മനുഷ്യാവകാശ ഉടമ്പടികളിലുള്ള ഉറച്ച വിശ്വാസം അടിവരയിട്ട് കുവൈത്ത്
text_fieldsശൈഖ ജവഹർ ഇബ്രാഹിം ദുഐജ് അസ്സബാഹും പ്രതിനിധികളും
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര മനുഷ്യാവകാശ കൺവെൻഷനുകളിലും ഉടമ്പടികളിലും അറബ് മനുഷ്യാവകാശ ചാർട്ടറിലും കുവൈത്തിന്റെ പൂർണ വിശ്വാസം വ്യക്തമാക്കി മനുഷ്യാവകാശ സഹവിദേശകാര്യ മന്ത്രി ശൈഖ ജവഹർ ഇബ്രാഹിം ദുഐജ് അസ്സബാഹ്. ചാർട്ടർ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം സംബന്ധിച്ച ചട്ടത്തിലെ ആർട്ടിക്ൾ 45ലെ ഖണ്ഡിക പരിഷ്കരിക്കാനുള്ള യോഗത്തിൽ പങ്കെടുക്കുന്നതിനിടയിൽ പ്രതികരിക്കുകയായിരുന്നു അവർ.
ലിബിയൻ നിർദേശം പരിശോധിക്കുന്നതിനായി കെയ്റോ ആസ്ഥാനമായുള്ള അറബ് ലീഗിലാണ് യോഗം നടന്നത്. അറബ് ലീഗിലെ 22 അംഗരാജ്യങ്ങളെയും കമ്മിറ്റിയിൽ പ്രതിനിധീകരിക്കുന്ന തരത്തിൽ സംവിധാനം ഭേദഗതി ചെയ്യുന്നതിലും കമ്മിറ്റിയിലെ 18 അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിലും അംഗരാജ്യങ്ങൾ സമവായത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ശൈഖ ജവഹർ പറഞ്ഞു.
രാജ്യങ്ങൾക്കിടയിൽ സമവായം പ്രതിഫലിപ്പിക്കുന്ന തരത്തിൽ ചട്ടം പരിഷ്കരിക്കപ്പെടുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. അറബ് മേഖലയിൽ മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യങ്ങളുടെ കടമകൾ നടപ്പിലാക്കുന്നതിനും അറബ് ചാർട്ടർ കമ്മിറ്റിയുടെ പ്രാധാന്യം ശൈഖ ജവഹർ സൂചിപ്പിച്ചു. അറബ് സംയുക്ത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതിലും കുവൈത്ത് പ്രതീക്ഷ പുലർത്തുന്നതായും വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.