വൈകലിനൊപ്പം റദ്ദാക്കലും ഇന്നത്തെ കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: ഇന്നത്തെ കോഴിക്കോടിനും കുവൈത്തിനും ഇടയിലുള്ള എയർഇന്ത്യ എക്സ്പ്രസ് സർവിസ് റദ്ദാക്കി. രാവിലെ 9.15ന് കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്കും ഉച്ചക്ക് 12.55ന് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള സർവിസാണ് റദ്ദാക്കിയത്. വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്ക് വിമാനം ഷെഡ്യൂൾ ചെയ്തതിന്റെ രണ്ടുമണിക്കൂർ മുമ്പുവരെ മുഴുവൻ റീഫണ്ടോടെ ടിക്കറ്റ് കാൻസൽ ചെയ്യാനും ഒരാഴ്ചക്കിടയിൽ മറ്റു ദിവസത്തേക്ക് മാറ്റാനും അവസരമുണ്ട്.
‘ഓപറേഷനൽ റീസൺ’ എന്നാണ് സർവിസ് റദ്ദാക്കിയതിനെ കുറിച്ച് എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്ന വിശദീകരണം.
വിമാനത്തിന്റെ അപ്രതീക്ഷിത റദ്ദാക്കൽ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവരെ പ്രയാസത്തിലാക്കി. കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് മറ്റു വിമാനക്കമ്പനികളുടെ നേരിട്ടുള്ള സർവിസ് ഇല്ലാത്തതിനാൽ പെട്ടെന്ന് ടിക്കറ്റ് മാറ്റവും സാധ്യമല്ല.
അതേസമയം, ഇടവേളക്കുശേഷം വീണ്ടും എയർഇന്ത്യ എക്സ്പ്രസിന്റെ റദ്ദാക്കലും വൈകിപ്പറക്കലും യാത്രക്കാരെ നിരാശപ്പെടുത്തി. നേരത്തേ വൈകി പുറപ്പെടലും റദ്ദാക്കലും പതിവായിരുന്ന എയർഇന്ത്യ എക്സ്പ്രസിന് അടുത്തിടെ ഇത്തരം പ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ ഒരാഴ്ചക്കിടെ രണ്ടു ദിവസം മണിക്കൂറുകൾ വൈകുകയും ബുധനാഴ്ച സർവിസ് റദ്ദാക്കലും ഉണ്ടായി. ഞായറാഴ്ച കോഴിക്കോടുനിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള സർവിസുകൾ മൂന്നു മണിക്കൂർ വൈകിയിരുന്നു.
ഞായറാഴ്ച രാവിലെ 9.15ന് കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്ക് പുറപ്പെടേണ്ട വിമാനം 12.56നാണ് പുറപ്പെട്ടത്. ഉച്ചക്ക് 12.55ന് കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനം മൂന്നു മണിക്കൂർ വൈകി 4.11നാണ് പുറപ്പെട്ടത്. രാത്രി 12 മണിയോടെയാണ് വിമാനം കോഴിക്കോട് എത്തിയത്. രാത്രി 8.25ന് കോഴിക്കോട് എത്തേണ്ട വിമാനമാണിത്.
വ്യാഴാഴ്ചയും കോഴിക്കോട് സർവിസ് വൈകിയിരുന്നു. ഓണാഘോഷത്തിന് നാട്ടിലെത്താൻ ടിക്കറ്റ് എടുത്തവരെ വലച്ച് കോഴിക്കോട്ടേക്കുള്ള വിമാനം ഒന്നര മണിക്കൂറോളമാണ് വൈകിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.