കുവൈത്തിൽ കുടുംബ സന്ദർശന വിസ എല്ലാവർക്കും ലഭ്യം; 'ശമ്പള പരിധി ആവശ്യമില്ല'
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ എല്ലാ പ്രവാസികൾക്കും ഇനി കുടുംബങ്ങളെ സന്ദർശന വിസയിൽ കൊണ്ടുവരാം. വിദേശ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കുമുള്ള നിയന്ത്രണങ്ങൾ കുവൈത്ത് ലഘൂകരിക്കുകയും വിസ അപേക്ഷ നിബന്ധനകളിൽ ഇളവ് വരുത്തുകയും ചെയ്തു.
കുടുംബ സന്ദർശന വിസ അപേക്ഷകന് നിർബന്ധമാക്കിയിരുന്ന കുറഞ്ഞ ശമ്പള വ്യവസ്ഥ, കുവൈത്ത് ദേശീയ വിമാന കമ്പനികളെ ആശ്രയിക്കണമെന്ന നിർബന്ധം, യൂനിവേഴ്സിറ്റി ബിരുദ യോഗ്യത എന്നിവ ഒഴിവാക്കി. ഇതിനൊപ്പം മൂന്ന് മാസം മുതൽ ഒരു വർഷം വരെ മൾട്ടിപ്പിൾ എൻട്രി കുടുംബസന്ദർശന വിസയും ആരംഭിച്ചു.
അതേസമയം, കുടുംബസന്ദർശന വിസകളുടെ സാധുത ഒരു മാസം മാത്രമേ നിലനിൽക്കുന്നുള്ളൂവെന്ന് റെസിഡൻസി അഫയേഴ്‌സ് വകുപ്പിലെ ഇലക്ട്രോണിക് സർവീസസ് ഡയറക്ടർ കേണൽ അബ്ദുൽ അസീസ് അൽ കന്ദരി ‘കുവൈത്ത് ടെലിവിഷ’നോട് പറഞ്ഞു. ‘കുവൈത്ത് വിസ പ്ലാറ്റ്‌ഫോം’ വഴി ഓൺലൈനായി കുടുംബ സന്ദർശന വിസകൾക്കും മറ്റ് വിസകൾക്കും അപേക്ഷിക്കാം. അപേക്ഷ പൂരിപ്പിച്ചാൽ അഞ്ച് മിനിറ്റിനുള്ളിൽ വിസ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു മാസത്തേക്ക് മൂന്നു ദിനാറും ആറു മാസത്തേക്ക് ഒമ്പതു ദിനാറും ഒരു വർഷത്തേക്ക് 15 ദിനാറുമാണ് വിസ ഫീസ്. സന്ദർശകർക്ക് ആവശ്യമായ ഒപ്ഷൻ തെരഞ്ഞെടുക്കാം. എന്നാൽ ഒരു മാസത്തിൽ കൂടുതൽ തുടർച്ചയായി കുവൈത്തിൽ തങ്ങാനാകില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.