ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയനായ ഡോ. മുത്‌ലാഖ് റാഷിദ് അൽ ഖറാവി നിര്യാതനായി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിലെ മുൻ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തന മേഖലയിലെ പ്രമുഖനുമായ ഡോ. മുത്‌ലാഖ് റാഷിദ് അൽ ഖറാവി (72) നിര്യാതനായി. മത, ജീവകാരുണ്യ രംഗത്ത് അറിയപ്പെടുന്ന ഇദ്ദേഹം കുവൈത്തിനകത്തും പുറത്തുമുള്ള നിരവധി മാനുഷിക സംരംഭങ്ങളെ പിന്തുണക്കുന്നതിൽ മുൻ നിരയിലുണ്ടായിരുന്നു.
1953ൽ ജനിച്ച അൽ ഖറാവി ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രാലയത്തിൽ നിരവധി നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജീവിതത്തിലുടനീളം ഭരണപരവും മതപരവുമായ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധചെലുത്തി. പ്രവാസികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കണ്ടറിഞ്ഞ് പ്രത്യേക പരിഗണന നൽകാനും ശ്രദ്ധ നൽകിയിരുന്നു. കേരളത്തിലെയും മറ്റ് സംസ്ഥാനത്തിലെയും വിവിധ ഇസ്ലാമിക സ്ഥാപങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
ഇസ്ലാമിക പഠനത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ ഡോ. മുത്‌ലാഖ് റാഷിദ് അൽ ഖറാവി വിവിധ ഇസ്ലാമിക വിഷയങ്ങളിൽ മൂന്ന് പുസ്തകങ്ങളും ആത്മകഥയും രചിച്ചിട്ടുണ്ട്. അൽ അൻബാ പത്രത്തിലെ പത്രപ്രവർത്തകൻ, കോളമിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനാണ്. നിരവധി മാസികളിൽ എഴുത്തുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുവൈത്ത് ഔഖാഫ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറി, ആഫ്രിക്ക - സുഡാൻ സർവകലാശാലയുടെ ബോർഡ് ഓഫ് ട്രസ്റ്റീ അംഗം, ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ ബോർഡ് അംഗം- സെക്രട്ടറി, തായ്‌ലാൻഡിലെ ഫതാനി ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ബോർഡ് ഓഫ് ട്രസ്റ്റീ അംഗം, ഡച്ച് ഇസ്ലാമിക് എൻഡോവ്‌മെന്റിന്റെ പ്രസിഡന്റ്, ബ്രിട്ടനിലെ ഷെഫീൽഡിലുള്ള അമാനത്ത് അൽ ഇമാൻ എൻഡോവ്‌മെന്റ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ, അൽ അവാസെം ട്രൈബ് ചാരിറ്റി സ്ഥാപക അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഡോ. മുത്‌ലാഖ് റാഷിദ് അൽ ഖറാവിയുടെ നിര്യാണത്തിൽ കെ.ഐ.ജി കുവൈത്ത് അനുശോചിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.