യാത്രാമധ്യേ വിമാനത്തിൽ കുഴഞ്ഞുവീണു; പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് അബ്ദുൽ സലാം മടങ്ങി
text_fieldsകുവൈത്ത് സിറ്റി: കണ്ണൂരിൽനിന്ന് കുവൈത്തിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ബഹ്റൈനിൽ നിര്യാതനായ കാസർകോട് നിലേശ്വരം സ്വദേശി അബ്ദുൽ സലാം (65) മിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച വൈകീട്ട് കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കുള്ള യാത്രക്കിടെയാണ് അബ്ദുൽ സലാമിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വിമാനം അടിയന്തിരമായി ബഹ്റൈനിലിറക്കി അബ്ദുൽ സലാമിനെ കിങ് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
കാസർകോട് നിലേശ്വരം കടിഞ്ഞിമൂല സ്വദേശിയുമായ അബ്ദുൽ സലാം വർഷങ്ങളായി കുവൈത്തിൽ പ്രവാസിയാണ്. കുവൈത്തിൽ ഹസ്സാവിയ, കബദ്, ഖൈത്താൻ എന്നിവിടങ്ങളിൽ ഇലക്ട്രിക് ഷോപ്പ് നടത്തിവരികയായിരുന്നു. ഹൃദയസംബന്ധമായ അസുഖം കാരണം ചികിത്സക്കായി അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. മരണവിവരം അറിഞ്ഞതിനു പിറകെ കുവൈത്തിലുള്ള രണ്ടു മക്കൾ നാട്ടിലേക്കു തിരിച്ചു.
നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മൃതദേഹം ചൊവ്വാഴ്ച രാത്രിയാണ് ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയത്. ബുധനാഴ്ച 12ന് നിലേശ്വരം കടിഞ്ഞമൂല ജുമാമസ്ജിദ് ഖബർസഥാനിൽ ഖബറടക്കും.
ഭാര്യ: താഹിറ. മക്കൾ: ഡോ. ആദിൽ അബ്ദുസലാം, ഖദീജ, മുബഷിർ (കുവൈത്ത്), മുഹമ്മദ് (കുവൈത്ത്), അബ്ദുല്ല. മരുമക്കൾ: ഡോ.ഷഫീദ,ഡോ.സുബൈർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.