ശബാബ് ഒമാൻ-രണ്ട് പോർട്ട്സ്മൗത്ത് തുറമുഖത്ത്
text_fieldsപോർട്ട്സ്മൗത്ത് തുറമുഖത്ത് നങ്കൂരമിട്ട ശബാബ് ഒമാൻ -രണ്ട് കപ്പൽ
മസ്കത്ത്: ഏഴാമത് അന്താരാഷ്ട്ര യാത്രയുടെ ഭാഗമായി റോയൽ നേവി ഓഫ് ഒമാന്റെ (ആർ.എൻ.ഒ) കപ്പലായ ശബാബ് ഒമാൻ-രണ്ട് യു.കെയിലെ പോർട്ട്സ്മൗത്ത് തുറമുഖത്ത് നങ്കൂരമിട്ടു. കപ്പലിന് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. മുതിർന്ന ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും കഴിഞ്ഞദിവസം കപ്പൽ സന്ദർശിച്ചു.
യു.കെയിലെ ഒമാൻ അംബാസഡർ ബദർ ബിൻ മുഹമ്മദ് അൽ മന്ദാരി പോർട്ട്സ്മൗത്ത് ലോർഡ് മേയർ കൗൺസിലർ ജെറാൾഡ് വെർനോൺ, റോയൽ നേവി സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ മാർട്ടിൻ കോണൽ, ലണ്ടനിലെ ഒമാനി എംബസിയിലെ മിലിറ്ററി അറ്റാഷെ എയർ കമ്മഡോർ അബ്ദുൽ നാസർ ബിൻ ഹമദ് അൽ ഷുകൈലി, മറ്റ് നിരവധി നയതന്ത്രജ്ഞരും സൈനിക അറ്റാഷെകളും സന്ദർശനത്തിൽ പങ്കാളികളായി. സുൽത്താനേറ്റിന്റെ അഭിമാനകരമായ സമുദ്രചരിത്രവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന കപ്പലിലെ പ്രദർശനങ്ങളും സന്ദർശകർ പര്യവേക്ഷണം ചെയ്തു. അതേസമയം, ‘ശബാബ് ഒമാൻ-രണ്ട്’ സന്ദർശിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലെത്തി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രോത്സവങ്ങളിലൊന്നായ ‘സെയിൽ ആംസ്റ്റർഡാം ഫെസ്റ്റിവ’ലിൽ പങ്കെടുക്കവയാണ് തിളമാർന്ന നേട്ടം നേടിയത്.
ഈ വർഷത്തെ ആംസ്റ്റർഡാം സെയിലിങ് ഫെസ്റ്റിവലിൽ സീ അംബാസഡേഴ്സ് അവാർഡിന് കപ്പൽ അർഹമായിരുന്നു. ഫെസ്റ്റിവലിൽ ശ്രദ്ധേയമായ അച്ചടക്കവും ആകർഷകമായ സാംസ്കാരിക പ്രകടനവും കാഴ്ചവെച്ച കപ്പലിലെ ജീവനക്കാരുടെ മികവാർന്ന സമർപ്പണമാണ് ഈ നേട്ടത്തിനർഹമാക്കിയത്. ലോകജനതകൾക്കിടയിൽ സൗഹൃദം, സമാധാനം, ഐക്യം എന്നിവയുടെ ബന്ധങ്ങൾ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കപ്പൽ യാത്ര നടത്തുന്നത്. ഏപ്രിൽ 30ന് മസ്കത്തിൽനിന്നാണ് യത്ര പുറപ്പെട്ടത്. ഒമാന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തിന്റെ സത്തയും അതിന്റെ ശോഭനമായ വർത്തമാനകാല നേട്ടങ്ങളും ഉൾക്കൊള്ളുന്നതാണ് ഒമാൻ റോയൽ നേവിയുടെ (ആർ.എൻ.ഒ) കപ്പൽ. ‘ഗ്ലോറീസ് ഓഫ് ദി സീസ്’ എന്ന പേരിലാണ് യാത്ര നടത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.