ഭരണം മികച്ചതാണെന്ന് പറയേണ്ടത് ആരാണ്?
text_fieldsജനം തെരഞ്ഞെടുത്തവർ കേരള സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുമ്പോൾ ഭരണം നിയന്ത്രിക്കുന്നവർ പലപ്പോഴായിട്ട് അവകാശവാദവുമായി ജനമധ്യത്തിൽ മൈക്ക് കെട്ടി വിളിച്ചു പറയുന്നത് കേൾക്കാറുണ്ട്, ‘നമ്മുടെ ഭരണമാണ് ഏറ്റവും മികച്ചത്’ എന്നുള്ളത്. എന്നാൽ, ഭരണം കൊള്ളാമെന്ന് പറയേണ്ടത് ആരാണ് ?. കാലവർഷം നേരത്തേ എത്തിയതുകൊണ്ട് കേരളത്തിൽ മഴ വരുത്തിവെച്ച കെടുതികൾ ചെറുതൊന്നുമല്ല. ആറുവരിപ്പാതയുടെ നേട്ടങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ട് തുടർഭരണത്തിന് കേരളത്തിലെ സർക്കാർ പി.ആർ വർക്ക് ആരംഭിച്ച സമയത്തായിരുന്നു അപ്രതീക്ഷിത കാലവർഷം. ഒരൊറ്റ മഴയിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയവർ സർവിസ് റോഡുകളുടെ തകർച്ചയെക്കുറിച്ചോ നമ്മുടേതാണ് ഈ ആറുവരിപ്പാത എന്ന് പറഞ്ഞവർക്ക് തകർച്ചയുടെ പോരായ്മകൾ ഏറ്റെടുക്കാനോ സാധിച്ചിട്ടില്ല എന്നുള്ളതാണ് സത്യം.
2018ലെയും അതിനുശേഷമുണ്ടായ പ്രളയത്തിലെയും വീടുകളും സ്വത്തുകളും നഷ്ടപ്പെട്ട വയനാട്ടിലെയും കവളപ്പാറയിലെയും ജനങ്ങൾക്ക് പുനരധിവാസം ഉറപ്പുവരുത്താൻ ഇന്നുവരെ ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ല. പരസ്പരം പഴിപറഞ്ഞുകൊണ്ട് ഭരണപക്ഷവും പ്രതിപക്ഷവും അതിന്റെ അവകാശവാദങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുമ്പോഴും യാതനകളും ജീവിത ദുരനുഭവങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നത് ജനങ്ങളാണ്. ഇവിടെയും വികസന അവകാശമുന്നയിക്കുന്നവർക്ക് ജനത്തിന്റെ കഷ്ടപ്പാടുകൾ കാണാൻ ഇതുവരെ സാധിച്ചിട്ടില്ല.
കേരളത്തിലെ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒരു യാത്ര നടത്തുകയാണെങ്കിൽ 14 ജില്ലകളിൽ ആയിട്ട് വ്യത്യസ്തമായ സമരമുഖങ്ങൾ നമുക്ക് വീക്ഷിക്കാൻ കഴിയും. ആശാവർക്കർമാരുടെ സമരം ആവട്ടെ വീട് നഷ്ടപ്പെട്ടവരുടെ സമരമാകട്ടെ വന്യജീവികളുടെ അക്രമത്തിൽ ജീവനും സൗര്യജീവിതവും നഷ്ടപ്പെട്ടവർ ആവട്ടെ അതുപോലെതന്നെ വ്യത്യസ്തമായ മേഖലകളിലെ സ്വന്തം ജീവിതം കരകയറ്റാൻ വേണ്ടിയിട്ട് ശ്രമിച്ചുകൊണ്ടിരിക്കുന്ന സമരമുഖങ്ങൾ കേരളത്തിന്റേത് നാം കാണുന്നുണ്ട്. എന്നിരുന്നാലും ഭരണത്തിൽ ഇരിക്കുന്നവർ അവരുടെ നേട്ടങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ട് നമ്മളാണ് കേരളത്തിന്റെ വികസന പാതയിൽ ഏറ്റവും മികച്ചത് എന്ന് അവകാശവാദം ഉന്നയിക്കും. നിങ്ങളുടെ ഭരണം മികച്ചതാണെങ്കിൽ പ്രകീർത്തിച്ചു പറയാൻ കേരളത്തിലെ ജനങ്ങൾക്ക് ഒരു മടിയുമുണ്ടാവില്ല എന്നാണ് ജനങ്ങൾക്ക് പറയാനുള്ളത്.
ഭരണം മികച്ചതാണെന്ന് പറയേണ്ടത് ഭരണം നടത്തുന്നവരല്ല അത് അനുഭവിക്കുന്ന ജനങ്ങൾ തന്നെയാണ്. അത്തരത്തിൽ എത്ര ജനങ്ങൾ ഇന്ന് ഭരണം നടത്തുന്നവർക്ക് പ്രോഗ്രസ് റിപ്പോർട്ടിൽ നിങ്ങളുടെ ഭരണം മികച്ചതാണ് എന്നുള്ള തരത്തിൽ മാർക്ക് നൽകാൻ മുന്നോട്ടു വരും. ഒരൊറ്റ കാലവർഷത്തിൽ കേരളത്തിലെ മുഴുവൻ റോഡുകളും ഉപയോഗശൂന്യമായപ്പോൾ വെള്ളക്കെട്ടുകളുടെ നാടായി മാറുമ്പോൾ ദീർഘ വീക്ഷണം ഇല്ലാതെ മുന്നോട്ടുപോകുന്ന ഭരണം ഈ വികസനം നമ്മുടേതെന്നു പറഞ്ഞു നടന്നവർ പോരായ്മകൾ എന്തുകൊണ്ട് ഏറ്റെടുക്കുന്നില്ല. എന്തിനും കേരള - കേന്ദ്ര സർക്കാറുകൾ മാറി നിൽക്കുന്നു.ജനങ്ങൾക്ക് ഉപകാരമുള്ള വികസനമുണ്ടായാൽ അതിന്റെ പൂർണതയിൽ അതു നിർവഹിച്ചാൽ തീർച്ചയായും ഭരണം മികച്ചതെന്ന് ഭരണകർത്താക്കൾക്ക് മുന്നേ ജനം വിളിച്ചു പറയുക തന്നെ ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.