Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഹബീബ്, നീ എവിടെയാണ്?

ഹബീബ്, നീ എവിടെയാണ്?

text_fields
bookmark_border
ഹബീബ്, നീ എവിടെയാണ്?
cancel
ജുബൈല്‍-ദമ്മാം ഹൈവേയില്‍ ആയിരത്തിലധികം തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പിന്‍െറ വിശാലമായ കാന്‍റീനില്‍ ഭക്ഷണത്തിനായി വരി നില്‍ക്കുമ്പോഴാണ് ഹബീബിനെ (യഥാര്‍ഥ പേരല്ല) ആദ്യമായി കണ്ടതെന്നാണ് ഓര്‍മ. ഒന്നരപ്പതിറ്റാണ്ട് മുമ്പത്തെ ഓര്‍മയാണെങ്കിലും ആ രൂപം ഇപ്പോഴും മനസ്സില്‍ മായാതെ കിടപ്പുണ്ട്. പ്ളെയിറ്റില്‍ നിറച്ച ചോറും കറിയും കോഴിക്കഷ്ണവുമായി മേശക്ക് എതിര്‍വശത്തായി വന്നിരുന്ന അവനെ ശ്രദ്ധിക്കാതിരിക്കാനായില്ല. സുമുഖനായ ചോക്ളേറ്റ് പയ്യന്‍. ഒറ്റനോട്ടത്തില്‍ പതിഞ്ഞ ഇമേജ് അങ്ങനെയായിരുന്നു. പാതി തുറന്ന ചിരിയില്‍ തുടങ്ങി പതുക്കെ അവന്‍ സംസാരിച്ചു തുടങ്ങി. ഇടത്തരം കുടുംബത്തില്‍ നിന്നാണ് അവന്‍ ഭാഗ്യം തേടി സൗദിയിലത്തെിയത്. എല്ലാ മലയാളികളെയും പോലെ പ്രതീക്ഷകളുടെ വലിയ മാറാപ്പു കെട്ടുകളും പേറി ഈ മണ്ണില്‍ വിമാനമിറങ്ങിയവന്‍. പേരും നാടും ഇവിടെ ജോലിക്കത്തെിയ വര്‍ഷവുമൊക്കെ പറഞ്ഞതോടെ ആദ്യ സംഭാഷണം മുറിഞ്ഞു. ഭക്ഷണം കഴിഞ്ഞ് അവന്‍ എഴുന്നേറ്റു പോയി. 
പിറ്റെ ദിവസം ഓഫിസിലെ മേശക്കരികിലേക്ക് ക്ളീന്‍ ചെയ്യാനുള്ള ബക്കറ്റും മോപ്പും ഘടിപ്പിച്ച വണ്ടിയുന്തി വരുന്നയാളെ എവിടെയോ കണ്ട് മറന്നതുപോലെ തോന്നി. അടുത്തത്തെിയ അവന്‍ അല്‍പം ചമ്മലോടെ ചിരിച്ചു. ഹബീബ്! കാന്‍റീനില്‍ വെച്ച് കണ്ട സുന്ദര മുഖം വീണ്ടും തെളിഞ്ഞു. മേശക്കടിയിലെ വെയ്സ്റ്റ് കൊട്ടയെടുത്ത് വണ്ടിയിലുള്ള കറുത്ത പ്ളാസ്റ്റിക് സഞ്ചിയിലേക്ക് ചരിഞ്ഞ് പുതിയൊരെണ്ണം അതില്‍ പിടിപ്പിച്ച് തിരിച്ചുവെച്ച് അവന്‍ നിവര്‍ന്നു. നാട്ടിലാണെങ്കില്‍ ഒരുപാട് പെണ്‍കുട്ടികളുടെ ഖല്‍ബിളക്കാന്‍ മാത്രം ഗ്ളാമറുള്ളയാള്‍ എന്‍െറ മുന്നില്‍ ചപ്പുചവറുകള്‍ വാരുന്നതും മേശ തുടക്കുന്നതും നേരിയ നീറ്റലുണ്ടാക്കി. വണ്ടിയുമുന്തി അവന്‍ അടുത്ത മുറിയിലേക്ക് പോയി. പിന്നീട് അതൊരു പതിവു കാഴ്ചയായി. വണ്ടിയുന്തി ചെറിയ ചിരിയുമായി ഒന്നോ, രണ്ടോ വാക്കുകളില്‍ പരിചയം പുതുക്കി അവന്‍ എല്ലാ ദിവസവും എന്‍െറ മേശക്കരികില്‍ വന്നു പോയി. അവനെ അടുത്തറിയാന്‍ ദിവസങ്ങളെടുത്തു. കനലുകളൊളിപ്പിച്ച മനസില്‍ നിന്ന് ഒന്നും പുറത്തേക്ക് കോരിയിടാന്‍ അവന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ആരുടെ മുന്നിലും. കുറെ സഹോദരിമാരുടെ സ്വപ്നങ്ങള്‍ക്ക് നിറംപകരാന്‍ കടല്‍ കടന്നത്തെിയ, കേരളത്തിലെ സുന്ദരമായ മലയോര മേഖലകളിലൊന്നിലെ ചെറിയ വീട്ടില്‍ തിങ്ങി ഞെരുങ്ങി കഴിഞ്ഞിരുന്ന ഒരു വലിയ കുടുംബത്തിന്‍െറ ഏക അത്താണി; അതായിരുന്നു, നിരവധി ജീവനക്കാരുള്ള വലിയ ഓഫിസിലെ എല്ലാ മേശക്കരികിലും കക്കൂസ് മുറികളിലും പതിവായി ബക്കറ്റും മോപ്പുമൊക്കെയായി എത്തിയിരുന്ന ഈ ചെറുപ്പക്കാരന്‍. ഓവര്‍ടൈം, പാര്‍ട്ടൈം ജോലി, ശമ്പള വര്‍ധന തുടങ്ങിയ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങിയത്തെിയ അനേകം പ്രവാസികളില്‍ ഒരാള്‍. 50000 രൂപ വിസക്ക് നല്‍കി എത്തിയയാള്‍. ശമ്പളം 300 റിയാല്‍! അതില്‍ നിന്ന് എല്ലാ മാസവും 50 റിയാല്‍ കമ്പനി ഇഖാമയുടെ ചെലവിലേക്കായി പിടിച്ചുവെക്കും. ഫലത്തില്‍ കൈയില്‍ കിട്ടിയിരുന്നത് 250 റിയാല്‍. റിയാലിന് 10 രൂപ വിലയുണ്ടായിരുന്ന കാലത്താണ് ഹബീബ് ഇവിടെ ജീവിച്ചിരുന്നത്. ഒരു മാസം കഷ്ടിച്ച് 2500 രൂപ. ഓഫിസ് ജോലി ആയിരുന്നതുകൊണ്ട് ഓവര്‍ ടൈം എന്നത് അവന് മുന്നില്‍ സ്ഥിരമായി കൊട്ടിയടക്കപ്പെട്ടു. ആളൊഴിഞ്ഞ സ്ഥലത്ത് ഹൈവേയിലുള്ള ലേബര്‍ ക്യാമ്പില്‍ നിന്ന് തൊട്ടടുത്ത നഗരങ്ങളായ ഖോബാറിലോ, ദമ്മാമിലോ, ജുബൈലിലോ പോയി പാര്‍ട് ടൈം ജോലി ചെയ്യുക എന്നതും അസാധ്യമായിരുന്നു. എന്നിട്ടും ഈ യുവാവ് ആരോടും പരാതി പറഞ്ഞില്ല. ഒരിക്കല്‍ പോലും ശമ്പളം കുറവാണെന്നോ വീട്ടില്‍ പ്രശ്നങ്ങളുണ്ടെന്നോ അവന്‍ പറഞ്ഞതായി കേട്ടിട്ടില്ല. അടുത്തറിയുമ്പോള്‍ മനസിലുള്ളത് പുറത്തേക്ക് വരികയെന്നത് മനുഷ്യ സഹജമാണ്.
എന്നാല്‍, ഹബീബ് അവിടെയും വ്യത്യസ്തനായി. അലക്കി തേച്ച് സുഗന്ധം പൂശിയ വസ്ത്രങ്ങളണിഞ്ഞ് അവന്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ജീവിച്ചു. എപ്പോഴും കളി തമാശകള്‍ പറഞ്ഞു. മൂളിപ്പാട്ടുകള്‍ പാടി. കിട്ടുന്ന കാശ് വീട്ടിലേക്കയച്ച് ഒരു വലിയ കുടുംബത്തെ അവന്‍ സംരക്ഷിച്ചു. വീട്ടുകാരുടെ ആവശ്യങ്ങള്‍ തന്‍െറ പരിധിയില്‍ ഒതുങ്ങാതാവുമ്പോള്‍ പലപ്പോഴും ക്യാമ്പിലെ പലിശക്കാരില്‍ നിന്ന് കടമെടുത്തു. ക്യാമ്പില്‍ പലിശക്ക് പണം കൊടുത്തിരുന്ന അന്‍സാരിയും ജോസുമൊക്കെ അവന്‍െറ സ്ഥിരം കുറ്റികളായിരുന്നു. തീരെ നിവര്‍ത്തിയില്ലാതാവുമ്പോള്‍ അടുത്ത സുഹൃത്തുക്കളോട് കടം ചോദിച്ചു. തൊട്ടടുത്ത മാസം അല്ളെങ്കില്‍ അതിനടുത്ത മാസം മറ്റൊരാളില്‍ നിന്ന് കടം വാങ്ങിയെങ്കിലും അത് തിരിച്ചുകൊടുത്തിരിക്കും. കാരണം ആരുടെ മുന്നിലും തലചൊറിഞ്ഞ് നില്‍ക്കാന്‍ അവന് മനസില്ലായിരുന്നു. ഒന്നും സാധ്യമാവാതെ വരുമ്പോള്‍ ജോലി കഴിഞ്ഞ് മുറിയിലത്തെി നനഞ്ഞ കണ്ണുകള്‍ക്കു മുകളില്‍ പുതപ്പിട്ട് മൂടി മറ്റുള്ളവരില്‍ നിന്ന് അവന്‍െറ കടലിരമ്പം മറച്ചു. കൂടെ താമസിച്ചിരുന്നയാള്‍ തമാശക്ക് പുതപ്പു വലിച്ചപ്പോഴാണ് അപ്രതീക്ഷിതമായി കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കണ്ടത്. കണ്ണില്‍ കരടു വീണതെന്നായിരുന്നു അപ്പോഴും വിശദീകരണം. ചെലവ് കഴിച്ച് ഏകദേശം 2000 രൂപയാണ് വീട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞിരുന്നത്. പിതാവ് ചെറുപ്പത്തില്‍ തന്നെ വിട്ടുപോയ വലിയൊരു കുടുംബത്തെ എങ്ങനെയാണ് അവന്‍ തന്‍െറ ചിറകിനുള്ളിലൊതുക്കിയിരുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. അതൊരഭ്ദുതമായി ഇപ്പോഴും ഉള്ളിലുണ്ട്. അയ്യായിരവും പതിനായിരവും റിയാല്‍ ശമ്പളം കിട്ടിയിട്ടും പ്രാരാബ്ധങ്ങളുടെ കണക്കുകള്‍ നിരത്തുന്ന മലയാളികളെ ഒരുപാട് കണ്ടിട്ടുണ്ട്. അവര്‍ക്കിടയിലാണ് ഹബീബ് എന്ന ചെറുപ്പക്കാരന്‍ 250 റിയാല്‍ ശമ്പളവുമായി ഒരിക്കല്‍പോലും ആരോടും പരിഭവം പറയാതെ ഈ മണ്ണില്‍ ജീവിച്ചിരുന്നത്. രണ്ടു സഹോദരിമാരെ കല്യാണം കഴിപ്പിച്ചയച്ചതോടെ കട ബാധ്യതകള്‍ അവന് താങ്ങാനാവുന്നതിലും അപ്പുറത്തത്തെി. വീടു വിറ്റ് കടം വീട്ടാമെന്ന് ഉമ്മയും ബാക്കിയുള്ള സഹോദരിമാരും പറഞ്ഞെങ്കിലും അവന്‍ സമ്മതിച്ചില്ല. നാട്ടില്‍ തിരിച്ചത്തെി കടത്തിന് പകരമായി അവന്‍ ജയിലില്‍ പോയി. ഇരുമ്പഴി എണ്ണിയത് രണ്ടു വര്‍ഷമാണെന്നാണോര്‍മ! എന്നിട്ടും ആരില്‍ നിന്നും ഒന്നും സ്വീകരിക്കാന്‍ ഹബീബ് തയാറായില്ല. പ്രവാസം മതിയാക്കി നാട്ടിലത്തെിയപ്പോള്‍ പറഞ്ഞ അടയാളങ്ങള്‍ വെച്ച് അന്വേഷിച്ച് അവന്‍െറ വീട് തേടിപ്പിടിച്ചു. കോലായിലേക്ക് കയറി പരിചയപ്പെടുത്തി. ഹബീബിന്‍െറ സുഹൃത്തെന്ന് പറഞ്ഞ് ഗള്‍ഫില്‍ നിന്ന് ആരും അവിടേക്ക് കയറി ചെന്നിട്ടില്ല. അതുകൊണ്ട് തന്നെ അവന്‍െറ ഉമ്മയുടെ അമ്പരപ്പ് പ്രകടമായിരുന്നു. എങ്കിലും അവര്‍ വെളുക്കേ ചിരിച്ചു. വാതിലിന് മറവില്‍ സഹോദരിമാരുടെ അനക്കം. 
അല്‍പ സമയത്തിനുള്ളില്‍ തന്നെ ചെറുനാരങ്ങ നീര് കലക്കിയ വെള്ളമത്തെി. അകത്തു നിന്ന് തയ്യല്‍ മെഷീന്‍െറ ശബ്ദം. പുറത്ത് മുറങ്ങളില്‍ ഉണക്കാനാട്ടിരിക്കുന്ന പുകയില. ഒന്നോ രണ്ടോ മുറികളുള്ള ചെറിയ വീടാണെങ്കിലും ആ ഇത്തിരി വട്ടത്തില്‍ അവരെല്ലാം ഒതുക്കിവെച്ചിരിക്കുന്നു. സ്വന്തമായി ജോലിയെടുത്ത് തങ്ങളാലാവും വിധം അവര്‍ സഹോരനെ സഹായിക്കുന്നുണ്ടെന്ന് മനസിലായി. സംസാരത്തിനിടെ ഒരിക്കല്‍ പോലും അവരുടെ പ്രയാസങ്ങള്‍ ആ ഉമ്മ പറഞ്ഞില്ല. കാരണം, അത് തന്‍െറ മകന് ഇഷ്ടമാവില്ളെന്ന് അവര്‍ക്കറിയാമായിരുന്നു. തിരിച്ചിറങ്ങാന്‍ നേരത്ത് പടി കടന്ന് വരുന്നു ഹബീബ്! മലങ്കാറ്റേറ്റ് അവന്‍െറ സുന്ദര മുഖം കരുവാളിച്ചിരിക്കുന്നു. പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ട് അവന്‍ ഒന്ന് പിടഞ്ഞു. എന്നാല്‍, നിമിഷങ്ങള്‍ക്കകം അവന്‍ പഴയ ആളായി. വീട്ടില്‍ വന്നിട്ട് അങ്ങനെ പോവാന്‍ പറ്റില്ളെന്നായി. കൈ പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഉള്ള ചോറ് പകുത്ത് തന്നു. ഇറങ്ങാന്‍ നേരത്ത് എങ്ങനെയാണ് കഴിയുന്നതെന്ന ചോദ്യത്തിന് കുഴപ്പമില്ളെന്ന സ്ഥിരം മറുപടി തന്നെയായിരുന്നു. എവിടെയാണ് ജോലിയെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും അവന്‍ പറഞ്ഞില്ല. ചോദിച്ചിട്ട് കാര്യമില്ളെന്നറിയാവുന്നതുകൊണ്ട് കനം വീണ മനസുമായി അവിടെ നിന്നിറങ്ങി. വര്‍ഷങ്ങളുടെ ഇടവേളയില്‍ ഹബീബ് മനസ്സില്‍ നിന്ന് മാഞ്ഞുപോയിരുന്നു. വീണ്ടും പ്രവാസത്തിന്‍െറ ചൂടേറ്റപ്പോഴാണ് ആ സുന്ദരമുഖം ഓര്‍മകളില്‍ തെളിഞ്ഞത്. എല്ലാ സുഖങ്ങളിലും നീരാടുന്ന പ്രവാസി സുഹൃത്തുക്കള്‍ക്ക് ഇങ്ങനെയും ചിലര്‍ ഇവിടെ ജീവിച്ചിരുന്നു എന്ന് അടയാളപ്പെടുത്തണമെന്ന് തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ്. ഒരു വിസ്മയമായി എന്നില്‍ ഇപ്പോഴും നില്‍ക്കുന്ന, പരിഭവങ്ങളില്ലാതെ ഉള്ളതുകൊണ്ട് സുന്ദരമായി ജീവിക്കാമെന്ന പാഠം പകര്‍ന്നു തന്ന ആ ചെറുപ്പക്കാരന്‍ ഇപ്പോള്‍ എവിടെയാണെന്നറിയില്ല. ഒരുപക്ഷേ,  ഗള്‍ഫ് നഗരങ്ങളിലെ തിരിക്കില്‍ ജീവിതത്തിന്‍െറ രണ്ടറ്റം മുട്ടിക്കാന്‍ ഒഴുകുന്ന അനേകം മുഖങ്ങളിലൊന്നായി അവനുമുണ്ടാവാം. ഒന്നുറപ്പാണ്, ജീവിച്ചിരുപ്പുണ്ടെങ്കില്‍ ഒരു വട വൃക്ഷം പോലെ സ്വന്തം കുടുംബത്തിന് മുകളില്‍ തണല്‍ വിരിച്ച് അവനുണ്ടാവും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story