കാഫ നാഷന്‍സ് കപ്പ്, ലോകകപ്പ് യോഗ്യത; റെഡ്വാരിയേഴ്സിന്റെ പരിശീലന ക്യാമ്പിന് തുടക്കം
text_fieldsഒമാൻ ദേശീയ ഫുട്ബാൾ ടീമിന്റെ ആഭ്യന്തര പരിശീലന ക്യാമ്പിന് സീബ് സ്റ്റേഡിയത്തിൽ തുടക്കമായപ്പോൾ
മസ്കത്ത്: പുതിയ കോച്ച് കാർലോസ് ക്വിറോസിന് കീഴിൽ പുത്തൻ കുതിപ്പിനൊരുങ്ങി റെഡ്വാരിയേഴ്സ്. ഒമാൻ ദേശീയ ഫുട്ബാൾ ടീമിന്റെ ആഭ്യന്തര പരിശീലന ക്യാമ്പിന് കഴിഞ്ഞദിവസം സീബ് സ്റ്റേഡിയത്തിൽ തുടക്കമായി. വരാനിരിക്കുന്ന കാഫ നാഷന്‍സ് കപ്പ്, ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ എന്നിവക്ക് മുന്നോടിയായാണ് ക്യാമ്പ്. ക്യാമ്പിനുള്ള ടീമിനെ ദിവസങ്ങൾക്കുമുമ്പ് കോച്ച് പ്രഖ്യാപിച്ചിരുന്നു. ഇവർ മുഴുവൻപേരും പരിശീലനത്തിന് എത്തിയിരുന്നു. പരിചയസമ്പന്നതക്കൊപ്പം പുതുമുഖങ്ങൾക്കും പ്രധാന്യം നൽകിയുള്ളതാണ് ടീം.
പുതിയ ചുമതല ഏറ്റെടുത്തശേഷം കോച്ച് കാർലോസ് ക്വിറോസ് വിവിധ പ്രാദേശിക ക്ലബ് മത്സരങ്ങൾ കാണാൻ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടീം പ്രഖ്യാപിച്ചത്. പരിശീലനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നവർക്ക് ദേശീയ ടീമിൽ ഇടം പിടിക്കാനാവും. ഓരോ താരങ്ങളെയും പ്രത്യേകം പരിഗണിച്ചാണ് പരിശീലനം ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകകപ്പ് യോഗ്യതയടക്കമുള്ള വമ്പൻ മത്സരങ്ങളാണ് ഇനി റെഡ് വാരിയേഴ്സിന് മുന്നിലുള്ളത്. സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബാള്‍ അസോസിയേഷന് (കാഫ) സംഘടിപ്പിക്കുന്ന നാഷന്‍സ് കപ്പ് ടൂര്‍ണമെന്റാണ് വരാനുള്ള പ്രധാന മത്സരം. തജീകിസ്താന്, ഉസ്ബകിസ്താന്‍ എന്നിവിടങ്ങളിലായാണ് ടൂര്‍ണമെന്റ്. എട്ട് രാജ്യങ്ങള്‍ ഭാഗമാകുന്ന ടൂര്‍ണമെന്റില്‍ ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി അണിനിരക്കും. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെയാണ് നാഷന്‍സ് കപ്പ്.
ഗ്രൂപ് എയില്‍ ശക്തര്‍ക്കൊപ്പമാണ് ഒമാന്‍. ഉസ്ബകിസ്താന്‍, കിര്ഗിസ്താന്, തുര്ക്മെനിസ്താന് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. തജീകിസ്താന്, ഇറാന്, അഫ്ഗാനിസ്താന്, മലേഷ്യ എന്നീ രാജ്യങ്ങള്‍ ഗ്രൂപ് ബിയിലും അണിനിരക്കും. ആഗസ്റ്റ് 30ന് ഉസ്ബകിസ്താനെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. തുടര്‍ന്ന് സെപ്റ്റമബര്‍ രണ്ടിന് കിര്‍ഗിസ്താനെയും അഞ്ചിന് തുര്‍ക്മെനിസ്താനെയും നേരിടും. സെപ്റ്റംബര്‍ എട്ടിനാണ് ഫൈനല്‍ പോരാട്ടം. ഗ്രൂപ് എയിയും ബിയിലെയും ഒന്നാം സ്ഥാനക്കാര്‍ ഫൈനലില്‍ ഏറ്റുമുട്ടും. ഇരു ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനത്തിനായി കളത്തിലിറങ്ങും.
അതേസമയം, ലോകകപ്പ് യോഗ്യത നേടാനുള്ള സുവർണാവസരമാണ് ടീമിന് മുന്നിലുള്ളതെന്ന് കഴിഞ്ഞദിവസം നടത്തിയ വാർത്തസമ്മേളനത്തിൽ കാർലോസ് ക്വിറോസ് വ്യക്തമാക്കിയിരുന്നു എന്നാൽ, ഇത്തരമൊരു നാഴികക്കല്ല് കൈവരിക്കുന്നതിന് എല്ലാ പങ്കാളികളിൽനിന്നും കൂട്ടായ പ്രതിബദ്ധത ആവശ്യമാണ്.ഇതൊരു പ്രധാനപ്പെട്ട ദൗത്യമാണെന്ന് എല്ലാവരും മനസ്സിലാക്കണം, കളിക്കാർ, ക്ലബുകൾ, മാനേജർമാർ, ഉദ്യോഗസ്ഥർ എന്നിങ്ങനെ എല്ലാവരുടെയും പരിശ്രമങ്ങൾ സംയോജിപ്പിക്കണം. ഒമാന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു അവസരമാണിത്. സ്വപ്നം സാക്ഷാത്കരിക്കാൻ നമ്മൾ ഇത് ഉപയോഗപ്പെടുത്തണം. ലോകകപ്പ് യോഗ്യതക്കുള്ള ഊർജവും വിഭവങ്ങളും സമാഹരിക്കുന്നതിനാണ് ഇപ്പോൾ മുൻഗണന. ഒക്ടോബറിനുശേഷം, ഒമാനി ഫുട്ബാളുമായി എങ്ങനെ മുന്നേറാമെന്നതിനെക്കുറിച്ചുള്ള പദ്ധതി അവതരിപ്പിക്കുമെന്നും കോച്ച് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഉസ്ബകിസ്ഥാനിൽ നടക്കുന്ന സെൻട്രൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ദേശീയ ടീം തുർക്കിയയിൽ പരിശീലന ക്യാമ്പ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.അഹമ്മദ് അൽ കഅബി, ഗാനിം അൽ ഹബാഷി അബ്ദുൽമാലിക്ക് അൽ ബദ്രി, ഫൈസ് അൽ റുഷൈദി, ഇബ്രാഹിം അൽ മുഖൈനി, നയിഫ് ബെയ്ത്ത് സാബിൻ, ജുമാ അൽ ഹബ്സി, അംജദ് അൽ ഹാർത്തി, തുർക്കി ബെയ്റ്റ് റാബിയ, താനി അൽ റുഷൈദി, ഹതീം അൽ റുഷാദി, ഹാരിബ് അൽ സാദി, അഹദ് അൽ മഷൈഖി, സമീർ അസീസ് അൽ ഹാത്മി, ഹ്മൂദ് അൽ മുഷൈഫ്രി, മുഹമ്മദ് അൽ ഗഫ്രി, ജമീൽ അൽ യഹ്മാദി, ഹുസൈൻ അൽ ഷഹ്രി, മുസാബ് അൽ മമാരി, സുൽത്താൻ അൽ മർസുഖ്, അൽമന്ദർ അൽ അലവി, അഹമ്മദ് അൽ റിയാമി, മുഹമ്മദ് അൽ ഗഫ്രി, മുഹമ്മദ് ബൈത്ത് സുബീയ, ഉസാമ ബൈത്ത് സമീർ, ഹമദ് അൽ നുഐമി എന്നിവരാണ് ആഭ്യന്തര പരിശീലന ക്യാമ്പിൽ ഉൾപ്പെട്ടിരിക്കുന്ന താരങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.