സ്നേഹം മാത്രം സമ്പാദിച്ച് ടി.പി സാഹിബ് പ്രവാസം മതിയാക്കുന്നു
text_fieldsടി.പി. അബ്ദുറഹ്മാൻ
ആത്മീയതയുടെയും സ്നേഹവായ്പുകളുടെയും വെളിച്ചം കരുതലായി മനുഷ്യരിലേക്ക് പ്രകാശിച്ച ഒരു യുഗം നാടണയുകയാണ്. 47 വർഷത്തെ പ്രവാസം മതിയാക്കി യാത്രപറയാനൊരുങ്ങുന്ന ടി.പി. അബ്ദുറഹ്മാനെന്ന ടി.പി സാഹിബിന് ബഹ്റൈനെന്നത് വെറുമൊരു ദ്വീപ് മാത്രമായിരുന്നില്ല, തന്നെ താനാക്കിയ സ്നേഹമുള്ള നിരവധി മനുഷ്യരെ കൂട്ടായി തന്ന ഒരു നാടുകൂടിയാണ്.
നല്ല ഓർമകളുടെ അതിപ്രസരം മാത്രമല്ല യാത്രപറയുമ്പോൾ അബ്ദുറഹ്മാൻ സാഹിബിന് നിർവൃതി നൽകുന്നത്. ഒരു സമൂഹത്തിന്, അല്ലെങ്കിൽ ഒരു പ്രസ്ഥാനത്തിന് നൽകാനുള്ള കരുതലുകളും അതിന്റെ വളർച്ചക്കായുള്ള പ്രയത്നങ്ങളും നൽകിയെന്ന പ്രീതിയും കൂടെയാണ്. ചെറുപ്പകാലം മുതലേ വിദ്യാഭ്യാസരംഗത്ത് കഴിവ് തെളിയിച്ച ടി.പി സാഹിബ്, സഹോദരൻ കാസിം മൗലവിയുടെ തണലിലാണ് വളർന്നത്. ചെറുപ്രായത്തിൽ തന്നെ ഉപ്പയെ നഷ്ടമായിരുന്നു.
പിന്നീട് യതീംഖാനയിലായിരുന്നു പ്രാഥമിക പഠനം. തുടർന്ന് മമ്പാട് കോളജിൽ നിന്ന് പ്രീഡിഗ്രിയും കോഴിക്കോട് ഫറൂഖ് കോളജിൽ നിന്ന് ഡിഗ്രിയും പൂർത്തിയാക്കി. ഖുർആൻ പാരായണത്തിലും ഇംഗ്ലീഷ് ഭാഷയിലും അതിയായ വൈദഗ്ധ്യം കാണിച്ചിരുന്നു ടി.പി കോളജ് പഠനത്തിന് ശേഷം അക്കൗണ്ടന്റായി ജോലിയിൽ തുടരുന്നതിനിടെ 1978ൽ ആണ് ബഹ്റൈനിലേക്കെത്തുന്നത്. വന്നിറങ്ങി പിറ്റേദിവസംതന്നെ പ്രവേശിച്ച അക്കൗണ്ടന്റ് ജോലിയിൽ അധിക കാലം തുടരാനായിരുന്നില്ല.
ശേഷം മറ്റു ചില ജോലികൾ ചെയ്യാൻ ശ്രമിച്ചെങ്കിലും 1979ലാണ് ബി.ഡി.എഫിൽ സപ്ലയറായി ജോലിയിൽ പ്രവേശിക്കുന്നത്. അക്കാലത്തേ എഴുത്തിൽ താൽപര്യം കാണിച്ചിരുന്നു അദ്ദേഹം. ഒരു മാഗസിനിൽ എഴുതിയ ലേഖനം ബി.ഡി.എഫിലെ ഉദ്യോഗസ്ഥൻ കാണാനിടയായതാണ് ജീവിതത്തിൽ വഴിത്തിരിവായത്. ആ എഴുത്തിലെ പ്രാഗല്ഭ്യത്തിൽ തൃപ്തനായ ഉദ്യോഗസ്ഥൻ ടി.പിയെ നിലവിൽ തുടരുന്ന ജോലിയിൽ നിന്ന് മാറ്റി ഉയർന്ന പോസ്റ്റോടെ ട്രെയിനിങ് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. ആ ജോലിയാണ് ഇന്ന് വിരമിക്കുന്നതുവരെ അദ്ദേഹം തുടർന്നത്. ജോലിക്കിടയിലും ബഹ്റൈൻ പ്രാദേശിക പത്രമായ ജി.ഡി.എന്നിലെ ലെറ്റർ കോളത്തിലേക്ക് അദ്ദേഹം അഭിപ്രായങ്ങൾ എഴുതാറുണ്ടായിരുന്നു. ഇതിനിടെയിലാണ് ജി.ഡി.എന്നിലെ മലയാളി പത്രപ്രവർത്തകൻ സോമൻ ബേബിയെ പരിചയപ്പെടാനിടയാകുന്നത്. അദ്ദേഹത്തിന്റെ പ്രചോദനത്തിൽ ഒരു ലേഖനം എഴുതാനുള്ള ആത്മധൈര്യം ലഭിച്ചു. പിന്നീട് മതപരമായ കാര്യങ്ങൾ പ്രമേയമാക്കി അദ്ദേഹം സ്ഥിരമായി ജി.ഡി.എന്നിൽ കോളമെഴുതിയിരുന്നു.
ഇംഗ്ലീഷ് മീഡിയം മദ്റസയുടെ തുടക്കം
ടി.പി. അബ്ദുറഹ്മാന്റെ പ്രവർത്തനങ്ങളിലെ മറ്റൊരു നാഴികക്കല്ലാണ് ബഹ്റൈനിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ഇസ്ലാമിക് മദ്റസക്ക് തുടക്കം കുറിച്ചത്. ജി.സി.സിയിൽ തന്നെ അക്കാലത്ത് ഇത് ആദ്യത്തേതാണ്.
ഇംഗ്ലീഷ് ഭാഷയിലുള്ള തന്റെ പ്രാവീണ്യം മനസ്സിലാക്കി, സൈഫുല്ലയുടെയും മറ്റ് ചില സഹായികളുടെ പിന്തുണയോടെ അദ്ദേഹം ഈ സംരംഭത്തിന് തുടക്കമിട്ടു. നമ്മുടെ കുട്ടികളുടെ മതപഠനം ഇംഗ്ലീഷിൽ ആക്കേണ്ട സാഹചര്യം നിർബന്ധമാണ് എന്ന തിരിച്ചറിവാണ് ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഇതിനായി ആവശ്യമായ പുസ്തകങ്ങൾ മറ്റ് ഭാഷകളിൽ നിന്ന് അദ്ദേഹം ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യുകയുമുണ്ടായി. ഏകദേശം രണ്ട് വർഷം കൊണ്ട് 18 ഓളം മദ്റസ പുസ്തകങ്ങൾ അദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ചെറിയ ക്ലാസിൽ നിന്ന് ആരംഭിച്ച് ഇന്ന് ഏഴാം ക്ലാസ് വരെ എത്തിനിൽക്കുന്ന ഈ സംരംഭം, ബഹ്റൈനിലെ അനേകം കുട്ടികൾക്ക് മതപരമായ അറിവ് നേടാൻ കാരണമായി എന്നതിൽ അദ്ദേഹം ഏറെ കൃതാർഥനാണ്. അക്കാലത്ത് മറ്റുചില ജി.സി.സി രാജ്യങ്ങളിലും ബഹ്റൈനിലുടനീളവും ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് പുസ്തകങ്ങൾ പ്രചരിച്ചിരുന്നു. പിന്നീട് സിലബസ് മാറിയതോടെ മാറ്റം വന്നെങ്കിലും ബഹ്റൈനിൽ ഇന്നും ഈ പുസ്തകങ്ങൾ വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
പൂർണമായ വിശ്രമം ആഗ്രഹിച്ചാണ് പ്രവാസം മതിയാക്കി പോകുന്നതെങ്കിലും തുടർന്നുള്ള കാലം നാട്ടിലെ പള്ളിക്കും മദ്റസകൾക്കൊക്കെയുമായി സേവനം ചെയ്യണമെന്നാണ് ആഗ്രഹം. പയ്യോളിയിലാണ് വീട്. ഭാര്യ റംലയും അദ്ദേഹത്തോടൊപ്പം ബഹ്റൈനിലുണ്ടായിരുന്നു. രണ്ടുപേരും ഒരുമിച്ചാണ് നാടണയുന്നത്. മൂത്തമകൻ ഖലീൽ റഹ്മാൻ കുവൈത്ത് പ്രവാസിയാണ്. മകൾ സനിയ്യ യു.എ.ഇയിലാണ്. ഇളയ മകൻ ഫസലു റഹ്മാൻ ബഹ്റൈനിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

