വൈദ്യുതിക്ഷാമം: ഇറാഖിന് കുവൈത്ത് 17 ജനറേറ്റർ നൽകും
text_fieldsകുവൈത്ത് സിറ്റി: വൈദ്യുതി ക്ഷാമത്തിൽ പ്രയാസപ്പെടുന്ന ഇറാഖിന് കുവൈത്ത് 17 ജനറേറ്ററുകൾ നൽകും. ഇറാഖി ബസറ നഗരത്തിലാണ് വൈദ്യുതിക്ഷാമം നേരിടുന്നത്. അമീറിെൻറ നിർദേശപ്രകാരം മൊത്തം 30,000 കിലോവാട്ട് ശേഷിയുള്ള മാറ്റിസ്ഥാപിക്കാവുന്ന ജനറേറ്ററുകളാണ് നൽകുക. ജല, വൈദ്യുത മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ബൂഷഹരി അറിയിച്ചതാണിത്. ഇറാഖ് പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച കുവൈത്ത് അമീറുമായി ഫോണിൽ സംസാരിച്ച് നിലവിലെ ഗുരുതരമായ പ്രതിസന്ധി മറികടക്കാൻ സഹായം അഭ്യർഥിച്ചിരുന്നു. അയൽരാജ്യത്തിെൻറ സ്ഥിരതയും സമാധാനവും വികസനവും കുവൈത്തിെൻറ പരിഗണനാ വിഷയമാണെന്ന് വ്യക്തമാക്കിയ അമീർ സഹായിക്കാമെന്ന് സമ്മതിച്ചിരുന്നു.
ഇറാഖിൽ പ്രവർത്തനരഹിതമായിക്കിടക്കുന്ന പവർസ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാനാവശ്യമായ ഇന്ധനം നൽകാമെന്നും കുവൈത്ത് സമ്മതിച്ചിട്ടുണ്ട്. 30,000 ക്യുബിക് മീറ്റർ എണ്ണ നിറച്ച ടാങ്കർ ശനിയാഴ്ച കുവൈത്തിൽനിന്ന് ഇറാഖിലെത്തിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ ടാങ്കറുകൾ എണ്ണയുമായി ഇറാഖിലേക്ക് നീങ്ങും. ഇന്ധനക്ഷാമം കാരണം പവർസ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ കഴിയാതെ ഇറാഖ് വൈദ്യുതി മന്ത്രാലയം പ്രയാസപ്പെടുന്നുണ്ട്. വൈദ്യുതിമുടക്കം തെക്കൻ ഇറാഖിൽ ജനകീയ പ്രക്ഷോഭത്തിനുവരെ കാരണമായ പശ്ചാത്തലത്തിലാണ് അയൽരാജ്യമായ കുവൈത്ത് സഹായഹസ്തം നീട്ടിയത്. പൊതുസേവനങ്ങളും തൊഴിലും ആവശ്യപ്പെട്ട് ഇറാഖിലെ നജഫിൽ ആരംഭിച്ച സമരം ഇനിയും കെട്ടടങ്ങിയിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.