ഇന്ത്യൻ രൂപയുടെ മൂല്യശോഷണം ആശ്വാസമോ?
text_fieldsകഴിഞ്ഞ കുറേ നാളുകളായി ഇന്ത്യൻ രൂപ അമേരിക്കൻ ഡോളറിനെ അപേക്ഷിച്ചു മൂല്യം കുറഞ്ഞു വരുകയാണ്. പൊതുവെ വിദേശ ഇന്ത്യക്കാർക്കും ഇന്ത്യൻ കയറ്റുമതിക്കാർക്കും ഇത് സന്തോഷമുള്ള കാര്യമാണ്. എന്തെന്നാൽ അവർക്കു കിട്ടുന്ന പണത്തിനു കൂടുതൽ മൂല്യം കിട്ടുന്നു എന്നുള്ളതാണതിനു കാരണം. പ്രവാസികളെ സംബന്ധിച്ചിടത്തോളം, ഈ അധിക പണം അവരുടെ ബാധ്യതകൾ തീർക്കാൻ ഉപയോഗപ്പെടുത്തുന്നുണ്ട് . എന്നാൽ എന്താണിതിന്റെ മറുവശം.
ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ വലിയ അളവുവരെ എണ്ണ ഇറക്കുമതിക്ക് വേണ്ടി ധാരാളം വിദേശ നാണ്യം ചിലവാക്കുന്നുണ്ട് . എണ്ണക്ക് പുറമെ സ്വർണം , ഇലക്ട്രോണിക് ഉപകരണങ്ങൾ, ഇന്ത്യൻ പ്രധിരോധ മന്ത്രാലയത്തിന്റെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഇറക്കുമതികൾ തുടങ്ങി ധാരാളം വിദേശ നാണ്യം കൊടുക്കേണ്ടതായി വരുന്നു. കയറ്റുമതിക്ക് കൂടതൽ മൂല്യം കിട്ടുമ്പോൾ, ഇറക്കുമതി വളരെ ചിലവേറിയതാകുന്നു.
ഇന്ന് ഇന്ത്യയിൽ നിന്നും ധാരാളം കുട്ടികൾ വിദേശത്തു പഠിക്കുന്നുണ്ട് . വാർഷിക ഫീസ്, താമസം ഉൾപ്പടെയുള്ള ചിലവുകൾ വിദേശ നാണ്യത്തിൽ കൊടുക്കേണ്ടത് കൊണ്ട് അവർക്കു ഇത് അധിക ബാധ്യതയാകുന്നു. മുൻകാലങ്ങളെ അപേക്ഷിച്ചു ഇന്ത്യക്കാർ, പ്രത്യേകിച്ചു കേരളിയർ ധാരാളം വിദേശത്തു വിനോദ യാത്രകൾ നടത്താറുണ്ട് . ഇനി മുതൽ ഇതും ചിലവേറും.
വ്യക്തികൾക്ക് മാത്രമല്ല, വ്യവസായികൾ ധാരാളം വായ്പകൾ വിദേശ നാണ്യത്തിൽ എടിത്തിട്ടുണ്ട്. ഇതിന്റെ പലിശയുടെയും മുതലിന്റെയും തിരിച്ചടവ് അധിക ബാധ്യതയായി മാറിയിട്ടുണ്ട്. അതുകൊണ്ടു അവർ കൂടൽ പണം ഇതിനുവേണ്ടി കണ്ടത്തേണ്ടി വരും എന്നത് വസ്തുതയാണ്. ഇതും അവസാനമായി ഉപഭോക്താക്കളുടെ ചുമലിലേക്ക് വരും.
ഇന്ത്യൻ ഇറക്കുമതിയുടെ ചെലവ് കൂടുന്നതു കൊണ്ടുള്ള അധിക ബാധ്യത അവസാനമായി ഉപഭോക്താകളിലേക്കു പോകുന്നതുകൊണ്ടു സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വിലക്കയറ്റം ദുസ്സഹമാകും എന്നത് ഒരു ചെറിയ കാര്യമല്ല. വ്യക്തികളും, വ്യവസായികളും മാത്രമല്ല രാജ്യത്തിനു പോലും ഇത് നല്ലതല്ല. രാജ്യങ്ങളുടെ അന്താരാഷ്ട്ര കടം മിക്കവാറും ഡോളറിൽ ആയിരിക്കുന്നതു കൊണ്ടു പലിശയുടെയും മുതലിന്റെയും തിരിച്ചടവും ചിലവേറും. രാജ്യത്തിനകത്തുനിന്ന് തന്നെ വിഭവ സമാഹരണം നടത്തി ഇതിനുള്ള അധിക ബാധ്യത കണ്ടെത്തണം. ഇത് പല വികസന പ്രവത്തനങ്ങളെയും ബാധിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. ഒരു വശത്തു അധിക വിഭവ സമാഹരണവും മറു ഭാഗത്തു കൂടുന്ന വിലക്കയറ്റവും, ഇവ രണ്ടും സർക്കാരിനെ സംബന്ധിച്ചു വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട് .
ലോക കമ്പോളത്തിൽ ധാരാളം പരിചയ സമ്പന്നരായ വിദഗ്ദ്ധ ജോലിക്കാരെ ആവശ്യമുണ്ട് നിലവിൽ ഇന്ത്യക്കു ഇത്തരം മനുഷ്യ ശേഷി കൊടുക്കാനുമുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 35 ദശ ലക്ഷം ഭാരതീയരാണ് വിദേശങ്ങളിൽ ഉള്ളത് .ആയതിനാൽ വിവിധ തൊഴിൽ അധിഷ്ഠിതമായ പഠന സൗകര്യങ്ങൾ ഒരുക്കി, പ്രാപ്തരാക്കി ഇവരെ വിദേശത്തേക്ക് അയച്ചു ധാരാളം വിദേശ നാണ്യം ഇന്ത്യയിലേക്ക് അയക്കുക എന്നതാണ് ഒരു മാർഗം. കഴിഞ്ഞ വർഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ റിപ്പോർട്ട് ഓൺ കറൻസി ആൻഡ് ഫിനാൻസ് പ്രകാരം, 2029 യോടെ ഏകദേശം 160 ബില്യൺ അമേരിക്കൻ ഡോളറാണ് കേന്ദ്ര സർക്കാർ ഈ ഇനത്തിൽ പ്രതീഷിക്കുന്നതു.
2024ൽ വിദേശ ഇന്ത്യക്കാർ നാട്ടിലേക്കു അയച്ചത് ഏകദേശം 129 ബില്യൺ അമേരിക്കൻ ഡോളറിനു സമാനമായ തുകയാണ് . ഇങ്ങനെ വിദേശ നാണ്യം ശേഖരിക്കുന്നതിനോടൊപ്പം, പല മേഖലകളിലും ഇന്ത്യ സ്വയം പര്യാപ്തത കൈവരിച്ച് ഇറക്കുമതി കുറക്കുകയും ഒപ്പം കയറ്റുമതിക്കു വേണ്ട പ്രോത്സാഹനം നൽകി രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കുറക്കാൻ വേണ്ട സത്വര നടപടികൾ എടുക്കേണ്ടതുമാണ് . രൂപയുടെ മൂല്യം ക്രമാതീമായി ഇടിയാതിരിക്കാൻ ആർ.ബി.ഐ, ധാരാളം ഡോളർ വിറ്റഴിക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ വിദേശ നാണയ ശേഖരത്തെ ബാധിക്കുന്നതുകൊണ്ടു വരും കാലങ്ങളിൽ ഇത്തരം ഇടപെടലുകൾ കുറച്ചു കമ്പോള നിലവാരത്തിന് അനുസൃതമായി ഡോളർ രൂപ നിരക്ക് തീരുമാനിക്കണം.
(ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് അഡ്വൈസറാണ്, ലേഖകൻ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.