60 െൻറ നിറവിൽ അഭിമാനമായി കുവൈത്ത് ടെലിവിഷൻ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിെൻറ സാംസ്കാരിക ചരിത്രത്തിലെ അഭിമാന സ്തംഭങ്ങളിലൊന്നായി കുവൈത്ത് ടെലിവിഷൻ നിലവിൽ വന്നിട്ട് ആറു പതിറ്റാണ്ടാകുന്നു. അറബ് മാധ്യമരംഗത്തുതന്നെ എടുത്തുപറയാവുന്ന സംരംഭങ്ങളിലൊന്നാണ് കുവൈത്ത് ടി.വി.
കെ.ടി.വി ഒന്ന്, കെ.ടി.വി രണ്ട്, കെ.ടി.വി സ്പോർട്സ്, കെ.ടി.വി സ്പോർട്സ് പ്ലസ്, അൽ ഖുറൈൻ ചാനൽ, അൽ അറബി ചാനൽ, കെ.ടി.വി കിഡ്സ്, ഇത്റ എന്നീ എട്ട് ടെറസ്ട്രിയൽ ചാനലുകളും അൽ മജ്ലിസ് എന്ന ഉപഗ്രഹ ചാനലും അടങ്ങുന്നതാണ് നിലവിൽ കുവൈത്ത് ടെലിവിഷൻ നെറ്റ്വർക്ക് . വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിലാണ് പ്രവർത്തിക്കുന്നത്. കിഡ്സ് ചാനലിൽ കുട്ടികളാണ് പ്രധാനമായും പരിപാടികൾ അവതരിപ്പിക്കുന്നത്.
പിന്നണിയിൽ മുതിർന്നവരുടെ സാന്നിധ്യമുണ്ടാവുമെങ്കിലും ഇവിടെയും കുട്ടികളെ കൂടെ നിർത്തി പരിശീലനം നൽകുന്നു. രാജ്യത്തിെൻറ വികസനത്തിന് മുതൽക്കൂട്ടാവുന്ന രീതിയിൽ വിദ്യാഭ്യാസപരമായും സാംസ്കാരികമായും ബൗദ്ധികമായും കരുത്തുറ്റ തലമുറയെ വാർത്തെടുക്കാൻ ലക്ഷ്യമിടുന്നു.
അറേബ്യൻ ഉപദ്വീപിലെ രണ്ടാമത്തെ ടി.വി സ്റ്റേഷനായിട്ടാണ് 1961 നവംബർ 15ന് കുവൈത്തിലെ ശർഖിൽനിന്ന് കുവൈത്ത് ടെലിവിഷൻ പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റിൽ ദിവസം നാലു മണിക്കൂർ വീതമായിരുന്നു സംപ്രേഷണം. 1974 മാർച്ചിൽ ബഹ്റൈനിൽനിന്ന് ഗൾഫ് കപ്പ് ഓഫ് നേഷൻസിെൻറ ആദ്യ റൗണ്ടിനായി പി.എ.എൽ ഫോർമാറ്റിൽ കളർ സംപ്രേഷണം ആരംഭിച്ചു.
പശ്ചിമേഷ്യക്കു പുറമെ യൂറോപ്പ്, വടക്കൻ അമേരിക്ക, ആസ്ട്രേലിയ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലും ഇപ്പോൾ ലൈവ് സംപ്രേഷണം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലെതന്നെ മികച്ച സാേങ്കതികസൗകര്യങ്ങളാണ് കുവൈത്ത് ടെലിവിഷനായി വാർത്താവിനിമയ മന്ത്രാലയം ഒരുക്കിയിട്ടുള്ളത്. സാേങ്കതിക പ്രവർത്തകരിൽ വിവിധ രാജ്യക്കാരുണ്ട്. ഉള്ളടക്കത്തിലും മികച്ച അഭിപ്രായമാണ് നേടിയിട്ടുള്ളത്. ദേശീയ െഎക്യം, രാജ്യത്തിെൻറ സംസ്കാരവും മൂല്യബോധവും, പാരമ്പര്യം എന്നിവ ഉയർത്തിപ്പിടിക്കണമെന്ന നിർബന്ധബുദ്ധി അധികൃതർ വെച്ചുപുലർത്തുന്നു.
കല, സാഹിതം, സംസ്കാരം, വിജ്ഞാനമേഖല എന്നിവക്ക് പ്രാധാന്യം നൽകുന്നു. 60ാം വാർഷിക വേളയിൽ വാർത്താവിനിമയ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു. കോവിഡ് കാലത്തും ശ്രദ്ധേയമായ സംഭാവനകൾ അർപ്പിക്കാൻ കുവൈത്ത് ടി.വിക്കു കഴിഞ്ഞു. അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്ന ഘട്ടത്തിൽ ആധികാരിക വിവരങ്ങൾ അധികൃതർ കുവൈത്ത് ടി.വിയിലൂടെ ലഭ്യമാക്കി. രാഷ്ട്ര നേതൃത്വം പൊതുജനങ്ങളെ അഭിസംബോധന ചെയ്തിരുന്നതും ദേശീയ ടെലിവിഷൻ വഴിയാണ്.
മസ്ജിദുൽ കബീറിൽ മാത്രമായി ജുമുഅ നമസ്കാരം പരിമിതപ്പെടുത്തിയ ഘട്ടത്തിൽ അത് കെ.ടി.വിയിലൂടെ രാജ്യനിവാസികൾക്ക് കാണാനും അവസരമൊരുക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.