24 ദശലക്ഷം റിയാലിന്റെ പദ്ധതികൾ; വാദി ബനി ഖാലിദിന്റെ മുഖച്ഛായ മാറും
text_fieldsനിർമാണം നടന്നുകൊണ്ടിരിക്കുന്ന വാദി ബനി ഖാലിദ് വിലായത്തിലെ റോഡുകളിലൊന്ന്
മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ വാദി ബനി ഖാലിദ് വിലായത്തിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള വികസന പദ്ധതികൾ പുരോഗമിക്കുന്നു. റോഡുകൾ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ വികസനത്തിന് 24 ദശലക്ഷം റിയാലിന്റെ പദ്ധതികളാണ് നടപ്പാക്കുന്നത്. 13 ദശലക്ഷം ചെലവ് വരുന്ന വാദി ബാനി ഖാലിദ് അഖബ റോഡ് പദ്ധതിയാണ് ഇതിൽ പ്രധാനപ്പെട്ടത്.ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയമാണ് ഇത് നടപ്പാക്കുന്നത്. മനാഖിനെ മുസായിരിയുമായി ബന്ധിപ്പിക്കുന്ന ഒമ്പത് കിലോമീറ്റർ റോഡ് 25 ശതമാനം പൂർത്തിയായി. അടുത്തവർഷം അവസാനത്തോടെ തുറക്കാനാകുമെന്നാണ് പ്രതീക്ഷ. ഇത് സുഗമമായ കണക്റ്റിവിറ്റിയും മെച്ചപ്പെട്ട സാമ്പത്തിക, ടൂറിസം പ്രവർത്തനങ്ങളും വാഗ്ദാനം ചെയ്യുന്നു.
മകാൽ ടൂറിസ്റ്റ് ഏരിയയിലെ ജലാശയങ്ങൾ (2.65 ദശലക്ഷം റിയാൽ), 4,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സന്ദർശക കെട്ടിടം (1.28 ദശലക്ഷം റിയാൽ), ഖാലിദിയ പാർക്ക് (7,80,000 റിയാൽ), ഹവാർ ടൂറിസ്റ്റ് കഫേ, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയവയാണ് നടന്നുകൊണ്ടിരിക്കുന്ന മറ്റ് പദ്ധതികൾ. ടൂറിസം കേന്ദ്രീകൃത സംരംഭങ്ങൾക്കുപുറമെ, മകാൽ-റഹ്ബത്ത് റോഡ് (2.28 ദശലക്ഷം റിയാൽ), അൽ റാക്കി-ഇസ്മായിയ റോഡ് (2.68 ദശലക്ഷം റിയാൽ), അൽ ഔദ്-തിവി നിയാബത്ത് റോഡിലേക്കുള്ള നവീകരണം തുടങ്ങിയ വിപുലമായ ആഭ്യന്തര, ലിങ്ക് റോഡ് പദ്ധതികൾ നടപ്പാക്കിവരുകയാണ്. 49 കിലോമീറ്റർ റോഡുകളിൽ ലൈറ്റിങ് ജോലികളും മുനിസിപ്പാലിറ്റി ഏറ്റെടുത്തിട്ടുണ്ട്. 6,00,000 ഒമാൻ റിയാലിലധികം ചെലവിൽ 806 വൈദ്യുതി തൂണുകളും സ്ഥാപിച്ചു. ടൂറിസത്തെ സമ്പന്നമാക്കുന്നതിലും സാമ്പത്തിക അവസരങ്ങൾ വർധിപ്പിക്കുന്നതിലും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും ഈ പദ്ധതികൾക്ക് വളരെയധികം പ്രധാന്യമുണ്ടെന്ന് വാദി ബാനി ഖാലിദ് വാലി ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ജുനൈബി പറഞ്ഞു. 45,000 ചതുരശ്ര മീറ്റർ ശേഷിയുള്ള ഖുറൈഷ ഭൂഗർഭജല റീചാർജ് അണക്കെട്ട് 2026ൽ പൂർത്തിയാകുന്നതോടെ കൃഷിക്കും ഹരിത ഇടങ്ങൾക്കും മുതൽക്കൂട്ടാകുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.