ചൈന-കുവൈത്ത് കരാർ; തുടർനടപടികൾ വിലയിരുത്തി മന്ത്രിതല സമിതി
text_fieldsപ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന
മന്ത്രിതല സമിതി യോഗം
കുവൈത്ത് സിറ്റി: ചൈനയുമായി ഒപ്പുവച്ച കരാറുകളുടെയും ധാരണ പത്രങ്ങളുടെയും തുടർനടപടികൾ വിലയിരുത്തി മന്ത്രിതല സമിതി. ബയാൻ പാലസിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു. മുബാറക് അൽ കബീർ തുറമുഖ പദ്ധതി, പുനരുപയോഗ ഊർജ വികസനം, ഭവന നിർമാണം, മലിനജല സംസ്കരണ പ്ലാന്റുകൾക്കായുള്ള പാരിസ്ഥിതിക അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സൗഹൃദ പുനരുപയോഗം, മരുഭൂമീകരണത്തെ ചെറുക്കുന്നതിനുള്ള സഹകരണം, സുസ്ഥിര കൃഷി തുടങ്ങിയ സംയുക്ത കുവൈത്ത്-ചൈന സംരംഭങ്ങളുടെ പുരോഗതി യോഗം വിലയിരുത്തി.
കരാറുകളുടെയും ധാരണ പത്രങ്ങളുടെയും നടത്തിപ്പിനെക്കുറിച്ച് ഏഷ്യൻ കാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും കമ്മിറ്റി റിപ്പോർട്ടറുമായ അംബാസഡർ സമീഹ് ജോഹർ ഹയാത്ത് വിശദീകരണം നൽകി. പരിസ്ഥിതി അടിസ്ഥാന സൗകര്യങ്ങളിലെ സംയുക്ത ഏകോപനത്തിന്റെ ഭാഗമായി പൊതുമരാമത്ത് മന്ത്രാലയത്തിൽ നിന്നുള്ള ഉന്നതതല സാങ്കേതിക പ്രതിനിധി സംഘം അടുത്ത ആഴ്ച ചൈനയിലേക്ക് പോകും. രാജ്യത്തെ മലിനജല സംസ്കരണ പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ച് സംഘം ചർച്ച ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ധനമന്ത്രിയും സാമ്പത്തിക, നിക്ഷേപകാര്യ സഹമന്ത്രിയുമായ നൂറ അൽ ഫസ്സാം, പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. സബീഹ് അബ്ദുൽ അസീസ് അൽ മുഖൈസീം, പ്രധാനമന്ത്രിയുടെ ദിവാൻ ആക്ടിങ് മേധാവി ശൈഖ് ഖാലിദ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹ്, ഫത്വ, നിയമനിർമാണ വകുപ്പ് പ്രസിഡന്റ് കൗൺസിലർ സലാഹ് അൽ മജീദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.