ആദ്യ ദിവസം 71 ശതമാനം കുറവ്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് നടപ്പാക്കിയ പുതിയ ഗതാഗത നിയമം വിജയം. ചൊവ്വാഴ്ച നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം നിയമലംഘനങ്ങളിൽ വലിയ കുറവുണ്ടായതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നിയമം നടപ്പാക്കിയതിന്റെ ആദ്യ ദിവസം തന്നെ നിയമലംഘനങ്ങൾ 71 ശതമാനം കുറഞ്ഞു. ഏപ്രിൽ 15ലെ കണക്കുമായി താരതമ്യം ചെയ്താണ് ഈ കുറവ്. ഗതാഗത നിയമലംഘനങ്ങളും അപകടങ്ങളും തടയുന്നതിനും സുരക്ഷിതമായ റോഡ് അനുഭവം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമം വിജയിച്ചതിന്റെ തെളിവാണ് ഇതെന്ന് ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു.
പുതിയ നിയമത്തിൽ കനത്ത പിഴയും തടവും ഉൾപ്പെടുത്തിയതോടെ പൗരന്മാരും പ്രവാസികളും ഡ്രൈവിങ്ങിൽ ജാഗ്രത പുലർത്തുന്നുണ്ട് എന്നാണ് നിരീക്ഷണം. മിക്ക റോഡ് ഉപയോക്താക്കളും പുതിയ ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പൗരന്മാരെയും താമസക്കാരെയും സഹകരണത്തിന് അഭിനന്ദിക്കുകയും ചെയ്തു. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുക, റോഡ് ലെയ്നുകൾ പാലിക്കാതിരിക്കുക, തെറ്റായ ദിശയിൽ വാഹനമോടിക്കുക, റെഡ് സിഗ്നൽ മുറിച്ചുകടക്കുക എന്നിവ പുതിയ നിയമത്തിൽ ഗൗരവലംഘനങ്ങളായി കണക്കാക്കുന്നു. ഇവക്ക് പിഴ വലിയ രൂപത്തിൽ വർധിപ്പിച്ചിട്ടുമുണ്ട്. ഏപ്രിൽ 22നാണ് കുവൈത്തിൽ പുതിയ ഗതാഗത നിയമം നടപ്പാക്കിയത്.
ഈ കാര്യവും ശ്രദ്ധിച്ചോളൂ...
പുതുക്കിയ ഗതാഗത നിയമങ്ങൾ അനുസരിച്ച് വാഹന ലൈസൻസുകൾ, അനുവദനീയമായ വാഹനങ്ങളുടെ എണ്ണം, ഗതാഗത ലംഘനങ്ങൾക്കുള്ള പിഴ എന്നിവയിൽ പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
വാഹനത്തിൽ അമിത ശബ്ദം ഉണ്ടാക്കൽ, വാഹനാപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടൽ, റോഡിൽ വാഹനം ഉപേക്ഷിക്കൽ എന്നിവ കുറ്റകരമായ പ്രവൃത്തികളായി കണക്കാക്കും. ലൈസൻസ് ലഭിച്ച് ആദ്യ വർഷത്തിനുള്ളിൽ രണ്ട് നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് താൽക്കാലികമായി റദ്ദാക്കും.
സാധുവായ ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ മൂന്ന് മാസം വരെ തടവും 150 മുതൽ 300 ദീനാർ വരെ പിഴയും ചുമത്തും. വാഹനാപകട സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവർക്ക് മൂന്ന് മാസം തടവും 150 ദീനാർ പിഴയും ലഭിക്കും.
അശ്രദ്ധമായോ നിയന്ത്രണാതീതമായോ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയാൽ ഒരു വർഷത്തിൽ കൂടുതൽ തടവും 3,000 ദീനാർ വരെ പിഴയും ചുമത്തും. ബ്രേക്കില്ലാതെ വാഹനം ഓടിക്കുന്നതിന് രണ്ട് മാസം തടവും 200 ദീനാർ വരെ പിഴയും ലഭിക്കും. നടപ്പാതയിൽ വാഹനം ഓടിച്ചാൽ ഒരു മാസം തടവും 100 ദീനാർ വരെ പിഴ ചുമത്തും. ലൈറ്റുകൾ ഓണാക്കാതെ വാഹനം ഓടിച്ചാൽ 45 മുതൽ 75 ദീനാർ വരെ പിഴ ഒടുക്കേണ്ടിവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.