‘സ്വതന്ത്രരാഷ്ട്രം ഫലസ്തീനികളുടെ അവകാശം’
text_fieldsജനീവയിൽ ഇന്റർ പാർലമെന്ററി യൂനിയൻ സംഘടിപ്പിച്ച ലോക പാർലമെന്റ് സ്പീക്കർമാരുടെ
സമ്മേളനത്തിൽ ഒമാനിൽനിന്നുള്ള മജ്ലിസ് ശൂറ അംഗങ്ങൾ
മസ്കത്ത്: സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഇന്റർ പാർലമെന്ററി യൂനിയൻ സംഘടിപ്പിച്ച ആറാമത് ലോക പാർലമെന്റ് സ്പീക്കർമാരുടെ സമ്മേളനത്തിന്റെ സെഷനുകളിൽ ഒമാനിൽനിന്നുള്ള മജ്ലിസ് ശൂറ അംഗങ്ങൾ പങ്കെടുത്തു. ‘പ്രക്ഷുബ്ധമായ ഒരു ലോകം: എല്ലാവർക്കും സമാധാനം, നീതി, സമൃദ്ധി എന്നിവക്കായി പാർലമെന്ററി സഹകരണവും ബഹുമുഖത്വവും’ എന്ന പ്രമേയത്തിലായിരുന്നു സമ്മേളനം. മജ്ലിസ് ശൂറ ചെയർമാൻ ഖാലിദ് ബിൻ ഹിലാൽ അൽ മാവാലിയാണ് ഒമാൻ പ്രതിനിധിസംഘത്തെ നയിച്ചത്.
ഭക്ഷണം, ഊർജം, കാലാവസ്ഥവ്യതിയാനം എന്നിവയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്കുപുറമെ, സായുധ സംഘട്ടനങ്ങളും അഭയാർഥികളുടെയും കുടിയിറക്കപ്പെട്ടവരുടെയും എണ്ണവും വർധിക്കുന്ന നിർണായക ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് അൽ മവാലി പറഞ്ഞു. ഇതിന് പാർലമെന്റുകൾ തമ്മിലുള്ള ശക്തമായ സഹകരണവും വെല്ലുവിളികളെ നേരിടാനും സമാധാനവും സുസ്ഥിര വികസനവും കൈവരിക്കാനും സഹായിക്കുന്നതിനുള്ള യോജിച്ച ശ്രമങ്ങളും ആവശ്യമാണ്. സുൽത്താനേറ്റ് വളരെക്കാലമായി രാജ്യങ്ങൾക്കും സംസ്കാരങ്ങൾക്കും ഇടയിലുള്ള സാംസ്കാരികപാലമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് അൽ മാവാലി കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര നിയമങ്ങളും യു.എൻ കൺവെൻഷനുകളും ഉറപ്പുനൽകുന്ന നിയമാനുസൃതമായ അവകാശങ്ങൾ ഫലസ്തീൻ ജനതക്കുണ്ടെന്ന് ചൂണ്ടിക്കാട്ടുകയും അതിൽ ഏറ്റവും പ്രധാനം അവരുടെ മണ്ണിൽ സ്വന്തമായി സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശമണെന്നും അദ്ദേഹം പറഞ്ഞു. ഗസ്സ മുനമ്പിൽ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷികദുരന്തത്തിൽ മാവാലി കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
ഈ ലംഘനങ്ങൾ തടയുന്നതിനും മാനുഷികസഹായങ്ങളുടെ അടിയന്തരവും സുരക്ഷിതവുമായ വിതരണം ഉറപ്പാക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള ശാശ്വതസമാധാനം സാക്ഷാത്കരിക്കുന്നതിനുള്ള നടപടികൾക്ക് ദേശീയ, അന്തർദേശീയ പാർലമെന്റുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു. മജ്ലിസ് ശൂറ രണ്ട് വർക്കിങ് പേപ്പറുകൾ അവതരിപ്പിച്ചു. സായുധ സംഘട്ടനങ്ങൾ, കാലാവസ്ഥവ്യതിയാനം തുടങ്ങിയ നിലവിലെ വെല്ലുവിളികളെയും ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിലൂടെയും ഉൾക്കൊള്ളൽ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സുരക്ഷ വർധിപ്പിക്കുന്നതിൽ പാർലമെന്റേറിയൻമാരുടെ പങ്കും വിശദീകരിക്കുന്ന ‘ഭാവിയിലേക്കുള്ള നവീകരണം’ എന്ന തലക്കെട്ടിലുള്ളതാണ് ആദ്യത്തേത്.
രണ്ടാമത്തെ പ്രബന്ധം 2030 ഓടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇക്കാര്യത്തിൽ ഒമാന്റെ ശ്രമങ്ങളെക്കുറിച്ചും എടുത്തുകാണിച്ചു. അറബ്, പ്രാദേശിക, അന്താരാഷ്ട്ര പാർലമെന്ററി, ലെജിസ്ലേറ്റിവ് കൗൺസിൽ മേധാവികളുമായി അൽ മാവാലി ചർച്ച നടത്തി. സുൽത്താനേറ്റും അതത് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏകീകരിക്കേണ്ടതിന്റെ പ്രാധാന്യം യോഗങ്ങൾ അടിവരയിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.