ദമ്മാം വിമാനത്താവള ആക്രമണം; ശക്തമായി അപലപിച്ചു കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: സൗദി അറേബ്യയിലെ ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൂതി വിമതർ നടത്തിയ ആക്രമത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഹൂതി ആക്രമണം സൗദിയുടെ പരമാധികാരത്തിന്മേലുള്ള ഗുരുതരമായ ലംഘനവും അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും വ്യക്തമായ ലംഘനവുമാണന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സിവിലിയൻ വിമാനത്താവളങ്ങളെയും സുപ്രധാന സൗകര്യങ്ങളെയും തുടർച്ചയായി ലക്ഷ്യമിടുന്നത് സ്ഥിതിഗതികളെ ഗുരുതരമായി വഷളാക്കുന്നതും, സാധാരണക്കാരുടെ ജീവനും വ്യോമഗതാഗത സുരക്ഷക്കും നേരിട്ടുള്ള ഭീഷണിയുമാണ്. ഇത്തരം ആക്രമണങ്ങൾ തടയുന്നതിനും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ശക്തമായ അന്താരാഷ്ട്ര നിലപാട് അനിവാര്യമാണ്.
സൗദി അറേബ്യക്ക് സമ്പൂർണ്ണ ഐക്യദാർഢ്യം അറിയിച്ച കുവൈത്ത്, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും പരമാധികാരം കാത്തുസൂക്ഷിക്കുന്നതിനുമായി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ അറിയിച്ചു.
സൗദി അറേബ്യയുടെ സുരക്ഷ, കുവൈത്തിന്റെയും ഗൾഫ് സഹകരണ കൗൺസിലിലെ (ജി.സി.സി) മറ്റ് രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും കുവൈത്ത് ആവർത്തിച്ചു. സൗദി സർക്കാർ, ജനങ്ങൾ, ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾ എന്നിവരെ കുവൈത്ത് അഗാധമായ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബുധനാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ രണ്ടു പേർ മരിച്ചിരുന്നു. മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനും മറ്റൊരാൾ സൗദി പൗരനുമാണ്. എട്ട് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
ഒരു സൗദി പൗരൻ, ഇന്ത്യ, യമൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ നിന്ന് രണ്ട് വീതം, നേപ്പാൾ സ്വദേശിയായ ഒരാൾ എന്നിങ്ങനെയാണ് പറിക്കേറ്റവർ. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും വ്യോമഗതാഗതം സാധാരണ നിലയിലാകുകയും ചെയ്തിട്ടുണ്ട്.

