പച്ചപിടിക്കും കാഴ്ചകളുമായി സസ്യവൈവിധ്യങ്ങളുടെ കൂടാരം
text_fieldsഒമാനി ബൊട്ടാണിക് ഗാർഡൻ മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ സന്ദശിച്ചപ്പോൾ
മസ്കത്ത്: നിർമാണം അവസാനത്തിലെത്തിയിരിക്കുന്ന ഒമാനി ബൊട്ടാണിക് ഗാർഡൻ പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി സന്ദർശിച്ചു. ദേശീയ, പാരിസ്ഥിതിക വികസന സംരംഭങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധത അടിവരയിടുന്നതാണ് സന്ദർശനം. സുൽത്താനേറ്റിലെ ഏറ്റവും തന്ത്രപ്രധാനമായ ഇക്കോ-ടൂറിസം, സംരക്ഷണ പദ്ധതികളിൽ ഒന്നായ ഒമാനി ബൊട്ടാണിക് ഗാർഡന്റെ ഏറ്റവും പുതിയ നിർമാണ, ലാൻഡ്സ്കേപ്പിങ് അപ്ഡേറ്റുകളെക്കുറിച്ച് ചെയർമാന് അധികൃതർ വിശദീകരിച്ചു. ഒമാനിലെ വൈവിധ്യമാർന്ന പ്രകൃതി പരിസ്ഥിതികൾ, സസ്യജാലങ്ങൾ, മരങ്ങൾ എന്നിവയെ ഒരു സംയോജിത സ്ഥലത്ത് ഒരുമിച്ച് കൊണ്ടുവരുന്ന പദ്ധതിയാണിത്.
പദ്ധതിയിൽ പ്രവർത്തിക്കുന്ന ടീമുകൾ നടത്തിയ ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു. സുസ്ഥിരത പദ്ധതികൾക്കും പരിസ്ഥിതി അവബോധത്തിനുമായി അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് മസ്കത്ത് മുനിസിപ്പാലിറ്റിയും ബന്ധപ്പെട്ട അധികാരികളും തമ്മിലുള്ള സ്ഥാപനപങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത, സാംസ്കാരിക നാഴികക്കല്ലുകളിൽ ഒന്നായിരിക്കുമെന്നും ഇക്കോടൂറിസം, ജൈവ വിദ്യാഭ്യാസം, പൈതൃക പര്യവേക്ഷണം എന്നിവയിൽ താൽപര്യമുള്ള താമസക്കാരെയും സന്ദർശകരെയും ഇത് ആകർഷിക്കുമെന്നും ഹുമൈദി പറഞ്ഞു.
ദിവസങ്ങൾക്കുമുമ്പ് ഒമാൻ ബൊട്ടാണിക് ഗാർഡനിലേക്കുള്ള റോഡ് മസ്കത്ത് മുനിസിപ്പാലിറ്റി തുറന്നിരുന്നു. ഗതാഗതവും കാൽനട സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത അൽ ഖൗദ് വില്ലേജിലെ 1.4 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടുവരിപാതയാണ് തുറന്നുകൊടുത്തത്. പദ്ധതിയുടെ ഭാഗമായി, സ്പെഷൽ ടാസ്ക് റൗണ്ട് എബൗട്ടിനെ വാദി അൽ ഖൗദുമായി ബന്ധിപ്പിക്കുന്ന 766 മീറ്റർ കണക്ഷൻ റോഡും പൂർത്തിയായി. ഇത് പ്രദേശത്തെ പ്രവേശനക്ഷമത കൂടുതൽ മെച്ചപ്പെടുത്തും. ഉദ്യാനം തുറക്കുമ്പോൾ മതിയായ ഗതാഗതശേഷി ഉറപ്പാക്കുന്നതിന് റോഡ് വീതികൂട്ടി ഒമാനി ബൊട്ടാണിക്കൽ ഗാർഡനിലേക്കുള്ള പ്രവേശന കവാടം വികസിപ്പിക്കുകയാണ് ലക്ഷ്യം.
അതേസമയം, ഒമാൻ ബൊട്ടാണിക് ഗാർഡന്റെ 90 ശതമാനത്തിലേറെ നിർമാണം പൂർത്തിയായിട്ടുണ്ട്. റോയൽ ഓപ്പറ ഹൗസ് മസ്കത്ത്, ഒമാൻ എക്രോസ് ഏജസ് മ്യൂസിയം, നാഷനൽ മ്യൂസിയം എന്നിവ പോലെ ഒമാൻ ബൊട്ടാണിക് ഗാർഡനും രാജ്യത്തെ നാഴികക്കല്ലായി മാറുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
അഞ്ച് ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഒമാൻ ബൊട്ടാണിക് ഗാർഡനിൽ അഞ്ച് പ്രധാന കെട്ടിടങ്ങളുണ്ട്. ദോഫാർ പർവതനിരകളുടെ ഹരിതഗൃഹം (ഗ്രീൻ ഹൗസ്), വാഹന പാർക്കിങ് കെട്ടിടം, പുനരുപയോഗ ഊർജ കേന്ദ്രം, പരിസ്ഥിതി കേന്ദ്രം, സന്ദർശക കേന്ദ്രം, വി.ഐ.പി കെട്ടിടം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. 860 മീറ്റർ നീളമുള്ള കേബിൾ കാർ ലൈനുകൾ ഏകദേശം പൂർത്തിയായി. ഇത് സന്ദർശകരെ അഞ്ച് മിനിറ്റിനുള്ളിൽ ഗാർഡനിലൂടെ സഞ്ചരിച്ച് കാഴ്ചകൾ കാണാൻ പ്രാപ്തരാകും. ഏകദേശം 500 പാർക്കിങ് സ്ഥലങ്ങളുടെ നിർമാണവും പൂർത്തിയായി. ഹാജർ, ദോഫാർ പർവതനിരകളുടെ ഹരിതഗൃഹങ്ങളെ ബന്ധിപ്പിക്കുന്ന താൽക്കാലിക കാൽനട പാലവും ഗാർഡനിലുണ്ടാകും.
തലസ്ഥാനനഗരമായ മസ്കത്തിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള സീബ് വിലായത്തിലെ അൽ ഖൂദിൽ 423 ഹെക്ടറിൽ മലനിരകൾക്കും വാദികൾക്കും ഇടയിലായാണ് ബോട്ടാണിക് ഗാർഡൻ ഒരുങ്ങുന്നത്. 700ഓളം എൻജിനീയർമാരുടെ നേതൃത്വത്തിലാണ് നിർമാണം പുരോഗമിക്കുന്നത്.
ഒമാനിന്റെ സസ്യവൈവിധ്യങ്ങൾക്ക് സുസ്ഥിരഭാവി ഒരുക്കുന്നതിനൊപ്പം ജൈവസമ്പത്ത് കാത്തുസൂക്ഷിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ബോട്ടാണിക് ഗാർഡൻ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒമാനിന്റെ തനത് സസ്യവൈവിധ്യങ്ങളെ കണ്ടെത്തി കൃഷി ചെയ്ത്, സംരക്ഷിക്കുന്നതും അതുവഴി വിനോദസഞ്ചാരികളെ ആകർഷിക്കുന്നതും പദ്ധതി ലക്ഷ്യമാണ്. നിർമാണം പൂർത്തിയാകുന്നതോടെ എല്ലാ സീസണിലും സന്ദർശകരെത്തുന്ന ഒമാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ബോട്ടാണിക് ഗാർഡൻ മാറുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.