വിപഞ്ചികയും മകളും ഓർമയായി; മായാത്ത ഓർമകളുമായി പിതാവ്
text_fieldsകുവൈത്ത് സിറ്റി: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക ഓർമയായി മാറുമ്പോൾ മകളെ അവസാന നോക്കുപോലും കാണാനാകാതെ നിസ്സഹായനായി പിതാവ് മണിയന്‍. വർഷങ്ങളായി കുവൈത്തിൽ പ്രവാസിയായ മണിയന് നിയമ തടസ്സം ഉള്ളതിനാൽ മകളുടെ മരണവിവരം അറിഞ്ഞിട്ടും നാട്ടിൽ പോകാനായില്ല. ഈ മാസം എട്ടിനാണ് കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചിക (33), മകൾ വൈഭവി (ഒന്നര) എന്നിവരെ ഷാർജ അൽനഹ്ദയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മകളുടെയും കൊച്ചുമകളുടെയും മരണ വിവരം അറിഞ്ഞ ഉടനെ കുവൈത്തിൽ നിന്ന് നാട്ടിൽ പോകാനുള്ള ശ്രമങ്ങൾ മണിയൻ നടത്തിയിരുന്നു. എന്നാൽ തടസ്സങ്ങൾ ഏറെ ഉള്ളതിനാൽ ശ്രമങ്ങൾ അവസാനിപ്പിച്ച് സങ്കടങ്ങൾ ഉള്ളിലൊതുക്കി. കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസയിൽ ജോലി ചെയ്തിരുന്ന മണിയന്റെ ഇഖാമ തീർന്നിട്ടുണ്ട്. പുതിയ വിസ എടുക്കാൻ നിയമ തടസ്സവുമുണ്ട്. ഇതോടെ മകളുടെ മൃതദേഹമെങ്കിലും കാണാനാകുമെന്ന പ്രതീക്ഷയും അസ്തമിച്ചു.
നാലരവര്‍ഷം മുന്‍പായിരുന്നു വിപഞ്ചികയുടെ വിവാഹം. കൊറോണ സമയം ആയതിനാൽ അന്ന് മണിയന് നാട്ടിൽ പോകാനോ ചടങ്ങിൽ പങ്കെടുക്കാനോ കഴിഞ്ഞില്ല. പിന്നീട് മണിയൻ കുവൈത്തിലും വിപഞ്ചിക യു.എ.ഇയിലും ആയതിനാൽ മകളെ കണ്ടിട്ട് വർഷങ്ങളായി. കൊച്ചുമകളെയും ഇതുവരെ നേരിൽ കണ്ടിട്ടില്ല. മകളെയും കുഞ്ഞിനെയും അവസാനമായി ഒരു നോക്കു കാണാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. ഇനി അതിന് ആകില്ലല്ലോ എന്ന ദു:ഖത്തിലാണ് മണിയൻ.
പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച വൈകിട്ടാണ് വിപഞ്ചികയുടെ മൃതദേഹം ഷാർജയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയത്. വൈഭവിയുടെ മൃതദേഹം നേരത്തെ ദുബൈയിലെ ജബൽ അലി ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു.
തിരുവനന്തപുരത്തെത്തിച്ച മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ് പോർട്ടത്തിന് ശേഷം വിപഞ്ചികയുടെ മാതാവ് ശൈലജയുടെ സഹോദരന്‍റെ കേരളപുരം പൂട്ടാണിമുക്കിലെ വീട്ടിൽ എത്തിച്ചു. വൈകീട്ടോടെ സംസ്കരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.