അറബ് കപ്പ്: ഒമാൻ മടങ്ങുന്നത് അഭിമാനത്തോടെ
text_fieldsഒമാൻ ഫുട്ബാൾ ടീം
മസ്കത്ത്: ദോഹയിൽ നടക്കുന്ന അറബ് കപ്പ് ഫുട്ബാളിൽ ക്വാർട്ടർ ഫൈനലിൽ തുനീഷ്യയോട് തോറ്റ് ഒമാൻ പുറത്തായതിൽ ആരാധകർക്ക് നിരാശ. എന്നാൽ, മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഈ ടീമിന് ഏറെ മുന്നോട്ടു പോകാൻ കഴിയുമെന്നാണ് ആരാധകർ പറയുന്നത്.
വെള്ളിയാഴ്ച നടന്ന ക്വാർട്ടർ ഫൈനലിൽ തുനീഷ്യയെ നേരിട്ടപ്പോൾ കരുത്തരായ എതിരാളികളാണെന്നുള്ള കാര്യം പാടെ വിസ്മരിച്ച പ്രകടനമാണ് ഒമാൻ പുറത്തെടുത്തത്. കരുത്തരായ തുനീഷ്യയെ വിറപ്പിച്ചാണ് ഒമാൻ കളം വിട്ടത്. കളിയുടെ 16ാം മിനിറ്റിൽതന്നെ തുനീഷ്യ മുന്നിൽ എത്തിയെങ്കിലും 66ാം മിനിറ്റിൽ ഒമാെൻറ അർഷാദ് അലവിയുടെ ഗോളിൽ സമനില പിടിച്ചു. പാസിങ്ങിെൻറ എല്ലാ മനോഹാരിതയും അടങ്ങിയതായിരുന്നു ആ ഗോൾ. തുടർന്നും ആക്രമണം അഴിച്ചു വിട്ടെങ്കിലും 70ാം മിനിറ്റിൽ തുനീഷ്യ നേടിയ ഗോളിലൂടെ ഒമാൻ വിജയ തീരത്തുനിന്നും അകന്നു പോവുകയായിരുന്നു. അവധി ദിനമായ വെള്ളിയാഴ്ച്ച ഒട്ടേറെ ആരാധകരാണ് ടെലിവിഷനു മുന്നിൽ കളികാണാൻ വന്നിരുന്നത്. ഒട്ടേറെ സ്വദേശികൾ സ്റ്റേഡിയത്തിലും ഉണ്ടായിരുന്നു. നേരത്തേ ലോകകപ്പ് യോഗ്യത റൗണ്ടിൽ ജപ്പാനോട് തോറ്റതോടെ ടീമിെൻറ ലോകകപ്പ് പ്രതീക്ഷകൾ ഏറക്കുറെ അവസാനിച്ച മട്ടാണ്.
എന്നാൽ, അറബ് കപ്പിൽ ഇറാഖിനെ സമനിലയിൽ തളക്കുകയും ബഹ്റൈനെ തോൽപിക്കുകയും ചെയ്തതോടെ ആരാധക മനസ്സുകളിലേക്ക് ടീം തിരികെ എത്തിയിരുന്നു. തോൽവിയിൽ നിരാശ ഉണ്ടെങ്കിലും മികച്ച കളി പുറത്തെടുത്ത ഒമാൻ ഭാവിയിൽ ഒട്ടേറെ നേട്ടങ്ങൾ കൈയടക്കും എന്നുമാണ് ബദർ അൽ ബലൂഷി എന്ന ആരാധകൻ മത്സരശേഷം അഭിപ്രായപ്പെട്ടത്.
കോവിഡ് മഹാമാരിയുടെ ഭീതി ഒഴിഞ്ഞ ഉടൻ ഒമാനെ സംബന്ധിച്ച് തിരക്കു പിടിച്ച സീസണായിരുന്നു ലോകകപ്പ്. ഏഷ്യൻ പ്രാഥമിക യോഗ്യത റൗണ്ട്, അറേബ്യൻ കപ്പ് യോഗ്യത റൗണ്ടിനും ശേഷം കഴിഞ്ഞ ഏതാനും മാസങ്ങൾ ഏറെ തിരക്കേറിയതായിരുന്നു.
ഇനി ഒമാനെ സംബന്ധിച്ച് പ്രധാന ടൂർണമെൻറുകൾ എന്ന് പറയുന്നത് 2023ലെ ചൈനയിൽ നടക്കുന്ന ഏഷ്യൻ കപ്പും അതേവർഷം ഇറാഖിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പും ആണ്. അതിനിടെ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ നാല് കളികൾ ബാക്കിയുണ്ട്. ആദ്യ മത്സരം ജനുവരി 27ന് സൗദി അറേബ്യക്കെതിരെയും ഫെബ്രുവരി ഒന്നിന് മസ്കത്തിൽ ആസ്ത്രേലിയക്കെതിരെയുമാണ്. പ്രധാന അന്തർദേശീയ മത്സരങ്ങൾക്ക് മുമ്പ് ഒട്ടേറെ സമയമുള്ളതിനാൽ ടീമിന് സജ്ജമാകാൻ സമയം ലഭിക്കും. അതിനിടക്ക് ടീമിലേക്ക് ഒട്ടേറെ പുതുമുഖങ്ങളും കടന്നു വരാൻ സാധ്യത ഏറെയാണ്.
നിലവിലെ കോച്ച് ബ്രാൻകോ ഇവൻകോവിക്കിനു കീഴിൽ ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് എങ്കിലും പുതിയൊരു കോച്ച് വരുമോ എന്ന് കണ്ടറിയണം. അതേസമയം 2023 ഏഷ്യൻ കപ്പിന് മുമ്പ് അതിനുള്ള സാധ്യത തള്ളിക്കളയാനും പറ്റില്ല. ഒമാൻ ടീമിലെ പുത്തൻ വാഗ്ദാനങ്ങളായ പല കളിക്കാർക്കും വിദേശ ക്ലബുകളിലേക്കുള്ള വാതിൽ തുറന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ അതിെൻറ വിശദമായ ചിത്രം പുറത്തു വരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.