ചെറുകിട ഹോട്ടലുകളുടെ നടത്തിപ്പ് ചെലവ് കൂടി
text_fieldsകുവൈത്ത് സിറ്റി: പെട്രോള്‍ നിരക്ക് വര്‍ധിച്ചതുമൂലം കുവൈത്തില്‍ ചെറുകിട ഹോട്ടലുകളുടെ നടത്തിപ്പ് ചെലവ് കൂടിയതായി റിപ്പോര്‍ട്ട്. ഹോട്ടലുകള്‍ നല്‍കിവരുന്ന ഡെലിവറി സേവനങ്ങളെയാണ് പെട്രോള്‍ നിരക്ക് വര്‍ധന ഏറ്റവുമധികം ബാധിച്ചത്. കുവൈത്തില്‍ നിരവധി മലയാളികള്‍ക്ക് തൊഴിലും ഉപജീവനമാര്‍ഗവുമാണ് കഫ്റ്റീരിയകള്‍.
ഭക്ഷണപദാര്‍ഥങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ എത്തിച്ചു നല്‍കിയാണ് ചെറുകിട ഹോട്ടലുകളും കഫ്റ്റീരിയകളും വിപണിയില്‍ പിടിച്ചുനിന്നിരുന്നത്. സൗജന്യമായി ഡെലിവറി സേവനങ്ങള്‍ നല്‍കി വന്നിരുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കാണ് പെട്രോള്‍ വില വര്‍ധന വലിയ തിരിച്ചടിയായത്.
നേരത്തെ 250 ഫില്‍സ് മുതല്‍ അര ദിനാര്‍ വരെ ഡെലിവറിക്ക് ചാര്‍ജ് ഈടാക്കിയിരുന്ന കോര്‍പറേറ്റ് റസ്റ്റാറന്‍റുകള്‍ പെട്രോള്‍ വില വര്‍ധനയുടെ പേരില്‍ ഡെലിവറി ചാര്‍ജ് 20 മുതല്‍ 30 ശതമാനം വരെ വര്‍ധിപ്പിച്ചപ്പോള്‍ ഫ്രീ ഹോം ഡെലിവറി സേവനങ്ങള്‍ നല്‍കി വന്ന ചെറുകിട കച്ചവടക്കാര്‍ക്ക് സൗജന്യ സേവനം അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്.
നഷ്ടം സഹിച്ച് മുന്നോട്ടുപോവാനാവില്ളെന്നും അധിക ചെലവിന്‍െറ ഒരു ഭാഗം ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുകയല്ലാതെ തങ്ങള്‍ക്കുമുന്നില്‍ വഴിയില്ളെന്നുമാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനയും തൊഴിലാളി ക്ഷാമവും കാരണം ഇഴഞ്ഞുനീങ്ങിയിരുന്നു പല ചെറുകിട സ്ഥാപനങ്ങളും പെട്രോള്‍ നിരക്ക് വര്‍ധന കൂടിയായതോടെ പ്രതിസന്ധിയിലാണെന്നാണ് കഫ്റ്റീരിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്. പല സ്ഥാപനങ്ങളും ഡെലിവറി ചാര്‍ജ് നടപ്പാക്കിത്തുടങ്ങി. കൂടുതല്‍ ആളുകള്‍ ഇതുസംബന്ധിച്ച് ആലോചിച്ചുതുടങ്ങുന്നതായാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.