ദോഫാറിന്റ പ്രകൃതിയിലേക്ക് വാതിൽ തുറന്ന് പ്രദർശനം
text_fieldsസലാലയിലെ മ്യൂസിയം ഓഫ് ദി ഫ്രാങ്കിൻസെൻസ് ലാൻഡിൽ നടക്കുന്ന ‘ദോഫാർ: എ നാച്ചുറൽ ഹിസ്റ്ററി വണ്ടർ’ എന്ന പ്രദർശനത്തിൽനിന്ന്
സലാല: സലാലയിലെ മ്യൂസിയം ഓഫ് ദി ഫ്രാങ്കിൻസെൻസ് ലാൻഡിൽ ‘ദോഫാർ: എ നാച്ചുറൽ ഹിസ്റ്ററി വണ്ടർ’ എന്ന പേരിലുള്ള പ്രദർശനത്തിന് തുടക്കമായി. മസ്‌കത്തിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെയും ദോഫാർ ഗവർണറേറ്റിലെ മ്യൂസിയം ഓഫ് ദി ഫ്രാങ്കിൻസെൻസ് ലാൻഡിന്റെയും സഹകരണത്തോടെ പൈതൃക-ടൂറിസം മന്ത്രാലയമാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പരിസ്ഥിതി ഏജൻസി ചെയർമാൻ ഡോ. അബ്ദുല്ല അലി അൽ അമ്രിയുടെ മേൽനോട്ടത്തിൽ ആരംഭിച്ച പ്രദർശനം ആഗസ്റ്റ് 31 വരെ നീണ്ടുനിൽക്കും.
ദോഫാറിന്റെ പർവത, സമുദ്ര പരിസ്ഥിതികളെ പ്രദർശിപ്പിക്കുന്ന പരിപാടി, ലോകമെമ്പാടും കാണപ്പെടുന്ന അപൂർവ വന്യജീവികളുടെ വൈവിധ്യവും ഗവർണറേറ്റിലെ വിലായത്തുകളിൽ വളരുന്ന വിവിധ സസ്യങ്ങളും എടുത്തുകാണിക്കുന്നു.
ദോഫാറിന്റെ പ്രകൃതി ചരിത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ ശേഖരവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൈതൃക, ടൂറിസം മന്ത്രാലയം ആരംഭിച്ച പ്രദർശനം പരിസ്ഥിതി സംരക്ഷണ അവബോധം വർധിപ്പിക്കുക, പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുക, എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് വിദ്യാഭ്യാസപരവും വിനോദപരവുമായ ഒരു വേദി നൽകുക എന്നിവയാണ് ലക്ഷ്യമെന്ന് മ്യൂസിയം ഓഫ് ദി ഫ്രാങ്കിൻസെൻസ് ലാൻഡ് ഡയറക്ടർ ഉസാമ മുഹമ്മദ് അൽ റവാസ് പറഞ്ഞു.
മ്യൂസിയത്തിലെ വിവിധ ഹാളുകളിലായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഖരീഫ് സീസണിൽ എല്ലാ സന്ദർശകർക്കും ഈ പ്രദർശനം ഉപയോഗപ്പെടുത്താവുന്നതണെന്നും അദേഹം പറഞ്ഞു. ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഗവർണറേറ്റിന്റെ പങ്ക് സജീവമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഒമാനി ഐഡന്റിറ്റിയെ പിന്തുണക്കുന്നതിനും, പ്രാദേശിക പ്രകൃതി പൈതൃകം രേഖപ്പെടുത്തുന്നതിനും, ശാസ്ത്രീയ ഗവേഷണത്തിനും അക്കാദമിക്, കമ്മ്യൂണിറ്റി സ്ഥാപനങ്ങളുമായുള്ള സഹകരണത്തിനും അവസരങ്ങൾ വളർത്തിയെടുക്കുന്നതിനും പ്രദർശനം സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.