പവർ ഓഫ് അറ്റോർണി തയാറാക്കാൻ
text_fieldsനാട്ടിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള പവർ ഓഫ് അറ്റോർണി എങ്ങനെയാണ് തയാറാക്കേണ്ടത്. എംബസി മുഖാന്തരം തന്നെയാണോ ഇതെല്ലാം ചെയ്യേണ്ടത്. അല്ലെങ്കിൽ മറ്റെന്തെങ്കിലും മാർഗങ്ങളുണ്ടോ?
നാട്ടിലെ ആവശ്യത്തിനുള്ള പവർ ഓഫ് അറ്റോർണി (പി.ഒ.എ) യാണെങ്കിൽ നാട്ടിൽനിന്നുതന്നെ മുദ്രപ്പത്രത്തിൽ എഴുതി ഇവിടെ കൊണ്ടുവന്നാൽ ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തിത്തരും. ഇപ്പോൾ 600 രൂപയുടെ മുദ്രപ്പത്രത്തിലാണ് പവർ ഓഫ് അറ്റോർണി ഉണ്ടാക്കേണ്ടത്. എംബസി സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞാൽപിന്നെ ഇവിടെനിന്ന് വേറെ ഒരു അതോറിറ്റിയും സാക്ഷ്യപ്പെടുത്തേണ്ടതില്ല. ഒപ്പും സീലും എംബസിയുടെ ഭാഗത്തുനിന്ന് കിട്ടിയാൽ നാട്ടിലെ എല്ലാ ആവശ്യങ്ങൾക്കും ഈ പവർ ഓഫ് അറ്റോർണി തന്നെ ഉപയോഗിക്കാം. മറ്റ് രാജ്യങ്ങളിലേക്കുള്ള പി.ഒ.എയാണെങ്കിൽ അല്ലെങ്കിൽ എംബസി മുഖേന ചെയ്യാൻ പറ്റാത്തതാണെങ്കിൽ അത് ഇവിടെ ഒരു നോട്ടറി മുഖേന സാക്ഷ്യപ്പെടുത്തണം.
നോട്ടറി പ്രാദേശികമായി സാധൂകരിച്ച ആ പി.ഒ.എ ഇവിടത്തെ വിദേശമന്ത്രാലയത്തിൽനിന്ന് അപോസ്റ്റിൽ അഥവാ ആ രേഖയെ അന്താരാഷ്ട്രതലത്തിൽ സ്വീകരിക്കുന്ന തരത്തിൽ കൺവെൻഷൻ ചെയ്യണം. അത്തരത്തിൽ അപോസ്റ്റിൽ ചെയ്ത പി.ഒ.എ വേറെ ഒരു അതോറിറ്റിയുടെയും സാക്ഷ്യപ്പെടുത്തൽ ഇല്ലാതെതന്നെ മറ്റ് വിദേശരാജ്യങ്ങളിൽ സ്വീകരിക്കും. അപോസ്റ്റിൽ സ്വീകരിക്കാത്ത രാജ്യമാണെങ്കിൽ ഇവിടത്തെ വിദേശ മന്ത്രാലയം അറ്റസ്റ്റ് ചെയ്ത ശേഷം ഏത് രാജ്യത്തെ പി.ഒ.എ ആണോ വേണ്ടത് ആ രാജ്യത്തെ എംബസിയിൽ നിന്ന് അറ്റസ്റ്റ് ചെയ്യണം.
ചില രാജ്യങ്ങളിൽ ഇപ്പോഴും അപോസ്റ്റിൽ സ്വീകരിക്കുന്നില്ല. ഇന്ത്യ അപോസ്റ്റിൽ രാജ്യങ്ങളിൽ ഉൾപ്പെട്ടതാണ്. അതുകൊണ്ട് ഇന്ത്യയിൽ അപോസ്റ്റിൽ ചെയ്ത രേഖകൾ മറ്റ് സാക്ഷ്യപ്പെടുത്തലുകളൊന്നുമില്ലാതെ സ്വീകരിക്കും. അതുപോലെയാണ് ബഹ്റൈനും. ഏത് രാജ്യത്തേക്കാണ് പി.ഒ.എ വേണ്ടത് എന്നറിയിച്ചാൽ അവിടേക്കുള്ള എല്ലാ നടപടിക്രമങ്ങളും പറഞ്ഞുതരാൻ സാധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.