ഇന്ധനവില വര്‍ധന: കൂടുതല്‍ പേര്‍ പൊതുഗതാഗതത്തിലേക്ക്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ധനവില വര്‍ധനയെതുടര്‍ന്ന് കൂടുതല്‍ ആളുകള്‍ പൊതുഗതാഗതത്തിലേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
ഇടത്തരം വരുമാനക്കാരില്‍ നല്ളൊരു വിഭാഗം ബസുകളെ ആശ്രയിച്ചുതുടങ്ങുകയോ അതിനെകുറിച്ച് ആലോചിച്ച് തുടങ്ങുകയോ ചെയ്യുന്നതായി പ്രാദേശിക ദിനപത്രം നടത്തിയ സര്‍വേയില്‍ പറയുന്നു.
ഇന്ധനവില വര്‍ധനക്ക് ശേഷം ബസുകളില്‍ ആളുകൂടിയെന്നുതന്നെയാണ് ബസ് സര്‍വിസ് നടത്തുന്ന കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചനയും. ഇതിന് വരുംദിവസങ്ങളില്‍ ആക്കം കൂടുമെന്നാണ് കരുതുന്നത്.
പെട്രോള്‍ വിലയില്‍ ഒറ്റയടിക്ക് 41 മുതല്‍ 80 ശതമാനം വര്‍ധനയുണ്ടായതാണ് ആളുകളെ മാറിച്ചിന്തിപ്പിക്കുന്നത്. സ്വദേശികള്‍ക്ക് പ്രതിമാസം 75 ലിറ്റര്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചത് ചെറിയ ആശ്വാസം സൃഷ്ടിച്ചെങ്കിലും വിദേശികള്‍ മുഴുവന്‍ ഭാരവും പേറേണ്ടിവന്നു.
അതേസമയം, പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതല്‍ പേര്‍ ആകൃഷ്ടരാവുന്നത് രാജ്യത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ആശ്വാസമാവുമെന്ന വിലയിരുത്തലുമുണ്ട്.
രാജ്യത്ത് അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന്‍െറ പ്രധാനകാരണം വാഹനപ്പെരുപ്പമാണ്. ഒരാള്‍ക്കുതന്നെ ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടാവുകയും ഓരോ വീട്ടിലും ഇതേ കണക്കിന് വാഹനങ്ങള്‍ അധികരിക്കുകയും ചെയ്യുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്ന വാഹനപ്പെരുപ്പത്തെ ഉള്‍ക്കൊള്ളാന്‍ രാജ്യത്തെ നിരത്തുകള്‍ക്കു കഴിയാത്തതാണ് ഗതാഗതക്കുരുക്കിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2015ല്‍ മാത്രം 87,796 വാഹനങ്ങളാണ് പുതുതായി നിരത്തിലിറങ്ങിയത്. പ്രതിവര്‍ഷം 4.8 ശതമാനം വര്‍ധനയാണ് വാഹനങ്ങളുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. നിലവിലെ അവസ്ഥയില്‍ ഒമ്പത് ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടക്ക് വാഹനങ്ങളെ പ്രയാസമില്ലാതെ ഉള്‍ക്കൊള്ളാനുള്ള ശേഷിയേ ഇവിടത്തെ റോഡുകള്‍ക്കുള്ളൂ എന്നാണ് ഒൗദ്യോഗിക ഭാഷ്യം.
അതേസമയം, ആഭ്യന്തര മന്ത്രാലയത്തിന്‍െറ ഏറ്റവും പുതിയ കണക്കനുസരിച്ച് 19,25,168 വാഹനങ്ങളാണ് കുവൈത്തില്‍ ഓടിക്കൊണ്ടിരിക്കുന്നത്.
ഇതില്‍ 15,52,722 എണ്ണം സ്വകാര്യ വാഹനങ്ങളാണ്. 2,45,626 പിക്കപ്പ് വാഹനങ്ങളും 28,722 ബസുകളും നിരത്തില്‍ ഓടുന്നുണ്ട്. രാജ്യത്തെ ആകെ ടാക്സികളുടെ എണ്ണം 17,458 ആണ്. അതിനിടെ വില വര്‍ധിച്ചത് കാരണം ജനങ്ങള്‍ താരതമ്യേന വില കുറഞ്ഞ പ്രീമിയം പെട്രോള്‍ കൂടുതലായി ഉപയോഗിക്കുന്ന സാഹചര്യവുമുണ്ട്.
സെപ്റ്റംബറിന് ശേഷം പ്രീമിയം പെട്രോളിന്‍െറ ഉപയോഗത്തില്‍ 60 ശതമാനം വര്‍ധനയാണുണ്ടായത്. ഓരോ വാഹനങ്ങള്‍ക്കും അനുയോജ്യമായ പെട്രോള്‍ ഇനങ്ങള്‍ തെരഞ്ഞെടുക്കാന്‍ വാഹന ഉടമകളെ സഹായിക്കുന്ന പ്രത്യേക സ്മാര്‍ട് ഫോണ്‍ ആപ്ളിക്കേഷന്‍ കെ.എന്‍.പി.സി പുറത്തിറക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.