ഇനി ആശ്വാസമാകും; ചൂടിന് വിട പറയാനൊരുങ്ങി രാജ്യം
text_fieldsകുവൈത്ത് സിറ്റി: നേരിയ മഴ ലഭിച്ചുകുവൈത്ത് സിറ്റി: ചൂടിന് വിട പറയാനൊരുങ്ങി രാജ്യം ശൈത്യകാലത്തിലേക്ക്. വിവിധയിടങ്ങളിൽ ഞായറാഴ്ച നേരിയ മഴ ലഭിച്ചു. ആകാശം മൂടികെട്ടിയ നിലയിലായിരുന്നു. വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധറാർ അൽ അലി പറഞ്ഞു.
വ്യാഴാഴ്ചയോടെ മഴയുടെ അളവ് വർധിക്കും. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാവും. രാത്രി സമയങ്ങളിൽ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും കാർഷിക മേഖലകളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കാഴ്ചാപരിധി കുറയാനിടയാക്കും. വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണം.
കാറ്റിന്റെ ദിശ മാറിക്കൊണ്ടിരിക്കും, തെക്കുകിഴക്കൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് നേരിയതോ മിതമായതോ ആയ വേഗതയിലായിരിക്കും. ചിലസമയങ്ങളിൽ കാറ്റിന്റെ വേഗത വർധിക്കാനും സാധ്യതയുണ്ട്. വ്യാഴാഴ്ച മുതൽ 'വസ്മ്' സീസണിലെ രണ്ടാംഘട്ടത്തിന് തുടക്കമാകും. ‘അൽ സമാഖ്’ എന്നറിയപ്പെടുന്ന വസ്മ് സീസണിലെ 13 ദിവസം നീളുന്ന രണ്ടാം ഘട്ടത്തിൽ രാത്രികാലങ്ങളിൽ തണുപ്പ് വർധിക്കും.
നവംബർ 10 വരെ നീളുന്ന ഈ കാലയളവിൽ സൂര്യോദയത്തോടനുബന്ധിച്ച് ഈർപ്പമുള്ള കാറ്റും, രാത്രിയുടെ ദൈർഘ്യം ക്രമേണ വർധിക്കുന്നതും പ്രത്യേകതയാണ്. പ്രഭാത സമയങ്ങളിൽ വെള്ളത്തിന് തണുപ്പ് കൂടുന്നതാണ് മറ്റൊന്ന്. മഴ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്.

