ജി.സി.സി റെയിൽ: സ്ഥലം വിട്ടുനൽകുന്നവരുടെ നഷ്ടപരിഹാരം ഉടൻ
text_fieldsകുവൈത്ത് സിറ്റി: ജി.സി.സി റെയിൽ പദ്ധതിക്കായി ഭൂമി വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാരത്തുക ഉടൻ നൽകും. ധനമന്ത്രാലയത്തിലെ പ്രോപർട്ടി വിഭാഗം ഇതിന് അന്തിമരൂപം തയാറാക്കിയിട്ടുണ്ട്. മന്ത്രിസഭയുടെ അനുമതികൂടി ലഭിച്ചാൽ തുക വിതരണം ചെയ്യും. ഇതോടെ, ജി.സി.സി റെയിൽ പദ്ധതി നടത്തിപ്പിലെ പ്രധാന തടസ്സം ഒഴിവായി. റെയിൽ കടന്നുപോവുന്ന തോട്ടങ്ങളുടെ ഉടമസ്ഥർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് മന്ത്രിസഭ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും നീക്കാൻ റോഡ്സ് അതോറിറ്റിയോട് ആവശ്യപ്പെട്ടു. നഷ്ടപരിഹാര വിഷയത്തിൽ കൃഷി-മത്സ്യ വിഭാഗം അതോറിറ്റിയും ധനമന്ത്രാലയവും സഹകരിച്ച് തീരുമാനമെടുക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. ഇതിലാണ് ഇപ്പോൾ വ്യക്തത വന്നത്.
നിർദിഷ്ട റെയിൽവേ പദ്ധതിയുടെ കുവൈത്തിലെ പാത നിർണയം പൂർത്തിയായിട്ടുണ്ട്. സർക്കാർ- സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവൃത്തികൾ നടക്കുകയാണ്. പദ്ധതി ഏറ്റെടുത്ത് പൂർത്തിയാക്കാനുള്ള കരാർ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനങ്ങൾക്ക് നൽകാനാണ് തീരുമാനം. കുവൈത്ത് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുക. കുവൈത്ത് സിറ്റിയെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവുമായും തുറമുഖങ്ങളുമായും ബന്ധിപ്പിക്കുന്ന റെയിൽവേപാത കുവൈത്തിനെ മറ്റു ജി.സി.സി രാജ്യങ്ങളുമായും ബന്ധിപ്പിക്കും.
511 കിലോമീറ്റർ നീളത്തിലാണ് റെയിൽവേ ലൈൻ നിർമിക്കുക. കുവൈത്ത് ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിച്ച് റെയിൽ പദ്ധതി യാഥാർഥ്യമാവുന്നത് അംഗരാജ്യങ്ങൾക്കിടയിലെ യാത്രാ, ചരക്ക് നീക്കം ഏറെ എളുപ്പമാക്കും. പദ്ധതിയുടെ ഒന്നാംഘട്ടമെന്ന നിലക്ക് കുവൈത്തിെൻറ തെക്കൻ ഭാഗമായ നുവൈസീബ്-അൽഖഫ്ജി മുതൽ വടക്ക് മുബാറക് അൽ കബീർ-ബൂബ്യാൻ ദ്വീപ് വരെയുള്ള ഭാഗമാണ് പൂർത്തിയാക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.