അറബ് ലീഗ് യോഗത്തിൽ വിദേശകാര്യ മന്ത്രി; സമ്പൂർണ ഫലസ്തീൻ രാഷ്ട്രം ഒത്തുതീർപ്പിന് വിധേയമല്ലാത്ത വിഷയം
text_fieldsകൈറോയിൽ അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗം
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയിൽ ഫലസ്തീന്റെ പൂർണ അംഗത്വം ഫലസ്തീനികളുടെ ഭാവിക്കും സ്വതന്ത്ര രാഷ്ട്രത്തിനായുള്ള അവരുടെ അവകാശത്തിനും പ്രധാനമാണെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ പറഞ്ഞു. കിഴക്കൻ ജറുസലം തലസ്ഥാനമായുള്ള ഫലസ്തീൻ രാഷ്ട്രം ഒത്തുതീർപ്പിന് വിധേയമല്ലാത്ത വിഷയമാണ്.
ഫലസ്തീനികളുടെ മാത്രമല്ല, അറബ് ലോകത്തിന്റെ മുഴുവൻ പ്രധാന സ്വപ്നമാണിതെന്നും അൽ യഹ്യ പറഞ്ഞു. കൈറോയിൽ അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ 163ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയിൽ വെടിനിർത്തലിനായി അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നിവയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ പ്രതീക്ഷകൾ നൽകിയിരുന്നു.
എന്നാൽ ഇസ്രായേൽ കരാറുകളും അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചു ഫലസ്തീനികൾക്കെതിരെ ആക്രമണം തുടർന്നതായും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
ഗസ്സ പുനർനിർമാണത്തിനുമുള്ള കൈറോ അന്താരാഷ്ട്ര ഉച്ചകോടിക്ക് വിദേശകാര്യ മന്ത്രി പിന്തുണ അറിയിച്ചു. യു.എൻ.ആർ.ഡബ്ല്യു.എ ഗസ്സയിലും വെസ്റ്റ് ബാങ്കിലും നടത്തുന്ന ശ്രമങ്ങൾക്കും പിന്തുണ പ്രകടിപ്പിച്ചു. ജറൂസലമിന്റെ നിയമപരമായ പദവിയും ചരിത്രവും കളങ്കപ്പെടുത്താനുള്ള ഇസ്രായേൽ ശ്രമങ്ങളോടുള്ള കുവൈത്തിന്റെ കടുത്ത എതിർപ്പും അബ്ദുല്ല അൽ യഹ്യ അറിയിച്ചു.
വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ
സിറിയൻ സർക്കാർ രൂപവത്കരണത്തെ സ്വാഗതം ചെയ്ത അൽ യഹ്യ ലബനാനും അവിടത്തെ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ആണവ കരാർ വിഷയത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള ഉന്നതതല ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചതിന് ഒമാനെ അബ്ദുല്ല അൽ യഹ്യ പ്രശംസിച്ചു.
ഇത്തരം നടപടികൾ മേഖലയെ കൂടുതൽ സ്ഥിരതയുള്ളതും സമാധാനപരവുമായ ഘട്ടത്തിലേക്ക് നയിക്കുമെന്നും കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.