Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരാണ് ഈ ജെൻ സി?

text_fields
bookmark_border
ആരാണ് ഈ ജെൻ സി?
cancel

ഇപ്പോൾ എല്ലായിടത്തും കേൾക്കുന്ന വാക്കാണ് ജെൻ സി. എന്താണ്, അല്ലെങ്കിൽ ആരാണ് ഈ ജെൻ സി? പണ്ടൊക്കെ, ഞങ്ങളുടെ ചെറുപ്പകാലത്ത് രണ്ട് തലമുറയെ ഉണ്ടായിരുന്നുള്ളു. ഞങ്ങളൊക്കെ പുതിയ തലമുറ. ഞങ്ങളുടെ അമ്മയും, അച്ഛനും, മുത്തച്ഛനും, മുത്തശ്ശിയും, അതിനും മുമ്പുള്ള തലമുറകളും പഴയ തലമുറ.

പക്ഷെ ഇപ്പോൾ അങ്ങനെ അല്ല. ഓരോ കാലഘട്ടത്തിൽ ജനിച്ചവർക്കും പൊതുവിൽ ഓരോ പേരുണ്ട്. 1997 നും 2012 നും ഇടക്ക് ജനിച്ചവരാണ് ഈ ജെൻ സി, അഥവാ ജെനെറേഷൻ സി, അഥവാ സൂമേഴ്‌സ്. ഇവർക്ക് പൊതുവായ കുറെ സ്വഭാവങ്ങളും, രീതികളും ഉണ്ടത്രേ.

ഇവരുടെ കാലത്താണ് സ്മാർട്ഫോണുകൾ ജനിക്കുന്നത്; ഇൻറ്റർനെറ്റ് ഉപയോഗം വ്യാപകം ആകുന്നത്. സോഷ്യൽ മീഡിയ ചെറുപ്പം മുതലേ ഉപയോഗിക്കാൻ തുടങ്ങിയതും ഈ തലമുറ തന്നെ.

ഇതിൽ മിക്കവരും അണുകുടുംബങ്ങളിൽ വളർന്നവരാണ്. അതിൽ തന്നെ സ്മാർട്ട് ഫോണുകളുടെയും, സോഷ്യൽ മീഡിയയുടെയും ലോകത്ത് സ്വൈരവിഹാരം ചെറുപ്പം മുതലേ നടത്തുന്നവർ. അത് കൊണ്ട് തന്നെ പലപ്പോഴും വ്യക്തിപരമായ ആഴമേറിയ അടുപ്പങ്ങൾ ഇല്ലാത്തവർ; മറ്റുള്ളവർക്ക് വേണ്ടി കൈയും മെയ്യും മറന്ന് സഹായിക്കുക എന്നതിലുപരി സ്വന്തം കാര്യങ്ങൾക്ക് മുൻഗണന നല്കാൻ അറിയുന്നവർ. സൗഹൃദങ്ങൾ ഉള്ളപ്പോഴും, അതിൽ സ്വയം മറന്ന് പോകാത്തവർ.

സോഷ്യൽ മീഡിയ വഴിയും, ഇൻറ്റർനെറ്റ് ഉപയോഗം വഴിയും ലോകകാര്യങ്ങളും, തങ്ങൾക്ക്‌ അഭിരുചിയും, താല്പര്യവും ഉള്ള കാര്യങ്ങളും വളരെ പെട്ടെന്ന് തന്നെ അറിയാനും മനസ്സിലാക്കാനും കഴിയുന്നത് കൊണ്ട് എല്ലാ കാര്യങ്ങളിലും സ്വന്തമായ അഭിപ്രായങ്ങളും, നിലപാടുകളും ഉള്ളവർ. ആരെയും കൂസാത്തവർ. സമൂഹത്തിൻ്റെ നിയമങ്ങളെ വക വെക്കാത്തവർ.

ലൈംഗിക താല്പര്യങ്ങളെയും, മുൻഗണനകളെയും LGBTQIA+ എന്ന് അടയാളപ്പെടുത്തിയവ

എ.ഐ. പോലുള്ള പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ജോലി ചെയ്യുന്നവർ. മേലുദ്യോഗസ്ഥരോട് ഭയഭക്തി ബഹുമാനത്തോടെയുള്ള പെരുമാറ്റം ഇവരിൽ നിന്ന് പ്രതീക്ഷിക്കരുത്. ബോസ് വിളിച്ചാൽ മുറിയിലേക്ക് ഓടി ചെല്ലണം എന്നില്ല. ടെക്സ്റ്റ് മെസ്സേജ് ആയിരിക്കാം മറുപടി ആയി ലഭിക്കുന്നത്. ഏല്പിച്ച കൃത്യങ്ങൾ ഭംഗിയായി ചെയ്ത് തീർക്കുന്നുവെങ്കിൽ അനൗപചാരികമായ പെരുമാറ്റത്തെ ബഹുമാനക്കുറവായി കാണേണ്ടതില്ല.

ഈ പൊതുസ്വഭാവങ്ങൾ ഉള്ളപ്പോൾ തന്നെ ഇവരെ രണ്ടായി തരം തിരിക്കാം

എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണ ഉള്ള ആദ്യത്തെ കൂട്ടർ ജീവിതത്തിൽ നിന്ന് എന്ത് നേടണം എന്ന ലക്ഷ്യ ബോധവും ദിശാ ബോധവും ഉള്ളവരാണ്. ജീവിതത്തെയും, ജോലിയെയും സന്തുലിതമായി മുന്നോട്ട് കൊണ്ട് പോകാൻ അറിയുന്നവർ. ജോലിയെയും, ബന്ധങ്ങളെയും മാനിക്കുന്നവരും, അതിൻ്റെതായ ഇടങ്ങളിൽ ബഹുമാനത്തിൻ്റെ അടുപ്പവും, അകലവും കാത്ത് സൂക്ഷിച്ച്‌ മുന്നോട്ട് കൊണ്ട് പോകുവാനും അറിയുന്നവർ. എല്ലാ കാര്യങ്ങളും വ്യക്തമായി പ്ലാൻ ചെയ്യുന്നവർ.

ഇനി രണ്ടാമത്തെ കൂട്ടർ. ഇവർ സൈബർ ലോകത്ത് സ്വയം നഷ്ടപ്പെട്ടവർ ആണ്. നെല്ലും പതിരും തിരിച്ചറിയാൻ കഴിയാത്തവർ. ഇവരെ വഴി തെറ്റിക്കുവാനും എളുപ്പമാണ്. വീട്ടുകാരുമായി കൂടുതൽ അടുപ്പമില്ലാത്ത ഇവരുടെ സൗഹൃദങ്ങളിൽ കൂടുതലും ഓൺലൈനിൽ കുരുങ്ങി കിടക്കുന്നവ ആയിരിക്കും. അത് കൊണ്ട് തന്നെ തെറ്റായ വിവരങ്ങളിലും മാർഗ്ഗങ്ങളിലും കുരുങ്ങി, പലപ്പോഴും താത്കാലികമായ ലാഭങ്ങൾക്കും സംതൃപ്തിക്കും വേണ്ടി ചെയ്ത് കൂട്ടുന്ന കാര്യങ്ങൾ വലിയ അബദ്ധങ്ങളിലേക്ക്‌ ഇവരെ നയിച്ചേക്കാം.

ചെറുപ്പക്കാർ എന്തിനും ഏതിനും പെട്ടെന്ന് പ്രതികരിക്കുന്നവർ ആണ്. ഈ ഊർജ്ജത്തെയും പ്രതികരണ ശേഷിയെയും ക്രിയാത്മകമായി ഉപയോഗിക്കാൻ വേണ്ട പ്രോത്സാഹനം നൽകാൻ ആരുമില്ലാതെ പോകുമ്പോൾ, അല്ലെങ്കിൽ തെറ്റായ വഴികളിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നവർ ഉണ്ടാകുമ്പോൾ വലിയ ചതി കുഴികളിലേക്ക്‌ ആണിവർ വീണ്‌ പോകുക. ഏത് ചെറുപ്പം തലമുറയും, ഇപ്പോൾ ജെൻ സി എന്ന് വിളിക്കുന്ന തലമുറ അടക്കം, നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെയാണ്.

സ്വന്തം നിലപാടിൽ ഉറച്ച് നിൽക്കുന്നവരെ തെറ്റ് ചെയ്യുമ്പോൾ തിരുത്തുന്നത് എങ്ങനെ! വഴക്ക്‌ പറയാൻ പറ്റില്ല. കാരണം എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ പറ്റില്ല. സ്വന്തം അഭിപ്രായത്തിൽ അടിയുറച്ച് വിശ്വസിക്കുന്നത് കൊണ്ട് ചിലപ്പോൾ സ്നേഹിച്ച് തെറ്റ് തിരുത്താനും സാധിച്ചു എന്ന് വരില്ല. അപ്പോൾ എന്ത് ചെയ്യും! ഒരു വഴിയേ ഉള്ളു. പഴമക്കാർ പറയുന്നത് പോലെ- തെളിച്ച വഴിയേ പോയില്ലെങ്കിൽ പോയ വഴിയേ തെളിക്കുക. തെറ്റുകളുടെ പ്രത്യാഘാതങ്ങളിൽ നിന്നും ശരികൾ അവർ പഠിക്കട്ടെ. ശരികളിൽ നിന്ന് കൂടുതൽ ശരികളും.

അവർ ചെയ്യുന്നത് നിരീക്ഷിച്ച്‌, തെറ്റും ശരിയും പറഞ്ഞ് കൊടുത്ത്‌, അവരുടെ അഭിപ്രായങ്ങൾ മാനിച്ച്, വീണ് പോയാൽ എഴുന്നേല്പിക്കാൻ കൂടെ ഉണ്ട് എന്ന് പറഞ്ഞ് അവരുടെ കൂടെ തന്നെ ചേർന്ന് നിൽക്കുക.

പറയാൻ എളുപ്പമാണെങ്കിലും പേരെൻറ്റിംഗ് അത്ര എളുപ്പമുള്ള കാര്യം അല്ല. പേരെൻറ്റിംഗ് എന്ന കല സ്വയവത്താക്കിയവർക്ക്‌ മാത്രമേ അച്ചടക്കവും ഉത്തരവാദിത്വ ബോധവുമുള്ള നല്ലൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കൂ. പിന്നെ താൻ പാതി ദൈവം പാതി എന്നാണല്ലോ. രക്ഷിതാക്കൾ അവരുടെ കടമകൾ ഭംഗിയായി നിർവഹിക്കുക. ബാക്കി ദൈവത്തിന്‌ വിട്ടുകൊടുക്കുക.

(ഡയറക്ടർ യൂനിഗ്രാഡ് എജുക്കേഷൻ സെന്റർ)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story