കാഫ നാഷന്‍സ് കപ്പിന് ഇന്ന് തുടക്കം; പുതുകുതിപ്പിനൊരുങ്ങി റെഡ് വാരിയേഴ്സ്
text_fieldsഒമാൻ താരങ്ങൾ തുർക്കിയയിൽ പരിശീലനത്തിൽ
മസ്കത്ത്: സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന് (കാഫ) നാഷന്‍സ് കപ്പിന് വെള്ളിയാഴ്ച തുടക്കമാകുമ്പോൾ പുത്തൻ കുതിപ്പിനുള്ള ഒരുക്കത്തിലാണ് ഒമാൻ. ശനിയാഴ്ച വൈകീട്ട് 6.30ന് ഉസ്ബകിസ്താനിലെ ബുന്യോദ്കോർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരാണ് ഒമാന്റെ എതിരാളികൾ. ഉദ്ഘാടനദിനമായ വെള്ളിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ഇറാൻ അഫ്ഗാനിസ്താനെയും രണ്ടാം മത്സരത്തിൽ ഇന്ത്യ തജികിസ്താനെയും നേരിടും.
പുതുതായി ചുമതലയേറ്റ പരിശീലകന് കാര്‍ലോസ് ക്വിറോസിന്റെ കീഴിലുള്ള ആദ്യ മത്സരത്തിനാണ് റെഡ് വാരിയേഴ്സ് ശനിയാഴ്ച ഇറങ്ങുക. മസ്കത്തിലെ ആഭ്യന്തര ക്യാമ്പ് പൂർത്തിയാക്കി തുർക്കിയയിൽ ടീം പരിശീലനം നടത്തിവരുകയായിരുന്നു. ഇവിടെ നിന്നാണ് ടീം ടൂർണമെന്റിനായി തിരിച്ചത്.
താരങ്ങളുടെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞുള്ള പരിശീലനമുറകളായിരുന്നു കോച്ച് താരങ്ങൾക്ക് നൽകിയിരുന്നത്.
ലോകകപ്പ് യോഗ്യതയടക്കമുള്ള വമ്പൻ മത്സരങ്ങളാണ് ഇനി റെഡ് വാരിയേഴ്സിന് മുന്നിലുള്ളത്. അതുകൊണ്ടുന്നെ ആ വമ്പൻപോരാട്ടത്തിനുള്ള മുന്നൊരുക്കമായാണ് ഒമാൻ കാഫ നാഷന്‍സ് കപ്പിനെ കാണുന്നത്. തജികിസ്താന്‍, ഉസ്ബകിസ്താന്‍ എന്നിവിടങ്ങളിലായാണ് ഇത്തവണ ടൂര്‍ണമെന്റ് അരങ്ങേറുന്നത്. എട്ട് രാജ്യങ്ങള്‍ ഭാഗമാകുന്ന ടൂര്‍ണമെന്റില്‍ ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി അണിനിരക്കും. ഗ്രൂപ് എയില്‍ ശക്തര്‍ക്കൊപ്പമാണ് ഒമാന്‍. ഉസ്ബകിസ്താന്‍, കിര്ഗിസ്താന്, തുര്ക്മെനിസ്താന് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. ഇന്ത്യ, തജികിസ്താന്‍, ഇറാന്, അഫ്ഗാനിസ്ഥാന് എന്നിവർ ഗ്രൂപ് ബിയിലും അണിനിരക്കും.
സെപ്റ്റംബര്‍ രണ്ടിന് ഒമാൻ കിര്‍ഗിസ്താനെയും അഞ്ചിന് തുര്‍ക്മെനിസ്താനെയും നേരിടും. സെപ്റ്റംബര്‍ എട്ടിന് ഗ്രൂപ് എയിയും ബിയിലെയും ഒന്നാം സ്ഥാനക്കാര്‍ ഫൈനലില്‍ ഏറ്റുമുട്ടും. ഇരു ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനത്തിനായി കളത്തിലിറങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.