അണ്ടർ 19 ക്രിക്കറ്റ് പ്രീമിയർ കപ്പ്; ബഹ്റൈൻ ടീം ക്യാപ്റ്റനായി മലയാളി താരം മുഹമ്മദ് ബാസിൽ
text_fieldsമുഹമ്മദ് ബാസിൽ
മനാമ: യു.എ.ഇയിൽ നടക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എ.സി.സി) അണ്ടർ 19 പ്രീമിയർ കപ്പിൽ ബഹ്റൈൻ ടീമിന്റെ ക്യാപ്റ്റനായി മലയാളി താരം മുഹമ്മദ് ബാസിൽ. പാലക്കാട് സ്വദേശികളായ ഹക്കീം-ഷഫ്ന ദമ്പതികളുടെ മകനാണ് ഈ യുവതാരം. നവംബർ 19 മുതൽ 30 വരെ യു.എ.ഇയിലാണ് ടൂർണമെന്റ് അരങ്ങേറുന്നത്. കഴിഞ്ഞ ദിവസമാണ് ബഹ്റൈൻ ടീം യു.എ.ഇയിൽ എത്തിയത്. ഇന്ത്യൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് നിലവിൽ മുഹമ്മദ് ബാസിൽ.
യു.എ.ഇയിലേക്ക് പുറപ്പെടുന്ന ബഹ്റൈൻ അണ്ടർ 19 ടീം
കഴിഞ്ഞ വർഷം ദുബൈയിൽ നടന്ന ഗൾഫ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ബഹ്റൈൻ ദേശീയ ടീം അംഗമായിരുന്നു ബാസിൽ. അന്ന് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും ബാസിലായിരുന്നു. അതിനുശേഷം 11ൽ അധികം രാജ്യങ്ങളിൽ ബഹ്റൈൻ ദേശീയ ടീമിനൊപ്പം മത്സരങ്ങൾക്കായി സഞ്ചരിച്ചു.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ 16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വെസ്റ്റ് സോൺ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ബഹ്റൈൻ ടീമിലും ബാസിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
മുഹമ്മദ് ബാസിലിനു പുറമെ, ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളായ ആശിഷ് സദാശിവ, അയാൻ ഖാൻ, ആരോൺ സാവിയർ എന്നിവരും മുൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥി മുഹമ്മദ് റിഹാനും ബഹ്റൈൻ ടീമിൽ ഇടം നേടിയിട്ടുണ്ട്.
നാല് ഗ്രൂപ്പുകളിലായി 15 ടീമുകളാണ് എ.സി.സി പ്രീമിയർ കപ്പിൽ മാറ്റുരക്കുന്നത്. ബഹ്റൈൻ ഉൾപ്പെടുന്ന ഗ്രൂപ് ബിയിൽ ആതിഥേയരായ യു.എ.ഇയും കുവൈത്തുമാണ് മറ്റ് ടീമുകൾ. ടൂർണമെന്റിൽ ബഹ്റൈന്റെ ആദ്യ മത്സരം നാളെ യു.എ.ഇ സമയം രാവിലെ 8.30ന് കുവൈത്തിനെതിരെയാണ്. ഹോങ്കോങ്, ജപ്പാൻ, സൗദി അറേബ്യ, നേപ്പാൾ, മാൽഡീവ്സ്, ഖത്തർ, ഒമാൻ, ഇറാൻ, മലേഷ്യ, സിംഗപ്പൂർ, തായ്ലൻഡ് എന്നിവരാണ് ടൂർണമെന്റിലെ മറ്റ് ടീമുകൾ. ഈ ടൂർണമെന്റിലെ അവസാനത്തെ മൂന്ന് ടീമുകൾക്ക് വരാനിരിക്കുന്ന അണ്ടർ 19 ഏഷ്യൻ കപ്പിന് യോഗ്യത നേടാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

