റോഡപകടങ്ങളും നിയമലംഘനങ്ങളും കുറഞ്ഞു; കരുതലോടെ യാത്ര
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് നിലവിൽ വന്ന പുതിയ ഗതാഗതനിയമം വലിയ വിജയം. നിമയങ്ങളും പിഴവുകളും കർശനമാക്കിയതോടെ റോഡപകടങ്ങളും മരണങ്ങളും നിയമലംഘനങ്ങളും വലിയരൂപത്തിൽ കുറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വകുപ്പ് പുറത്തുവിട്ട പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025ന്റെ ആദ്യ പകുതിയിൽ ഗതാഗത നിയമലംഘനങ്ങളുടെയും അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണത്തിൽ ഗണ്യമായി കുറഞ്ഞു.
ഈ വർഷത്തെ ആദ്യ പകുതിയിൽ 1,659,448 ഗതാഗത നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ ഇത് 1,968,733 ആയിരുന്നു. ഈ വർഷം മുൻ വർഷത്തേതിൽ നിന്ന് 16 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ വാഹനാപകടങ്ങളുടെ എണ്ണം 2,511 ആയിരുന്നു. ഈ വർഷം ഇത് 45 ശതമാനം കുറഞ്ഞ് 1,383 ആയി. വാഹനാപകടങ്ങൾ മൂലമുണ്ടായ മരണങ്ങളുടെ എണ്ണത്തിലും ഈ വർഷം കുറവുണ്ട്.
മുൻ വർഷത്തെ ഇതേ കാലയളവിലെ 143ൽ നിന്ന് 94 ആയി മരണം കുറഞ്ഞു. 34 ശതമാനമാണ് കുറവുണ്ടായത്.
ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കുന്ന ബോധവത്കരണ കാമ്പയിൻ, ആധുനിക നിരീക്ഷണ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയാണ് ഈ കുറവിന് കാരണമെന്ന് ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി.
ഈ വർഷം ഏപ്രിൽ 22നാണ് കുവൈത്തിൽ പുതിയ ഗതാഗത നിയമം നടപ്പാക്കിയത്.
റോഡ് സുരക്ഷ വർധിപ്പിക്കൽ, സ്മാർട്ട് സുരക്ഷാ-ട്രാഫിക് സംവിധാനങ്ങൾ വികസിപ്പിക്കൽ, നിയമലംഘനങ്ങൾ കുറക്കൽ, അപകടകരമായ ഡ്രൈവിങ് ശീലങ്ങൾ നിയന്ത്രിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നത്. നേരത്തെയുള്ള പിഴകളിൽ വൻ വർധനവ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.