രാത്രി ഇവിടെ ഒറ്റക്ക് നടക്കാൻ പേടിയില്ല...
text_fieldsകടപ്പാട്: ഡീപ് എ.ഐ
മസ്കത്ത്: ഒമാനിൽ രാത്രി ഒറ്റക്ക് നടക്കൽ സുരക്ഷിതമണെന്ന് 90 ശതമാനം ആളുകളും അവകാശപ്പെടുന്നതായി റിപ്പോർട്ട്. ദേശീയസ്ഥിതി വിവര കേന്ദ്രം പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന ലക്ഷ്യ സ്ഥിതിവിവരക്കണക്ക് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
രാജ്യത്തുടനീളം പൊതുസുരക്ഷ വർധിപ്പിക്കുന്നതിലും അക്രമം കുറക്കുന്നതിലും ഒമാൻ ഗണ്യമായ പുരോഗതി കൈവരിച്ചതായും 2023 ലെ കണക്കനുസരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഒമാനിൽ കൊലപാതക നിരക്കിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട് എടുത്തുകാണിക്കുന്നു. 2023ൽ 100,000 പേരിൽ 0.14 എന്നതാണ് കൊലപാതക നിരക്ക്.
2015നെ അപേക്ഷിച്ച് 46 ശതമാനം കുറവ്. എല്ലാത്തരം അക്രമങ്ങളും കുറക്കുന്നതിലും പൗരന്മാരുടെയും താമസക്കാരുടെയും സംരക്ഷണം ഉറപ്പാക്കുന്നതിലും ഒമാന്റെ നിയമനിർമാണ ചട്ടക്കൂടും ലക്ഷ്യമിട്ട സാമൂഹിക പരിപാടികളും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ശാരീരിക അതിക്രമങ്ങൾക്ക് വിധേയരാകുന്ന ജനസംഖ്യയുടെ ശതമാനം 0.6 ശതമാനമായി കുറഞ്ഞു. അതേസമയം ലൈംഗിക അതിക്രമ കേസുകൾ 2020ൽ 2.3 ശതമാനമായി കുറഞ്ഞു. ഒമാന്റെ കുട്ടികളുടെ സംരക്ഷണത്തിനായുള്ള പ്രതിബദ്ധതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 2015ൽ, 18 വയസ്സിന് താഴെയുള്ള കുട്ടികളിൽ 0.003ശതമാനം പേർക്ക് മാത്രമേ ശാരീരിക അതിക്രമങ്ങൾ അനുഭവപ്പെട്ടിട്ടുള്ളൂ.
മാനസിക അതിക്രമങ്ങൾ 0.0001 ശതമാനം എന്ന നിരക്കിലേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. മനുഷ്യക്കടത്തിനെ ചെറുക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടിട്ടുണ്ട്, 2023ൽ ഇരകളുടെ നിരക്ക് 100,000ൽ 0.2 മാത്രമായിരുന്നു. 2015ൽ യു.എൻ അംഗരാജ്യങ്ങൾ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ, 2030ഓടെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും എല്ലാവർക്കും അഭിവൃദ്ധി ഉറപ്പാക്കുന്നതിനുമുള്ള ഒരു ആഗോള ചട്ടക്കൂടായി വർത്തിക്കുന്നു.
പരസ്പരബന്ധിതമായ 17 ലക്ഷ്യങ്ങൾ സാമ്പത്തികവും പാരിസ്ഥിതികവുമായ സുസ്ഥിരത മുതൽ സാമൂഹിക നീതിയും മനുഷ്യാവകാശങ്ങളും വരെയുള്ള വിവിധ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.