പരിസ്ഥിതി ലംഘനം; ദോഫാറിലെ ഹരിത ഇടങ്ങളിൽ നിർത്തിയിട്ട 226 വാഹനങ്ങൾ നീക്കി
text_fieldsമസ്കത്ത്: ഖരീഫ് സീസണിൽ ദോഫാറിൽ ‘എൻവയൺമെന്റ് പ്രൊട്ടക്ഷൻ’ (പരിസ്ഥിതി സംരക്ഷണ) കാമ്പയിൻ ഊർജിതമാക്കി അധികൃതർ.
പരിസ്ഥിതി അതോറിറ്റി (ഇ.എ), റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി), ദോഫാർ മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്ത പ്രവർത്തനത്തിലൂടെയാണ് കാമ്പയിൻ പുരോഗമിക്കുന്നത്. സീസണിലെ ടൂറിസത്തിലെ കുതിച്ചുചാട്ടത്തിനിടയിലും ഗവർണറേറ്റിന്റെ അതുല്യമായ പച്ചപ്പും ആവാസവ്യവസ്ഥയും സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. കാമ്പയിനിന്റെ ഭാഗമായി ജൂലൈ 25നും 31നും ഇടയിൽ ദോഫാറിലെ വിവിധ സ്ഥലങ്ങളിലെ ഹരിത ഇടങ്ങളിൽ 226 വാഹനങ്ങൾ നീക്കം ചെയ്തു.
നിയന്ത്രിത പ്രദേശങ്ങളിൽ ഓഫ്-റോഡ് ഡ്രൈവിങ് ഉൾപ്പെടുന്ന പരിസ്ഥിതിലംഘനങ്ങൾ കണ്ടെത്തിയതിലാണ് വാഹനങ്ങക്കെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, പരിസ്ഥിതിക്ക് ദോഷം വരുത്തുമെന്നും സന്ദർശകർക്ക് സുരക്ഷാ അപകടങ്ങൾ സൃഷ്ടിക്കുമെന്നും കണ്ടെത്തിയതിനെത്തുടർന്ന് നാല് മൺപാതകൾ അടച്ചു. വെള്ളക്കെട്ടുള്ള ഭൂപ്രദേശങ്ങളിൽ കുടുങ്ങിയ മൂന്ന് വാഹനങ്ങളും ടീമുകൾ കൈകാര്യം ചെയ്തു.
‘പരിസ്ഥിതി സംരക്ഷണം’ എന്ന പേരിൽ പരിസ്ഥിതി അതോറിറ്റി നേരത്തേ ആരംഭിച്ച വിശാലമായ ഒരു സംരംഭത്തിന്റെ ഭാഗമാണ് ഈ കാമ്പയിൻ.
മറ്റ് വിലായത്തുകളിൽ നിലവിലുള്ള എൻഫോഴ്സ്മെന്റ് യൂനിറ്റുകൾക്കുപുറമേ, സലാല, താഖ, മിർബാത്ത് എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളെ പിന്തുണക്കുന്ന നാല് അധിക മോണിറ്ററിങ് ടീമുകളെ വിന്യസിച്ച് ഈ സീസണിൽ കാമ്പയിൻ ശക്തിപ്പെടുത്തിയിട്ടുണ്ട്. മൂന്ന് സ്ഥാപനങ്ങൾക്കിടയിലുള്ള സ്ഥാപനപരമായ സഹകരണം പരിസ്ഥിതിലംഘനങ്ങൾക്കെതിരായ ഫീൽഡ് സന്നദ്ധത വർധിപ്പിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.