ഇസ്രായേലി ബ്ലോഗറെ കുവൈത്ത് നാടുകടത്തി
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേലി ബ്ലോഗർ ബെൻ സിയോണിനെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നാടുകടത്തി. അമേരിക്കൻ പാസ്പോർട്ട് ഉപയോഗിച്ച് രാജ്യത്ത് പ്രവേശിച്ച് 48 മണിക്കൂറിന് ശേഷമാണ് ഇയാളെ അധികൃതർ പിടികൂടി നാടുകടത്തിയതെന്ന് അൽ ഖബസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ പെങ്കടുക്കാനാണ് കുവൈത്തിലെത്തിയതെന്ന് ബെൻ സിയോൺ പറഞ്ഞു. ‘ഖുദ്സ് ഫലസ്തീനിെൻറ ശാശ്വത തലസ്ഥാനം’ എന്നതാണ് ഇത്തവണ കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രമേയം.
ജി.സി.സി രാജ്യങ്ങളുടെ പതാകയുമായി നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചിത്രത്തിന് താഴെ കമൻറിൽ ‘ഇസ്രായേൽ പതാകയുടെ കുറവുണ്ട്’ എന്ന് ഇയാൾ കമൻറ് ചെയ്യുകയും ചെയ്തു. മാധ്യമപ്രവർത്തകൻ അഹ്മദ് സകരിയ്യയുമായുള്ള അഭിമുഖത്തിൽ താൻ ഇസ്രായേൽ പൗരനാണെന്നും പുസ്തകമേളക്ക് എത്തിയതാണെന്നും ഇയാൾ തുറന്നുപറയുന്നുണ്ട്. അറബ്രാജ്യങ്ങളിൽ മറ്റുരാജ്യങ്ങളുടെ പാസ്പോർട്ട് ഉപയോഗിച്ച് ഇയാൾ പതിവായി സന്ദർശിക്കാറുണ്ടെന്ന് അധികൃതർ വിശദീകരിച്ചു. കുവൈത്തിൽ പ്രവേശിക്കുന്നതിന് ഇസ്രായേലി പൗരന്മാർക്ക് വിലക്കുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.