യുവജനങ്ങൾ രാജ്യത്തിന്‍റെ ഏറ്റവും മൂല്യമായ സമ്പത്ത് -ഹമദ് രാജാവ്
text_fieldsയൂത്തി സിറ്റി 2030 സന്ദർശിക്കാനെത്തിയ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: യുവജനങ്ങളാണ് രാജ്യത്തിന്‍റെ ഏറ്റവും മൂല്യവത്തായ സമ്പത്തും പുരോഗതിയുമെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. രാജ്യത്തിന്‍റെ അടിസ്ഥാനമായി അവരെ ശാക്തീകരിക്കുന്നതും ദേശീയ പ്രവർത്തനങ്ങളുടെ എല്ലാ മേഖലകളിലും അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതും ബഹ്‌റൈനിന്‍റെ സമഗ്ര വികസന പ്രക്രിയക്കുള്ള പ്രധാന മുൻഗണനകളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈൻ എക്സിബിഷൻ സെന്‍ററിൽ നടക്കുന്ന യൂത്ത് സിറ്റി 2030 സന്ദർശിച്ച് സംസാരിക്കുകയായിരുന്നു ഹമദ് രാജാവ്.
വ്യക്തിഗത പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ എന്നിവരും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സെക്രട്ടറി ജനറൽ ഐമാൻ ബിൻ തൗഫീഖ് അൽ മൊഈദ്, യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി, കൂടാതെ യൂത്ത് സിറ്റിക്ക് മേൽനോട്ടം വഹിക്കുന്ന നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് ഹമദ് രാജാവിനെ പരിപാടിയിലേക്ക് സ്വീകരിച്ചു.
യുവജനങ്ങളെ യോഗ്യരാക്കാനും ശാക്തീകരിക്കാനും ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടികളെക്കുറിച്ച് ഹമദ് രാജാവിന് വിശദീകരിച്ചു നൽകി. യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കാനും ദേശീയ വികസനത്തിന് ഫലപ്രദമായി സംഭാവന നൽകാനും ഒരു ഏകീകൃത അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. 195 പരിശീലന പരിപാടികളും വിവിധ പ്രധാന മേഖലകളിലായി ഏകദേശം 5,500 വൈവിധ്യമാർന്ന പരിശീലന അവസരങ്ങളും യൂത്ത് സിറ്റിയിൽ ഉൾപ്പെടുന്നു. വേളയിൽ ഹമദ് രാജാവ് യൂത്ത് സിറ്റിയുടെ അഞ്ച് പ്രധാന കേന്ദ്രങ്ങളായ സയൻസ് ആൻഡ് ടെക്നോളജി സെന്‍റർ, ആർട്സ് ആൻഡ് കൾച്ചർ സെന്‍റർ, ലീഡർഷിപ്പ് ആൻഡ് എന്‍റർപ്രണർഷിപ്പ് സെന്‍റർ, മീഡിയ ആൻഡ് എന്‍റർടൈൻമെന്‍റ് സെന്‍റർ, സ്പോർട്സ് ആൻഡ് ഹെൽത്ത് സെന്‍റർ എന്നിവിടങ്ങളിലും സന്ദർശിച്ചു.
13 വർഷം മുൻപ് യൂത്ത് സിറ്റി 2030ന് തുടക്കം കുറിച്ചതുമുതലുള്ള തുടർച്ചയായ വിജയങ്ങളെ രാജാവ് അഭിനന്ദിച്ചു. ബഹ്‌റൈൻ യുവജനങ്ങളെ കണ്ടെത്താനും അവരിലെ താൽപ്പര്യങ്ങളെ വളർത്താനും ഈ സംരഭം പ്രയോജനപ്പെടുന്നുണ്ടെന്നും രാജ്യത്തിന്‍റെ പുരോഗതിയിലും വികസനത്തിലുമുള്ള അവരുടെ പങ്കിനെ അഭിനന്ദിക്കുന്നതായും, കൂടുതൽ കഴിവുകൾ വികസിപ്പിക്കുന്നതിനും രാജ്യത്തെ സേവിക്കുന്നതിനും ദേശീയ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനും അവരെ ശാക്തീകരിക്കുന്നതിനും ഇത് സഹായിക്കുമെന്നും രാജാവ് അഭിപ്രായപ്പെട്ടു. കൂടാതെ, യുവജനങ്ങളുടെ കഴിവുകളിൽ നിക്ഷേപം നടത്താനും ദേശീയ പുരോഗതിയിൽ അവരുടെ പങ്ക് വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ തന്ത്രപരമായ പരിപാടികളെയും ഹമദ് രാജാവ് അഭിനന്ദിച്ചു.
യുവ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന ശൈഖ് നാസർ ബിൻ ഹമദിന്‍റെയും, കായിക, യുവജന മേഖലകളെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ശൈഖ് ഖാലിദ് ബിൻ ഹമദിന്‍റെ സംഭാവനകളെയും ഹമദ് രാജാവ് പ്രശംസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.