വടക്കൻ കുവൈത്തിൽ അൽ സബ്രിയ സിറ്റി; പൊതു ഫണ്ട് സംരക്ഷിക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം
text_fieldsആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം
കുവൈത്ത് സിറ്റി: പൊതു ഫണ്ടുകൾ സംരക്ഷിക്കുന്നതിനായുള്ള നിയമം പരിഷ്കരിക്കുന്നതിനുള്ള കരട് ഡിക്രി-നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി.ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ നടന്ന മന്ത്രിസഭ യോഗത്തിലാണ് തുരുമാനം. മുൻ നിയമത്തിലെ പോരായ്മകൾ നികത്തൽ, വ്യാപ്തി വർദ്ധിപ്പിക്കൽ എന്നിവ കരട് നിയമത്തിൽ ഉൾപ്പെടുന്നു. സർക്കാരിന്റെ ദേശീയ മുൻഗണനയും കടമയും ആയി ഇത് കണക്കാക്കപ്പെടുന്നതായി മന്ത്രിസഭ അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ പരിവർത്തനത്തനത്തിനായുള്ള കരട് ഡിക്രി-നിയമത്തിനും മന്ത്രിസഭ അംഗീകാരം നൽകി. യോഗത്തിൽ എണ്ണ മന്ത്രി താരിഖ് അൽ റൂമി കുവൈത്ത് ഓയിൽ കമ്പനി അടുത്തിടെ ആരംഭിച്ച ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗിച്ച ഇന്നൊവേഷൻ സെന്ററിനെക്കുറിച്ച് വ്യക്തമാക്കി. ഇത് കുവൈത്ത് പെട്രോളിയം കോർപറേഷന്റെ ഊർജ മേഖലയിലെ ഡിജിറ്റൽ പരിവർത്തന തന്ത്രത്തിന്റെ ഭാഗമാണെന്നും സൂചിപ്പിച്ചു. 80 കിലോമീറ്റർ ദൈർഘ്യമുള്ള അൽ സബ്രിയ സിറ്റി പദ്ധതിയെക്കുറിച്ച് മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവന കാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ മെഷാരി വിശദീകരിച്ചു. ഇവിടെ 55,000 ഭവന യൂനിറ്റുകൾ ഉണ്ടാകും. വടക്കൻ കുവൈത്തിലെ ഏറ്റവും വലിയ ഭവന വികസന പദ്ധതികളിൽ ഒന്നാണിതെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രിയും ധനകാര്യ മന്ത്രിയും സാമ്പത്തിക, നിക്ഷേപ കാര്യ ആക്ടിങ് സഹമന്ത്രിയുമായ ഡോ. സബീഹ് അൽ മുഖൈസീം അൽ സൂർ നോർത്ത് പവർ പ്ലാന്റ് പദ്ധതിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങളിൽ ഒപ്പുവെച്ചതിനെക്കുറിച്ച് മന്ത്രിസഭയിൽ വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.