യാത്ര തടസ്സം നീങ്ങി; കുവൈത്തിൽ നിന്ന് ശ്വേത വിവാഹ പന്തലിലേക്ക്
text_fieldsശ്വേത, ശറഫുദ്ധീൻ കണ്ണെത്ത് എന്നിവർ കുവൈത്ത് എയർവേസ് ഉദ്യോഗഥനുമായി ചർച്ചയിൽ
കുവൈത്ത് സിറ്റി: യാത്രയിലെ സാങ്കേതിക തടസ്സം കാരണം സ്വന്തം വിവാഹത്തിന് നാട്ടിലെത്താൻ കഴിയുമോ എന്ന ആശങ്കയിലായിരുന്ന തൃശൂർ സ്വദേശി ശ്വേത കുവൈത്തിൽ നിന്ന് നാട്ടിലേക്ക്. ചൊവ്വാഴ്ച വൈകീട്ട് കുവൈത്തിൽ നിന്ന് ദമ്മാമിലേക്ക് തിരിക്കുന്ന ശ്വേത ബുധനാഴ്ച രാവിലെയുള്ള വിമാനത്തിൽ കൊച്ചിയിലേക്കു പുറപ്പെടും.
ഈ മാസം 18ന് ശ്വേതയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനായി കുവൈത്ത് എയർവേസ് ജീവനക്കാരിയായ ശ്വേത ജോലി രാജിവെക്കുകയും നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ വിസ റദ്ദാക്കൽ നടപടികളിൽ കാലതാമസം നേരിട്ടതോടെ യാത്ര അനിശ്ചിതത്തിൽ ആയി. മേഖലയിലെ സംഘർഷ പശ്ചാത്തലവും യാത്രാ തടസ്സവും കാരണം വിവാഹം നീട്ടിവെക്കേണ്ടിവരുമോ എന്ന ആശങ്കയും ഉയർന്നു.
തുടർന്ന് എം.പി മാരായ ജോൺ ബ്രിട്ടാസ്, കെ.സി വേണുഗോപാൽ, പി.പി. സുനീർ എന്നിവർ വിഷയത്തിൽ ഇടപെടുകയും ഇവർ കുവൈത്തിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സുരേഷ് ഗോപി എം.പി എന്നിവർക്കും ശ്വേത പരാതി അയച്ചിരുന്നു.
ഇതിനിടെ സാമൂഹിക പ്രവർത്തകനും മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് സി. ഇ.ഒയുമായ ശറഫുദ്ധീൻ കണ്ണെത്ത് കുവൈത്ത് എയർവേസ് അധികൃതരുമായി വിഷയം ചർച്ചചെയ്യുകയും ഉണ്ടായി. തുടർന്ന് വിഷയത്തിൽ മാനുഷിക പരിഗണന കണക്കിലെടുത്തു വിസ ക്യാൻസൽ ചെയ്യാതെ ശ്വേതക്ക് നാട്ടിലേക്ക് മടങ്ങാൻ കുവൈത്ത് എയർവേസ് അധികൃതർ അനുമതി നൽകുകയായിരുന്നു.
ശനിയാഴ്ചയാണ് തൃശൂർ സ്വദേശിനിയായ ശ്വേതയും ബഹ്റൈൻ പ്രവാസിയായ വടകര സ്വദേശി അശ്വിനും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിട്ടുള്ളത്. വിവാഹത്തിനായി അശ്വിൻ നേരത്തെ നാട്ടിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

