കുവൈത്ത്-ചൈന കരാർ പദ്ധതി നടത്തിപ്പ് ത്വരിതപ്പെടുത്തും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തും ചൈനയും തമ്മിൽ ഒപ്പുവെച്ച കരാറുകളുടെയും ധാരണപത്രങ്ങളുടെയും നടത്തിപ്പ് ത്വരിതപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ്. ഇരു സർക്കാറുകളും തമ്മിൽ ഒപ്പുവെച്ച കരാറുകളുടെയും ധാരണപത്രങ്ങളുടെയും നടപ്പാക്കൽ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
മുബാറക് അൽ കബീർ തുറമുഖ പദ്ധതിയിലെ സഹകരണം, വൈദ്യുതി സംവിധാനം, പുനരുപയോഗ ഊർജ വികസനം, മാലിന്യ പുനരുപയോഗത്തിനുള്ള കുറഞ്ഞ കാർബൺ ഹരിത സംവിധാനം, ഭവന വികസനം, മലിനജല സംസ്കരണ പ്ലാന്റുകൾക്കുള്ള പാരിസ്ഥിതിക അടിസ്ഥാന സൗകര്യങ്ങൾ, സ്വതന്ത്ര, സാമ്പത്തിക മേഖലകൾ തുടങ്ങിയ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകളിലെ പുരോഗതി യോഗം വിലയിരുത്തി. കമ്മിറ്റിയുടെ 16ാമത് യോഗമാണിത്.
ചൈനയുമായുള്ള സഹകരണവും തന്ത്രപരമായ പങ്കാളിത്തവും വികസിപ്പിക്കൽ, നിക്ഷേപ, സാമ്പത്തിക അവസരങ്ങൾ, രാജ്യത്തിന്റെ വികസന ദർശനത്തിന് അനുസൃതമായി പദ്ധതികളുടെ നടത്തിപ്പ് ത്വരിതപ്പെടുത്തൽ എന്നിവയും യോഗം ചർച്ച ചെയ്തു. ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും മന്ത്രിതല സമിതി അംഗവുമായ അംബാസഡർ സമീഹ് ജവഹർ ഹയാത്ത്, ഇരു രാജ്യങ്ങളിലെയും സർക്കാറുകൾക്കുമിടയിൽ നിലനിൽക്കുന്ന സഹകരണം, കൂടിയാലോചന, ഏകോപനം എന്നിവ വിശദീകരിച്ചു.
പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ, മുനിസിപ്പൽ കാര്യ, ഭവന കാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അൽ മിഷാരി, ധനകാര്യ, സാമ്പത്തിക, നിക്ഷേപ കാര്യ സഹമന്ത്രി നൂറ അൽ ഫസ്സാം, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി ഡോ. സബീഹ് അൽ മുഖൈസീം, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് ഡോ. മിശ്അൽ ജാബിർ അൽ അഹമ്മദ് അസ്സബാഹ്, ഫത്വ ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി സലാ അൽ മജീദ്, ഏഷ്യൻ അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും മിനിസ്റ്റീരിയൽ കമ്മിറ്റി അംഗവുമായ അംബാസഡർ സമീഹ് ജവഹർ ഹയാത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.