സമൃദ്ധമായൊഴുകിയ സ്നേഹാരുവി നിശ്ചലമായി പ്രിയപ്പെട്ടവർക്കിടയിൽ നൊമ്പരമായി കണ്ണൻ മുഹറഖിന്റെ വിയോഗം
text_fieldsജലേന്ദ്രന്‍ സി (കണ്ണൻ
മുഹറഖ്)
വ്യക്തിജീവതത്തിന് പുറമേ മനുഷ്യമനസ്സുകളിൽ പരന്നൊഴുകിയ സമൃദ്ധമായൊരു സ്നേഹാരുവി നിശ്ചലമായിരിക്കുന്നു. പാടിയും പറഞ്ഞും പൊതുപ്രവർത്തനത്തിൽ ഭാഗമായും പ്രിയപ്പെട്ടവർക്കിടയിൽ നിറഞ്ഞുനിന്ന ജലേന്ദ്രന്‍ എന്ന ഇഷ്ടജനങ്ങളുടെ പ്രിയപ്പെട്ട കണ്ണേട്ടൻ ഇനി ജ്വലിക്കുന്ന ഓർമയായി തുടരും. സ്വപ്നങ്ങളെ സ്വരുക്കൂട്ടിവെച്ച് വീട്ടിലെ ഒരറ്റത്ത് സന്തോഷത്തിന്റെ വെളിച്ചം എത്താൻ അനേകം മനുഷ്യരെപ്പോലെ 27 വർഷം മുമ്പ് കടൽ കടന്നെത്തിയതാണ് കണ്ണനും. എന്നാൽ സ്വാർഥ താൽപര്യങ്ങളിൽ മാത്രം ഒതുങ്ങാതെ അപരനെ സ്നേഹിച്ചും പൊതുയിടങ്ങളിലിറങ്ങിയും ഒരപിടി മനുഷ്യരുടെ മനസ്സിലിടം നേടാൻ കണ്ണന് അധികംനാൾ വേണ്ടിവന്നിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു പ്രവാസിയുടെ വിയോഗം എന്നതിലുപരി കണ്ണേട്ടന്റെ മടക്കത്തിന് മറ്റെങ്ങുമില്ലാത്തൊരു വിടവും വേദയും അനുഭവപ്പെടുന്നുണ്ടെന്നാണ് പ്രിയപ്പെട്ടവർ പറയുന്നത്. കണ്ണനെ അറിയുന്നവരും കണ്ണൻ അറിയുന്നവരും ആ വിയോഗത്തിൽ ഇടറുന്നുണ്ട്. ഹൃദയത്തിൽ വരച്ചുവെച്ച ചില വരികളെപ്പോലെ അവർക്കിടയിൽ കണ്ണൻ നിറഞ്ഞുനിന്നത് കൊണ്ടാകാം. അത്രമേൽ പ്രിയപ്പെട്ടതായിരുന്നു പലർക്കും അദ്ദേഹം.
ഒരു കലാകാരനെന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും കണ്ണൻ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഉറച്ച ശബ്ദമായിരുന്നു. ദീർഘകാലമായി ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു. ബഹ്റൈൻ പ്രതിഭ മുഹറഖ് ഏരിയ കമ്മിറ്റി അംഗമായിരിക്കെയാണ് വിയോഗം. പ്രതിഭയുടെ പാട്ട്കൂട്ടമായ സ്വരലയത്തിലെ എക്സിക്യുട്ടീവ് അംഗമായിരുന്നു. ഒരുവേള കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. ഒരു ചെറുചിരിയോടെ ആരുടെ മനസ്സിലും കയറിപ്പറ്റാനുള്ള കണ്ണന്റെ ആ സ്നേഹസ്വഭാവത്തെ ഓർത്തെടുക്കുന്ന മനുഷ്യർക്കൊന്നും ഇന്നേവരെ അദ്ദേഹത്തിൽനിന്ന് നീരസപ്പെടുത്തുന്ന ഒരു വാക്കുപോലുമുണ്ടായില്ല എന്നാണ് പറയാനുള്ളത്. ആ വ്യക്തിത്വത്തിന്റെ പ്രഭാവമാണ് ആ വാക്കുകളിലൂടെ വായിച്ചെടുക്കാൻ കഴിയുന്നത്.
ഒന്നരമാസം മുമ്പ് ജോലിക്കിടയിലുണ്ടായ ഒരു അപകടവും അതേ തുടർന്ന് കിടപ്പിലായതുമാണ് മരണകാരണമായത്. ചികിത്സയിലിരിക്കുമ്പോഴും പാർട്ടിയെക്കുറിച്ചും പരിപാടികളെക്കുറിച്ചും അന്വേഷിക്കുകയും പങ്കെടുക്കാൻ കഴിയാത്തതിലെ സങ്കടം പറയുകയും ചെയ്യുമായിരുന്നെന്നാണ് സൃഹൃത്ത് എൻ.കെ. അശോകൻ പറയുന്നത്. മുഹറഖ് മലയാളി സമാജം, പാലക്കാട് പ്രവാസി അസോസിയേഷൻ എന്നീ കൂട്ടായ്മകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പാലക്കാട് കുഴൽ മന്ദം സ്വദേശിയാണ് കണ്ണൻ. 54 വയസ്സായിരുന്നു. ഭാര്യ സിന്ധുവിനെ ബഹ്റൈനിലെത്തിക്കാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. ഏക മകൾ മേഘ എം.ടെക് വിദ്യാർഥിനിയാണ്. സഹോദരൻ രഞ്ജിത്ത് ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പ്രതിഭ ഹെൽപ് ലൈൻ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

