ബഹ്റൈനിൽ ജനിക്കുന്ന കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യാത്തവരോട്
text_fieldsമനാമ: പ്രവാസലോകത്ത് കുടുംബമായി കഴിയുന്നവരിൽ കണ്ടുവരുന്ന പ്രധാന അശ്രദ്ധകളിലൊന്നാണ് കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യാതിരിക്കുക എന്നത്. അന്യരാജ്യത്ത് പ്രസവിക്കപ്പെട്ടാൽ അവിടത്തെ നിയമം നിഷ്കർഷിക്കുന്ന പ്രകാരം കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ട ചുമതല രക്ഷിതാക്കൾക്കാണ്. എന്നാൽ പലരും അതിൽ അശ്രദ്ധവാന്മാരാണെന്നാണ് പ്രവാസി ലീഗൽ സെൽ (പി.എൽ.സി) ബഹ്റൈൻ ചാപ്റ്റർ പറയുന്നത്. ഈ കാലതാമസം സങ്കീർണമായ നിയമനടപടികളിലേക്കും കോടതി ഇടപെടലുകളിലേക്കും മാസങ്ങളുടെ കാത്തിരിപ്പിലേക്കുമാണ് ചെന്നെത്തിക്കുക. ഇത് കുട്ടികളുടെ പാസ്പോർട്ട്, തിരിച്ചറിയൽ രേഖ, ഭാവിയിലെ മടക്കയാത്ര എന്നിവയെ പ്രതികൂലമായി ബാധിക്കും.
ഇത്തരത്തിൽ നിയമക്കുരുക്കുകളിൽ അകപ്പെട്ട നിരവധിപേരുടെ കേസുകൾ തങ്ങളുടെ പക്കൽ പരാതിയായി വന്നതുകൊണ്ടാണ് ഒരു അവബോധമെന്ന നിലക്ക് പ്രവാസികളെ അറിയിക്കാൻ പി.എൽ.സി തയാറായത്. ബഹ്റൈനിൽ കുട്ടികളുടെ ജനനം നിയമപരമായി രജിസ്റ്റർ ചെയ്യാൻ അനുവദിച്ചത് 15 ദിവസമാണ്. അതുകഴിഞ്ഞാൽ രജിസ്റ്റർ ചെയ്യാൻ മാതാപിതാക്കൾ കോടതിയെ സമീപിക്കേണ്ടി വരും. ഇത്തരത്തിൽ അശ്രദ്ധ കാണിക്കുന്ന പലരും പിന്നീടുണ്ടാകുന്ന നിയമപ്രശ്നങ്ങളിൽ അകപ്പെട്ടോ ഇതിനായി വന്നേക്കാവുന്ന സാമ്പത്തികബാധ്യത കൊണ്ടോ ആണ് പി.എൽ.സിയെ സമീപിക്കുന്നത്.
പല മാതാപിതാക്കളും ജനന രജിസ്ട്രേഷൻ പിന്നീട് ചെയ്യാമെന്നും ശേഷം വരുന്ന പ്രശ്നങ്ങളും നിയമക്കുരുക്കുകളും എംബസിയിൽനിന്ന് പരിഹരിക്കപ്പെടുമെന്നും തെറ്റിദ്ധരിക്കുന്നുണ്ട്. എന്നാൽ അത് കൂടുതൽ പ്രതിസന്ധിക്കാണ് വഴിവെക്കുക എന്ന് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റും ഗ്ലോബൽ പി.ആർ.ഒയുമായ സുധീർ തിരുനിലത്ത് പറഞ്ഞു. 15 ദിവസത്തെ നിയമപരമായ സമയം കഴിഞ്ഞാൽ, ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിക്ക് കീഴിലുള്ള പ്രത്യേക ഡിലേ കമ്മിറ്റിയെ സമീപിക്കണം. ഈ സമയപരിധിയും കഴിഞ്ഞാൽ കോടതിയെ സമീപിക്കുകയാണ് ഏക പോംവഴി.
15 ദിവസത്തിനുള്ളിൽ ജനനം രജിസ്റ്റർ ചെയ്തില്ലെങ്കിൽ
നിയമപ്രകാരം 15 ദിവസത്തിനുള്ളിൽ ജനന സർട്ടിഫിക്കറ്റ് നേടിയില്ലെങ്കിൽ കോടതി മുഖേന മാത്രമേ പിന്നീടത് നേടാൻ സാധിക്കൂ. അതിനെക്കാളുപരി വലിയ സാമ്പത്തികബാധ്യതയും ഇതിനായുണ്ടാകും. സാധാരണ പ്രസവത്തിന് 125 ബഹ്റൈൻ ദീനാറും സിസേറിയന് 150 ബഹ്റൈൻ ദീനാറുമാണ് ബഹ്റൈനിലെ സർക്കാർ ആശുപത്രികൾ പ്രവാസികൾക്കായി ഈടാക്കുന്നത്. ഈ ഫീസ് നൽകിയാലേ ആശുപത്രിയിൽനിന്ന് പ്രാഥമിക രേഖ ലഭിക്കൂ. ഈ തുക അടക്കാതെ പിന്നീട് നൽകാമെന്ന് പറയുന്നത് വലിയ കുരുക്കുകളുടെ ആദ്യ പടിയാണ്.
ജനന സർട്ടിഫിക്കറ്റ് ഫീസ് ഒരുദിവസം മുതൽ ഏഴുദിവസം വരെ പ്രായമുള്ള നവജാതശിശുക്കൾക്ക് 0.500 ബഹ്റൈൻ ദീനാറും ഒരാഴ്ചയിൽ കൂടുതൽ പ്രായമുള്ളവർക്ക് 0.900 ബഹ്റൈൻ ദീനാറുമാണ്. അധിക കോപ്പികൾക്ക് ഓരോന്നിനും ഒരു ബഹ്റൈൻ ദീനാർ വീതം നൽകണം. 125 അല്ലെങ്കിൽ 150 ബഹ്റൈൻ ദീനാർ ചെലവ് വരുന്ന ഒരു കാര്യത്തിന് പിന്നീട് ഇതിലും വലിയ തുകയാണ് നൽകേണ്ടി വരുക.
ഫീസ് നൽകാതെ പോകുന്നവർക്ക് വരാനിരിക്കുന്നത് അതിന്റെ രണ്ടിരട്ടി ബാധ്യതയാണ്. ജനന സർട്ടിഫിക്കറ്റില്ലാതെ പാസ്പോർട്ടോ മറ്റ് രേഖകളോ ലഭിക്കില്ല എന്നതിനാൽ എന്നായാലും ഈ സർട്ടിഫിക്കേറ്റ് നേടേണ്ടത് നിർബന്ധവുമാണ്. അതിനാൽ പിന്നീട് ഇതിനായി ശ്രമിക്കുമ്പോൾ കോടതി നടപടികളിൽ അഭിഭാഷകരുടെ ഫീസ്, സിവിൽ വിധികൾ, എക്സിക്യൂഷൻ ലെറ്ററുകൾ, മറ്റ് നടപടികൾ എന്നിവക്ക് 400 ദീനാറിനടുത്ത് ചെലവാക്കേണ്ടി വരും. ഒരു കുട്ടിയുടെ മാത്രം ചെലവാണിത്.
പ്രസവസമയത്ത് ദമ്പതികൾ അനുഭവിക്കേണ്ടിവരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാകാം ഈ സാഹചര്യം ഉണ്ടാകുന്നത്. അത്തരക്കാർ പ്രസവ തുക ആശുപത്രിയിൽ അടക്കാൻ കഴിയാത്തതിനാൽ ജനന സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നത് വൈകിപ്പിക്കുന്നു. എന്നാൽ മറ്റു ചിലർ പിന്നീടത്തേക്ക് മാറ്റിവെക്കുന്നുമുണ്ട്. പ്രവാസി ലീഗൽ സെൽ അടുത്തിടെ കൈകാര്യം ചെയ്ത കേസുകളെല്ലാം സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന ദമ്പതികളുടേതാണെന്നും സുധീർ തിരുനിലത്ത് പറഞ്ഞു.
എന്തുകൊണ്ട് സമയബന്ധിതമായി ജനന രജിസ്ട്രേഷൻ നടത്തണം
പാസ്പോർട്ട്, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, തിരിച്ചറിയൽ എന്നിവ നേടാൻ ജനനസർട്ടിഫിക്കറ്റ് നിർബന്ധമാണ്. രാജ്യത്തെ ഒരു സ്കൂളിൽ പോലും അഡ്മിഷൻ ലഭിക്കാൻ സർട്ടിഫിക്കറ്റില്ലാതെ സാധിക്കില്ല. ഇത് സമയത്തിന് എടുത്തില്ലെങ്കിൽ പിന്നീട് വരുന്ന കോടതി കേസുകൾ, നിയമപരമായ ഫീസുകൾ, മാനസികസംഘർഷം എന്നിവ പ്രവാസികളെ ഏറെ ദുരിതത്തിലാക്കും.
ജനന സർട്ടിഫിക്കറ്റ് എടുക്കുന്നതിലൂടെ മാത്രമേ നിങ്ങളുടെ കുട്ടിക്ക് ഒരു വ്യക്തിത്വം ലഭിക്കുന്നുള്ളൂ. രേഖകളില്ലാതെ അന്യരാജ്യത്ത് കുട്ടികളെ വളർത്തുന്നതും നിയമവിരുദ്ധമാണ്. അതുകൊണ്ട് പ്രസവം നടന്ന് 15 ദിവസങ്ങൾക്കുള്ളിൽതന്നെ എല്ലാ പ്രവാസികളും തങ്ങളുടെ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ ശ്രമിക്കണം. കൂടാതെ ഇതുപോലുള്ള പ്രതിസന്ധിയിലകപ്പെട്ടവർക്ക് പ്രവാസി ലീഗൽ സെല്ലിനെ ബന്ധപ്പെടാം. ഇ-മെയിൽ: pravasilegalcelbahrain@gmail.com ഫോൺ: +973 39461746 / 39104176 / 3322 6006.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.