കുവൈത്തിൽ പ്രധാന ഇടങ്ങളിൽ കാമറകൾ നിർബന്ധം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പ്രധാന ഇടങ്ങളിലും സഥാപനങ്ങളിലും സുരക്ഷാ നിരീക്ഷണ കാമറകൾ നിർബന്ധമാക്കി ആഭ്യന്തര മന്ത്രാലയം. 2015 ലെ നിയമം നമ്പർ 61 പ്രകാരം കാമറകൾ നിർബന്ധമായും സ്ഥാപിക്കാൻ ബിസിനസ് ഉടമകളെ ആഭ്യന്തര മന്ത്രാലയം ഉണർത്തി.
നിരീക്ഷണ ദൃശ്യങ്ങൾ 120 ദിവസത്തേക്ക് മാറ്റങ്ങളോ പരിഷ്കരണങ്ങളോ കൂടാതെ സൂക്ഷിക്കണം. സി.സി.ടി.വി സംവിധാനങ്ങളുടെ പതിവ് അറ്റകുറ്റപ്പണികൾ നടത്തുകയും കാമറകളും അനുബന്ധ സുരക്ഷാ ഉപകരണങ്ങളും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം. പൊതുസുരക്ഷ വർധിപ്പിക്കൽ, സ്വത്ത് സംരക്ഷിക്കൽ, നിയമപാലകരുടെ അന്വേഷണങ്ങളെ സഹായിക്കൽ എന്നിവയുടെ ഭാഗമായാണ് നടപടി.
നിരീക്ഷണ സംവിധാനങ്ങൾ പ്രവർത്തനക്ഷമമായി നിലനിർത്തുന്നത് നിയമപരമായ ബാധ്യതയാണ്. അത് രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിന്റെ സുപ്രധാന ഭാഗമാണെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. വിപുലമായ സൗകര്യങ്ങളുള്ള പൊതു-സ്വകാര്യ സ്ഥാപനങ്ങൾ സുരക്ഷാ കാമറകൾ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്ന് നിയമപരമായി വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് മന്ത്രാലയം ഓർമപ്പെടുത്തി.
നിയമത്തെക്കുറിച്ച് സ്ഥാപനങ്ങൾക്കും വസ്തു ഉടമകൾക്കും കൂടുതൽ വിവരങ്ങൾക്കായി 25580888 എന്ന നമ്പറിൽ വാട്സ്ആപ്പ് വഴി ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടാം. സ്ഥാപനങ്ങൾ തങ്ങളുടെ നിരീക്ഷണ സംവിധാനങ്ങൾ പരിശോധിച്ച് നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
കാമറകൾ സഥാപിക്കേണ്ട സഥാപനങ്ങൾ
• ഹോട്ടലുകളും ഹോട്ടൽ അപ്പാർട്ട്മെന്റുകളും
• വാണിജ്യ സമുച്ചയങ്ങൾ
• സഹകരണ സംഘങ്ങൾ
• പാർപ്പിട സമുച്ചയങ്ങൾ
• ബാങ്കുകൾ
• യുവജന കേന്ദ്രങ്ങൾ
• കായിക-സാംസ്കാരിക ക്ലബ്ബുകൾ
• സ്വർണ്ണ-ആഭരണ വിൽപ്പനശാലകൾ
• ഷോപ്പിംഗ്, വിനോദ കേന്ദ്രങ്ങൾ
• ആശുപത്രികളും ക്ലിനിക്കുകളും
• ഇന്ധന സ്റ്റേഷനുകൾ
• പള്ളികളും ആരാധനാലയങ്ങളും
• വ്യാവസായിക മേഖലകൾ
• തുറമുഖങ്ങൾ
• ഷൂട്ടിംഗ് റേഞ്ചുകൾ
• വിലപിടിപ്പുള്ളതും അപകടകരവുമായ വസ്തുക്കൾ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണുകളും സംഭരണശാലകളും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

