ഈർപ്പവും പൊടിയും നിറഞ്ഞ് അന്തരീക്ഷം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഈർപ്പവും പൊടിയും നിറഞ്ഞ കാലാവസ്ഥ തുടരുന്നു. ഈ ഘട്ടത്തിൽ ആസ്ത്മ, അലർജി തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ സൂക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ജലാംശം അടങ്ങിയതിനാൽ ഈർപ്പമുള്ള വായു ശ്വസനവ്യവസ്ഥയെ പെട്ടെന്ന് ബാധിക്കും. ഇത് ആസ്ത്മ, അലർജി രോഗികൾക്ക് ശ്വസനം കൂടുതൽ ബുദ്ധിമുട്ടാക്കും. ഈർപ്പം വായുവിൽ നിറയുമ്പോൾ നിലത്ത് അടിഞ്ഞുകൂടുന്ന ചെറിയ കണികകൾ വായുവിലൂടെ സഞ്ചരിക്കും. ഇത് അലർജി ബാധിതരിൽ ലക്ഷണങ്ങൾ വഷളാക്കും. ശ്വസന പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിൽ പൊടി കാറ്റും പ്രധാന പങ്ക് വഹിക്കും. അലർജിയോ ആസ്ത്മയോ ഉള്ളവർ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം.
മോശം കാലാവസ്ഥയിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും വേണം. ഇത്തരം ആളുകൾ എയർ കണ്ടീഷൻ ചെയ്തതും അടച്ചിട്ടതുമായ ഇടങ്ങളിൽ കഴിയുന്നതാണ് കൂടുതൽ സുരക്ഷിതം. പുറത്ത് പോകേണ്ടി വന്നാൽ മാസ്ക് ധരിക്കുകയും മരുന്നുകൾ കൈവശം വെക്കുകയും വേണം. അതേസമയം, ഒരാഴ്ചയായി രാജ്യത്ത് ഈർപ്പവും ചൂടുള്ളതുമായ കാലാവസ്ഥയാണ്. തിങ്കളാഴ്ച മുതൽ ‘കുലൈബിൻ’ സീസൺ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് തണുത്ത കാലാവസ്ഥ ആരംഭിക്കുന്നതിന് മുമ്പുള്ള കഠിനമായ ചൂടിന്റെ അവസാന ഘട്ടമായാണ് ഇതിനെ കണക്കാക്കുന്നത്. 13 ദിവസത്തെ സീസൺ അവസാനിക്കുന്നതോടെ കാലാവസ്ഥ കൂടുതൽ മിതമാവുകയും പകൽ താപനില കുറയാൻ തുടങ്ങുകയും ചെയ്യും. ഈ മാസം അവസാനത്തോടെ താപനിലയിൽ കുറവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.