സൗദി കപ്പലിനുനേരെയുള്ള ആക്രമണം ഊർജ്ജ വിതരണത്തിന് ഭീഷണി; കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി കപ്പലിനുനേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും സുരക്ഷ, നാവിഗേഷൻ സ്വാതന്ത്ര്യം, ആഗോള വ്യാപാരം, ഊർജ്ജ വിതരണം എന്നിവക്ക് നേരിട്ടുള്ള ഭീഷണിയുമായാണ് ഈ ആക്രമണമെന്നും കുവൈത്ത് വ്യക്തമാക്കി.
സൗദി അറേബ്യക്ക് പൂർണ്ണ ഐക്യദാർഢ്യവും, പരമാധികാരവും സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി റിയാദ് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമുള്ള പിന്തുണയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിച്ചു. മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഏത് ശ്രമത്തെയും തള്ളിക്കളയുന്നു. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും, അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
ചെങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘എൻസെലിയ’ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പലിന്റെ മുൻഭാഗത്ത് തീപിടിത്തമുണ്ടായി. കപ്പൽ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. വാണിജ്യ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുനൽകുന്ന അന്താരാഷ്ട്ര നിയമങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇത്തരം ആക്രമണങ്ങളെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

