വി.എസിന്റെ ജ്വലിക്കുന്ന ഓർമകളുമായി പ്രവാസികൾ
text_fieldsമസ്കത്ത്: പ്രിയ നേതാവ് വി.എസ് അച്യുതാനന്ദന്റെ ജ്വലിക്കുന്ന ഓർമകളിൽ ഒമാനിലെ മലയാളി പ്രവാസികളും. ആദ്യമായിട്ടും അവസാനമായിട്ടും 2000ലാണ് വി.എസ് മസ്കത്തിലെത്തുന്നത്.
അഞ്ചുദിവസം നീണ്ടുനിന്ന പരിപാടികളിലായി അദ്ദേഹം പ്രവാസികളുമായി അടുത്ത ഇടപഴകുകയും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്തുവെന്ന് അന്നത്തെ കൈരളി ഒമാൻ ജനറൽ സെക്രട്ടറിയും നിലവിൽ എൻ.ആർ.ഐ കമീഷൻ അംഗവും ലോക കേരളസഭ സ്റ്റാൻഡിങ് കമ്മിറ്റിയംഗവുമായ പി.എം. ജാബിർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
2000ൽ മസ്കത്തിൽ നൽകിയ സ്വീകരണത്തിൽ വി.എസ്. അച്യുതാനന്ദന് അന്നത്തെ കൈരളി
ഒമാൻ ജനറൽ സെക്രട്ടറിയായിരുന്ന പി.എം. ജാബിർ പുരസ്കാരം സമർപ്പിക്കുന്നു
റൂവി സി.ബി.ഡിയിലുള്ള ബവാന്റെ ഓഡിറ്റോറിയത്തിൽ നൽകിയ പൗര സ്വീകരണത്തിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ഈ പരിപാടിയിൽ സുബ്രഹമണ്യപോറ്റിയുടെ പേരിലുള്ള അവാർഡ് അദ്ദേഹത്തിന് സമർപ്പിക്കാൻ കഴിഞ്ഞത് ഇപ്പോഴും അഭിമാനം നൽകുന്ന കാര്യമാണെന്ന് ജാബിർ പറഞ്ഞു. സുഹാർ, സീബ്, സലാല ഉൾപ്പെടെ ഒമാന്റെ വിവിധ സ്ഥലങ്ങളിൽ അദ്ദേഹത്തിന് സ്വീകരണം നൽകുകയും ചെയ്തു. ഇതിൽ എടുത്തുപറയേണ്ടത് നിസവയിൽനിന്ന് മുദൈബിയിലേക്ക്പോകുന്ന വഴിയിലുള്ള അൽക്കല എന്ന സ്ഥലത്ത് നൽകിയ സ്വീകരണമാണ്. ഇവിടെ നിർമാണ തൊഴിലാളികളുൾപ്പെടെ സാധാരണക്കാരായ പ്രവാസികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായിരുന്നു. ഇവിടെയെത്തിയ പ്രിയ നേതാവിനെ ആ വേശത്തോടെയായിരുന്നു ഓരോ തൊഴിലാളികളും വരവേറ്റിരുന്നത്.
76 വയസ്സിലും വളരെ ചുറുചുറുക്കോടെയാണ് ഓരോ സ്വീകരണത്തിലും പങ്കെടുത്തിരുന്നത്. ഇവിടുന്നുപോയതിനുശേഷവും അദേഹവുമായുള്ള ബന്ധം തുടരുകയും പ്രവാസികളുടെ ഓരോകാര്യങ്ങളും ചോദിച്ചറിയുകയും ചെയ്തിരുന്നു.
പ്രവാസി ക്ഷേമനിധി നടപ്പിലായക്കിപ്പോൾ അതിലേക്ക് ആളുകളെ ചേർക്കുന്നതടക്കമുള്ള കാര്യങ്ങൾ അദ്ദേഹം വിളിച്ചു പറയുകയും ചെയ്തിരുന്നുവെന്ന് ജാബിർ പറഞ്ഞു. വി.എസ് 2006ൽ മുഖ്യമന്ത്രിയായതിനുശേഷമാണ് പ്രവാസി ക്ഷേമ നിധി ബോർഡ് നിലവിൽവരുന്നത്. എസിന്റെ നിര്യാണത്തിൽ വിവിധ പ്രവാസി സംഘടനകൾ അനുശോചിച്ചു.
വി.എസിന് സലാലയിൽ നൽകിയ സ്വീകരണം
സാധാരണക്കാരുടെയും നേതാവ് -മസ്കത്ത് കെ.എം.സി.സി
തൊഴിലാളി പ്രസ്ഥാനങ്ങളുടെയും സാധാരണക്കാരുടെയും നേതാവായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദനെന്ന് മസ്കത്ത് കെ.എം.സി.സി പ്രസിഡന്റ് അഹമ്മദ് റഹീസ് പ്രസ്താവനയിൽ പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ അധസ്ഥിത വിഭാഗങ്ങൾക്കിടയിൽ ഏറ്റവും സ്വാധീനം ചെലുത്തിയ രാഷ്ട്രീയ നേതാവ് എന്ന ഖ്യാതി ഒരിക്കലും മായ്ക്കാൻ കഴിയാത്തതാണ്. അദ്ദേഹത്തിന്റെ വിയോഗത്തോടെ അസ്തമിക്കുന്നത് ഒരു യുഗം തന്നെയാണ്.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ദുഖം രേഖപ്പെടുത്തുന്നു.
സാമൂഹ്യനീതിക്കായി പോരാടിയ നേതാവ് -ഇൻകാസ് ഒമാൻ
വി. എസ് അച്യുതാനന്ദന്റെ വേർപാടിലൂടെ കേരള രാഷ്ട്രീയത്തിലെ ഒരു യുഗം അവസാനിച്ചിരിക്കുകയാണെന്ന് ഇൻകാസ് ഒമാൻ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജിജോ കടന്തോട്ട് പ്രസ്താവനയിൽ പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രമുഖരായ നേതാക്കളിൽ ഒരാളായി തൊഴിലാളികളുടെയും പീഡനമനുഭവിക്കുന്നവരുടെയും ശബ്ദമായാണ് അദ്ദേഹം ജീവിതം ചെലവഴിച്ചത്. സാമൂഹ്യനീതിക്കായുള്ള അദ്ദേഹത്തന്റെ കാർക്കശ്യം നിറഞ്ഞ നിലപാടുകളും വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളും ഏവരുടെയും സ്നേഹാദരവുകൾ നേടിയിട്ടുണ്ട്.
രാഷ്ട്രീയ നിലപാടുകൾ വ്യത്യസ്തമായിരുന്നാലും അദ്ദേഹത്തിന്റെ ഉദ്ദേശ്യ ശുദ്ധിയിലും അഴിമതിയില്ലാത്ത ജീവിതത്തിലും സംശയമുണ്ടായിരുന്നില്ല. വിശ്വാസങ്ങളിൽ ഉറച്ചുനിലൽക്കുന്ന കാരണവരായും സമരത്തിന്റെ വഴിയിലൂടെ ജീവിച്ച ജനനേതാവായും കേരളം എന്നും അദ്ദേഹത്തെ സ്മരിക്കമെന്നും അദേഹം പറഞ്ഞു.
ജനകീയ വിഷയങ്ങളില്‍ മുന്നിൽനിന്ന നേതാവ്- ഇന്ത്യന്‍ മീഡിയ ഫോറം
രാഷ്ട്രീയ കേരളത്തിന്റെ ജ്വലിക്കുന്ന ഓര്‍മയാണ് വി.എസ് അച്യുതാനന്ദനെന്ന് ഇന്ത്യന്‍ മീഡിയ ഫോറം ഒമാന്‍ അനുസ്മരിച്ചു. ജനകീയ വിഷയങ്ങളിലെന്നും മുന്നില്‍ നിന്നിരുന്ന വി.എസ് തന്റെ രാഷ്ട്രീയ ജീവിതത്തെ സ്വന്തം പാര്‍ട്ടിക്കപ്പുറത്തേക്കും പ്രസക്തിയുള്ളതാക്കി മാറ്റി. ജനങ്ങളുടെ ഇടയില്‍ ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച നേതാവിന് കേരളത്തിന്റെ ആകെ പ്രതീക്ഷയുടെ മുഖമായി മാറാന്‍ സാധിച്ചു. സാധാരണക്കാരന്റെ ശബ്ദമായി ഇത് മാറുകയും ചെയ്തു.
പ്രവാസി വിഷയങ്ങളില്‍ നിരന്തരം ഇടപെടുകയും സാന്ത്വനം പകരുകയും ചെയ്ത വി.എസിന്റെ കാലത്ത് മലയാളം മിഷന് ഉള്‍പ്പെടെ സംവിധാനങ്ങള്‍ക്ക് മികച്ച അടിത്തറ പാകുകയും ചെയ്തു. വി.എസ് എന്ന അതികായന് നടന്നു മറയുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ അവസാനിക്കുന്നത് ഐതിഹാസികമായ ഒരു കാലം കൂടിയാണെന്നും മീഡിയ ഫോറം ഭാരവാഹികള്‍ അനുസ്മരണ കുറിപ്പില്‍ പറഞ്ഞു.
സമരാഗ്നി അണഞ്ഞു -കൈരളി ഒമാൻ
സഖാവ് വി. എസ്. അച്യുതാനന്ദൻറെ നിര്യാണം തൊഴിലാളിവർഗ-പുരോഗമന പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണെന്ന് കൈരളി ഒമാൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു. ജന്മികളുടെ നേതൃത്വത്തിലുള്ള ഗുണ്ടായിസംകൊണ്ട് പൊറുതിമുട്ടിയ കേരള ജനതയുടെ ജീവിതത്തിനിടയിലേക്കാണ് സഖാവ് പി. കൃഷ്ണപിള്ള 40കളുടെ ആദ്യ പാദത്തിൽ കുട്ടനാടിലെ കർഷക തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് വി.എസിനെ പോരാട്ട വേദിയിലേക്ക് ആനയിക്കുന്നത്. തുടർന്ന് പുന്നപ്ര വയലാർ സമരത്തിന്റെ മുന്നണി പോരാളി എന്നതടക്കം എട്ട് പതിറ്റാണ്ടിലേറെ നീളുന്ന സമരതീക്ഷണമായ ജീവിതത്തിനാണ് തിരശ്ശീല വീഴുന്നത്.
സാമൂഹ്യ പുരോഗതിയിലൂന്നി ജനകീയ വികസന കാഴ്ചപ്പാടുകൾ മുൻനിർത്തി പാർട്ടി അംഗമെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നയിച്ച സമര പോരാട്ടങ്ങൾ കേരളജനത എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുമെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ ലോകത്തിന്റെ നാനാകോണിലുമുള്ള മനുഷ്യസ്നേഹികൾക്കും പുരോഗമന പ്രസ്ഥാങ്ങൾക്കുമൊപ്പം കൈരളി ഒമാനും അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
മലയാളം മിഷന്റെ ചാലകശക്തി -മലയാളം മിഷൻ ഒമാൻ
വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ മലയാളം മിഷൻ ഒമാൻ അനുശോചനം രേഖപ്പെടുത്തി. 2009ൽ മുഖ്യമന്ത്രി ആയിരുന്ന വി.എസ് ആണ് മലയാളം മിഷന് ഉദ്ഘാടനം ചെയ്യുകയും എല്ലാ പ്രവാസി മലയാളികള്‍ക്കുമായി മലയാളം മിഷന് സമര്‍പ്പിക്കുകയും ചെയ്തത്. അതിനും വർഷങ്ങൾക്ക് മുമ്പുതന്നെ മലയാളം മിഷൻ രൂപവത്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുൻകൈയെടുത്തതും അദ്ദേഹത്തന്റെ നേതൃത്വത്തിലായിരുന്നു.
സമരപോരാട്ടങ്ങളുടെ തീച്ചൂളയിൽ ആണ്ടു മുഴുകുന്ന വേളയിലും മലയാള ഭാഷയും സംസ്കാരവും മുന്നോട്ടു നയിക്കാൻ കെൽപ്പുള്ള സംരംഭമായ മലയാളം മിഷൻ കെട്ടിപ്പടുക്കാൻ ശ്രദ്ധചെലുത്തിയ വി.എസിന്റെ നിര്യാണത്തിൽ അഗാധമായ ദുഖവും അനുശോചനയും അറിയിക്കുന്നതായും മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ പറഞ്ഞു.
പ്രവാസികളുടെ ഉന്നമനത്തിനായി പ്രയത്നിച്ച നേതാവ്-ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിങ്
മുൻ കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെർ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം അനുശോചിച്ചു.
പ്രവാസികളുടെ ഉന്നമനത്തിനായി എന്നും മുൻഗണന നൽകിയിരുന്ന ഭരണാധികാരിയായിരുന്നു വി.എസ്. 2009ൽ വി.എസ് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് പിറന്ന നാടും ബന്ധുജനങ്ങളെയും വിട്ട് മറുനാട്ടിൽ വിയർപ്പൊഴുക്കുന്ന കേരളത്തിലെ പ്രവാസികൾക്കായി കേരള പ്രവാസി ക്ഷേമ നിയമം നിലവിൽ വന്നതും പ്രവാസി ക്ഷേമനിധി പെൻഷൻ കൊണ്ടുവന്നതും. വി.എസ് എന്ന രണ്ടക്ഷരം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കുടിയേറിയ മനുഷ്യസ്നേഹിയായ നേതാവിനെയാണ് നഷ്ടപ്പെട്ടത്.
പ്രിയപ്പെട്ട നേതാവിന്റെ നിര്യാണത്തിൽ കേരള വിഭാഗം അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായി മാനേജ്മെന്റ് കമ്മിറ്റി വാർത്താക്കുറിപ്പിലൂടെടെ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.