ഒരു ലക്ഷത്തിലധികം പെർമിറ്റുകൾ നൽകി; എക്സിറ്റ് പെർമിറ്റ് നിയമം സുഗമമായി മുന്നോട്ട്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് രാജ്യം വിടാൻ നിർബന്ധമാക്കിയ എക്സിറ്റ് പെർമിറ്റ് നിയമം സുഗമമായി മുന്നോട്ട്. നിയമം നടപ്പാക്കിയതിന് ശേഷം 1,00,000 ത്തിലധികം പെർമിറ്റുകൾ നൽകിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ പി.ആർ വിഭാഗം ഡയറക്ടർ മുഹമ്മദ് അൽമുസൈനി വ്യക്തമാക്കി. ദുരുപയോഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളോ തൊഴിലുടമകളോ നൽകിയ പരാതികൾ ഗവർണറേറ്റുകളിലെ കേന്ദ്രങ്ങൾവഴി സ്വീകരിച്ച് ഉടനടി പരിഹരിക്കുന്നുണ്ടെന്നും അൽ മുസൈനി കൂട്ടിച്ചേർത്തു. ജൂലൈ ഒന്നു മുതലാണ് രാജ്യത്ത് സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് യാത്രക്കു മുമ്പ് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കിയത്.
ഇതു പ്രകാരം സ്വകാര്യ തൊഴിൽ മേഖലയിലെ എല്ലാ പ്രവാസി തൊഴിലാളികളും രാജ്യം വിടുന്നതിന് മുമ്പ് എക്സിറ്റ് പെർമിറ്റ് നേടണം. യാത്രക്കുമുമ്പ് തൊഴിലുടമകളിൽ നിന്നുള്ള ഔദ്യോഗിക അനുമതി ഉറപ്പാക്കുകയാണ് ലക്ഷ്യം.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കൽ, യാത്ര നിയമപരമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ മുൻകൂർ അനുമതിയില്ലാതെയും സ്പോൺസർ അറിയാതെയും തൊഴിലാളികൾ പോകുന്ന സംഭവങ്ങൾ കുറക്കുക എന്നിവയും പുതിയ സംവിധാനം വഴി ലക്ഷ്യമിടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.