അധ്യയന വർഷത്തിന് തുടക്കം; പുത്തനുടുപ്പും ബാഗും പുസ്തകവുമായി വിദ്യാർഥികളെത്തി
text_fieldsപിതാവിനൊപ്പം സ്കൂളിലേക്ക് പോകുന്ന വിദ്യാർഥിനി
മനാമ: നീണ്ട അവധിക്കാലത്തിന് ശേഷം പുതിയ അധ്യയന വർഷത്തിൽ പുത്തനുടുപ്പും ബാഗും പുസ്തകങ്ങളുമായി വിദ്യാർഥികൾ സ്കൂളുകളിലേക്കെത്തി. ആയിരക്കണക്കിന് വിദ്യാർഥികളാണ് സർക്കാർ സ്കൂളുകളിലേക്ക് മടങ്ങിയെത്തിയത്. കുട്ടികളെ അധ്യാപകരും ജീവനക്കാരും പൂക്കളും മധുരപലഹാരങ്ങളും സമ്മാനങ്ങളുമായി ക്ലാസ് മുറികളിലേക്ക് വരവേറ്റു.
ചില സ്കൂളുകളിൽ മുതിർന്ന ഉദ്യോഗസ്ഥർ കുട്ടികളെ കൈപിടിച്ച് ക്ലാസുകളിലേക്ക് എത്തിച്ചത് ഏറെ കൗതുകമുള്ള കാഴ്ചയായിരുന്നു. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്കായി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പ്രത്യേക പരിപാടികളും സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പ്രത്യേക ക്ലാസ് മുറികളും ഒരുക്കിയിരുന്നു.
സ്കൂളിലെത്തിയ വിദ്യാർഥികൾ
സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും ഏതാനും ദിവസങ്ങൾക്ക് മുന്നേ ക്ലാസുകൾ ആരംഭിച്ചിരുന്നു.
ആശംസകളുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശംസകളുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. എല്ലാവർക്കും വിജയകരമായ ഒരു അധ്യയന വർഷം അദ്ദേഹം ആശംസിച്ചു. വിദ്യാഭ്യാസ മേഖല രാജ്യത്തിന്റെ ഒരു പ്രധാന മുൻഗണനയാണെന്നും ഈ രംഗത്ത് ബഹ്റൈൻ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ഹമദ് രാജാവ് പറഞ്ഞു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ നിരന്തര പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. വിദ്യാഭ്യാസ രംഗത്തെ രാജ്യത്തിന്റെ പുരോഗതിയിൽ ഈ പിന്തുണ വലിയ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനായി സംഭാവന നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളും സുസ്ഥിര വികസന സംരംഭങ്ങളും സ്വീകരിക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖല അതിവേഗം പുരോഗതി നേടിയതായും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഹമദ് രാജാവ് ആഹ്വാനം ചെയ്തു. നൂതനമായ പാഠ്യപദ്ധതികളും ഇസ്ലാമിക മൂല്യങ്ങളും സമന്വയിപ്പിച്ച് ബഹ്റൈന്റെ ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്ന ഒരു കാഴ്ചപ്പാടോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.