ഹജ്ജ് തീർഥാടകർക്ക് സമഗ്ര സേവനങ്ങൾ; സൗദിയുമായി കൈകോർത്ത് ഒമാൻ
text_fieldsമസ്‌കത്ത്: 1448 ഹിജ്റ വർഷത്തെ ഹജ്ജ് തീർഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്കായി ഒമാനും സൗദി അറേബ്യയും കരാറിൽ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ ഒമാൻ മതകാര്യ മന്ത്രാലയവും സൗദി ഹജ്ജ്, ഉംറ മന്ത്രാലയവും തമ്മിലാണ് കരാർ ഒപ്പിട്ടത്.ഒമാനെ പ്രതിനിധീകരിച്ച് മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ മഅ്മരിയും സൗദിയെ പ്രതിനിധീകരിച്ച് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅയുമാണ് കരാറിൽ ഒപ്പുവെച്ചത്.
ഒമാനിൽനിന്ന് ഹജ്ജിന് പോകുന്ന സ്വദേശികളുടെയും അനുമതി ലഭിച്ച പ്രവാസികളുടെയും തീർഥാടന നടപടികൾ സുഗമമാക്കുകയാണ് കരാറിന്റെ ലക്ഷ്യം. സൗദി അധികൃതർ അംഗീകരിച്ച ചട്ടങ്ങളും നിർദേശങ്ങളും അനുസരിച്ചായിരിക്കും ക്രമീകരണങ്ങൾ. തീർഥാടകരുടെ വിവരങ്ങൾ ‘നുസുക് മസാർ’ പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
താമസം, യാത്ര, ഭക്ഷണം, പുണ്യസ്ഥലങ്ങളിലെ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര സേവന പാക്കേജിന്റെ കരാർ നടപടികളും ഏകോപിപ്പിക്കും. തീർഥാടകരെ നിശ്ചിത പദ്ധതികളും സമയക്രമവും യാത്രാമാർഗങ്ങളും അനുസരിച്ച് സംഘങ്ങളായി ക്രമീകരിക്കുക, സൗദിയിലെ വിമാനത്താവളങ്ങൾ വഴിയുള്ള വരവ്, മടക്കയാത്ര എന്നിവ ഏകോപിപ്പിക്കുക തുടങ്ങിയ കാര്യങ്ങളും കരാറിന്റെ ഭാഗമാണ്.
അതേസമയം, 1447 ഹിജ്റ വർഷത്തെ ഹജ്ജ് സേവനങ്ങളിലെ മികവിന് ഒമാൻ മതകാര്യ മന്ത്രാലയത്തിന് ‘ലബ്ബൈത്തും’ എക്സലൻസ് പുരസ്കാരം ലഭിച്ചിരുന്നു. ജിദ്ദയിൽ നടക്കുന്ന ഹജ്ജ് പ്രദർശനത്തിൽ പ്രത്യേക സ്റ്റാളിലൂടെ ഒമാൻ മന്ത്രാലയം സേവന നേട്ടങ്ങളും പുതിയ പദ്ധതികളും അവതരിപ്പിക്കുന്നുണ്ട്.

