.ബിയുടെ ലൈസൻസില്ലാതെ മറ്റുള്ളവർക്ക് വേണ്ടി നിക്ഷേപം നടത്താൻ കമ്പനിക്ക് അനുവാദമില്ലെന്നും കോടതി വ്യക്തമാക്കി.
വാങ്ങുന്നയാളെ പ്രതിനിധീകരിച്ച അഭിഭാഷക മറിയം അൽ ഖാജ, വിൽപ്പന റദ്ദാക്കാനും, പണം തിരികെ നൽകാനും, നഷ്ടപരിഹാരം ആവശ്യപ്പെടാനും കോടതിയിൽ അപേക്ഷിച്ചു. ഒടുവിൽ, കരാർ റദ്ദാക്കിയ കോടതി, 75,000 ദിനാർ തിരികെ നൽകാനും 5,000 ദിനാർ നഷ്ടപരിഹാരവും നിയമപരമായ എല്ലാ ചെലവുകളും വഹിക്കാനും കമ്പനിയോട് ഉത്തരവിട്ടു. ഇത് ബഹ്‌റൈനിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന വിധിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.